കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം ശരിയല്ലെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം :കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് മയക്കു മരുന്നിന്റെ ദുരുപയോഗം കൂടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ നമ്മുടെ സംസ്ഥാനത്ത് ലഹരിവ്യാപനം അത്രകണ്ട് വർധിച്ചിട്ടില്ല.

മയക്കുമരുന്ന് ഉപയോഗിക്കുകയും വിപണനം ചെയ്യുകയും അതിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നത് ആരായാലും, ഏതു സംഘടനയിലെ നേതാവായാലും, ഏതു രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവരായാലും അതിശക്തമായി അപലപിക്കാനും അവരെ തള്ളിപ്പറയാനും നമ്മള്‍ തയാറാകണം.അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും സന്നദ്ധമാകണം.

അവര്‍ ഏതെങ്കിലും ഒരു കക്ഷിയില്‍പ്പെട്ട ആളാണെങ്കില്‍ അത്തരം അക്രമങ്ങളെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും മറച്ചു വയ്ക്കാനോ, എതിര്‍കക്ഷിയില്‍ പെട്ടവരാ‍ണെങ്കില്‍ മാത്രം എതിര്‍ക്കാനോ ശ്രമിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണ്. മയക്കു മരുന്ന് വ്യാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ കൃത്യമായ രാഷ്ട്രീയമുണ്ട്. അതു പക്ഷെ ഇവിടെ ഉന്നയിച്ചതുപോലെയുള്ള കക്ഷിരാഷ്ട്രീയമല്ല.

ഉദാരവത്ക്കരണ കാലത്തെ ആഗോള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. നവലിബറല്‍ നയങ്ങളോടുകൂടി ലോകമാകെ യുവജനതയ്ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന അരാഷ്ട്രീയ – അരാജക നയങ്ങളുടെ പ്രതിഫലനമാണ് മയക്കുമരുന്ന് വ്യാപനത്തിനു പിന്നിലുള്ള രാഷ്ട്രീയം. യുവജനങ്ങളിലെ ക്രിയാത്മകതയും സര്‍ഗ്ഗാത്മകതയും പ്രവര്‍ത്തനശേഷിയും ഊര്‍ജ്ജവും പുരോഗമന ചിന്തയും എല്ലാം നശിപ്പിച്ച്, അവരെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നകറ്റി അരാജകത്വത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ആസൂത്രിതമായ രാഷ്ട്രീയം മയക്കുമരുന്ന് മാഫിയകളുടെ പിന്നിലുണ്ടെന്ന് നാം തിരിച്ചറിയണം.

മയക്കുമരുന്നിലൂടെ പടരുന്നത് ലഹരി മാത്രമല്ല സര്‍ഗ്ഗാത്മകതയുടെയും സക്രിയതയുടെയും തകര്‍ച്ച കൂടിയാണ്. ഇത് നമ്മള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ യുവജനതയും അരാഷ്ട്രീയ അരാജകത്വ സ്ഥിതിയിലേക്ക് ഒഴുകിപ്പോകും.

അധികം ലഹരി മരുന്നുകളും സംസ്ഥാനത്തിന് പുറത്തു നിന്നും സംസ്ഥാനത്തേക്ക് വരുന്നത്. അതിനാൽ അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കുന്നതിനോടൊപ്പം പോലീസ് ഡോഗ്സ്ക്വാഡിന്റെ സേവനവും മയക്കുമരുന്നുകള്‍ കടത്ത് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.

ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത അതിര്‍ത്തി റോഡുകളില്‍ മൊബൈല്‍ പട്രോളിംഗ് യൂനിറ്റുകള്‍ വാഹന പരിശോധന ഊര്‍ജ്ജിതപ്പെടുത്തി. സംസ്ഥാനത്തെ 14 ചെക്ക്പോസ്റ്റുകളില്‍ സി സി ടിവി ക്യാമറ സ്ഥാപിച്ച് പരിശോധനയുടെ സുതാര്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുകൂടാതെ സ്ഥിരമായി അതിര്‍ത്തി റോഡുകളില്‍ വാഹന പരിശോധന ശക്തിപ്പെടുത്തുന്നതിന് മൊബൈൽ യൂനിറ്റ് ഉടന്‍ ആരംഭിക്കും.

മയക്കുമരുന്ന് ഉണ്ടാക്കുന്ന അപകടത്തിന്റെ ഗൗരവം ഒട്ടും കുറച്ചു കാണുന്നില്ല. നമ്മുടെ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പ്പനയും തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ മറുപടി നൽകി.

Tags:    
News Summary - MB Rajesh said that the attempt to establish that Kerala is the capital of drugs is not correct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.