തിരുവനന്തപുരം:തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെ ദുർബലപ്പെടുത്താനും അനാവശ്യമായി കൈകടത്താനുമുള്ള കേന്ദ്രസർക്കാർ ശ്രമങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം കേരളം ഏറ്റെടുക്കണമെന്ന് മന്ത്രി എം.ബി രാജേഷ്. വികേന്ദ്രീകൃതാസൂത്രണത്തിന് ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ കേരളാ മോഡലിനെ ദുർബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് കേന്ദ്രം നടത്തുന്നത്.
വളരെ തുച്ഛമായ വിഹിതം തരുന്ന പദ്ധതികള്‍ക്ക് പോലും പ്രധാനമന്ത്രിയുടെ പേര് അടിച്ചേൽപ്പിക്കുന്ന ശ്രമത്തിൽ തുടങ്ങി അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ആശയങ്ങളെപ്പോലും അട്ടിമറിക്കുന്നതിലേക്ക് വരെ നീളുന്നു ഈ നീക്കങ്ങള്‍. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തിയ ശ്രമങ്ങളാകെ പരാജയപ്പെട്ടിട്ടും, പുതിയ മാർഗങ്ങളിലൂടെ ലൈഫ് ഭവനപദ്ധതിയെ തകർക്കാൻ വീണ്ടും ലക്ഷ്യം വെക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ തീരുമാനങ്ങളെയും വ്യവസ്ഥകളെയും പോലും സർക്കാർ ഉത്തരവ് കൊണ്ട് അട്ടിമറിച്ച്, ഫണ്ട് തടഞ്ഞുവെക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും ശ്രമം നടത്തുകയാണ്.
കേന്ദ്രം പറയുന്ന രീതിയിൽ, ആ മുൻഗണനക്ക് അനുസരിച്ച് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും വികസനപദ്ധതികള്‍ രൂപകൽപ്പന ചെയ്യണമെന്ന് പറയുന്ന നിലയിലേക്ക് പോലും ഈ അട്ടിമറിശ്രമം എത്തിക്കഴിഞ്ഞിരിക്കുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെയും എല്ലാ ഭരണഘടനാപരമായ മൂല്യങ്ങളുടെയും കടക്കൽ കത്തിവെക്കുന്ന സമീപനമാണ് കേന്ദ്രം പിന്തുടരുന്നത്. ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവുമായ ഈ നിലപാടുകള്‍ക്കെതിരെ കേരളമാകെ രംഗത്തിറങ്ങണമെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാനും നീക്കം
ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ കേരളമാകെ യോജിച്ച് ചെറുത്തുതോൽപ്പിക്കണം. ഭവനരഹിതരായ എല്ലാവർക്കും അടച്ചുറപ്പുള്ള വീട്ടിൽ അഭിമാനബോധത്തോടെ കഴിയാനാകണം എന്ന ലക്ഷ്യവുമായാണ് എൽ.ഡി.എഫ് സർക്കാർ ലൈഫ് മിഷൻ രൂപകൽപ്പന ചെയ്തത്. നാളിതുവരെ 3,56,108 വീടുകള്‍ ലൈഫ് മിഷനിലൂടെ പൂർത്തിയാക്കി.
വീടുകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഈ സാമ്പത്തിക വർഷം കരാർ വെച്ച 15,518 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ഇതിന് പുറമേ, 1,25,739 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതുരണ്ടും ചേർത്ത് ഈ വർഷം 1,41,257 കുടുംബങ്ങളുടെ വീട് നിർമാണം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
71,861 വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടയിടത്താണ് ഇരട്ടിയോളം വീടുകള്‍ പൂർത്തിയാക്കുകയോ, നിർമാണം പുരോഗമിക്കുകയോ ചെയ്യുന്നത്. 2017 പട്ടികയിൽ ഉള്‍പ്പെട്ട ഭൂമിയുള്ള എല്ലാവർക്കും വീട് ഉറപ്പാക്കിയാണ് 2020ലെ ഗുണഭോക്തൃ പട്ടികയിലേക്ക് നാം കടന്നത്. ഈ പട്ടികയിലുള്ള 71,757 പേർ ഇതിനകം ഭവന നിർമാണം ആരംഭിച്ചു.
പി.എം.എ.വൈ വിഭാഗത്തിൽപ്പെടുന്ന ലൈഫ് ഗുണഭോക്താക്കള്‍ക്ക് തരുന്നത് ചില്ലറ പൈസയാണെങ്കിലും വീടിന് മുൻപിൽ പേരിടണമെന്ന് ശഠിക്കുകയാണ് ഇപ്പോള്‍. അനർഹമായ പ്രചാരണത്തിനായി അൽപ്പത്തം കാട്ടുകയാണ് കേന്ദ്ര സർക്കാർ. സർക്കാരിന്റെ ഭവനനിർമ്മാണ സഹായമായി രാജ്യത്ത് ഏറ്റവുമധികം തുക നൽകുന്നത് കേരളത്തിലാണ്, നാലു ലക്ഷം രൂപ. ഇതിന്റെ പകുതി തുക പോലും മറ്റെവിടെയും നൽകുന്നില്ല. ആകെ ലൈഫ് ലിസ്റ്റിൽ വളരെ വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് പി.എം.എ.വൈ പദ്ധതിയുടെ ഗുണഭോക്താക്കളായി വരുന്നത്. ഇവർക്കാണ് തുച്ഛമായ കേന്ദ്രസഹായം ലഭിക്കുന്നത്, ബാക്കിയുള്ളവർക്ക് മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തി നൽകുകന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.