തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാർട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തിൽ പാർട്ടി നിലപാട് ഉയർത്തി പിടിക്കുകയാണ് ചെയ്തത്. പാർട്ടി നിലപാട് കൂടുതൽ ശക്തവും വ്യക്തവുമാണ്. പാർട്ടി നിലപാടാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ വിമർശിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റ് തയാറാക്കി നൽകിയത് താൻ തന്നെയാണെന്നും രാജേഷ് പറഞ്ഞു. മുൻ പോസ്റ്റിൽ ഉറച്ചു നിൽക്കുന്നു. രാജാവിന്‍റെ 'അഭീഷ്ടം' ജനാധ്യപത്യത്തിലില്ലെന്ന് വ്യക്തമാക്കി, ഗവർണറോട് മൂന്ന് കാര്യങ്ങൾ പറഞ്ഞുള്ള എഫ്.ബി പോസ്റ്റ് പിൻവലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എം.ബി.രാജേഷിന്‍റെ വിശദീകരണം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ 'വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കും' എന്ന ട്വീറ്റിന് മറുപടി പറഞ്ഞായിരുന്നു രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചു താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ആരെയും അന്തസോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും രാജേഷ് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ അധിക സമയം കഴിയും മുന്നേ തന്നെ പോസ്റ്റ് മന്ത്രി പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.