ചെന്നൈ: ഡി.എം.കെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിലവിലെ വർക്കിങ് പ്രസിഡൻറും കരുണാനിധിയുടെ ഇളയമകനുമായ എം.കെ. സ്റ്റാലിൻ ഞായറാഴ്ച നാമനിർദേശ പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ദുരൈമുരുകനും പത്രിക നൽകി.
ഡി.എം.കെയുടെ 65 ജില്ല സെക്രട്ടറിമാരും നാമനിർദേശ പത്രികകൾ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽവെച്ച് സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി സ്വീകരിച്ചു. മറിന കടൽക്കരയിലെ കരുണാനിധിയുടെ സമാധിയിൽ പത്രികകൾ വെച്ച് സ്റ്റാലിൻ അനുഗ്രഹം തേടി. നേരത്തേ ഗോപാലപുരം വസതിയിൽ മാതാവ് ദയാലുഅമ്മാളുടെ ആശീർവാദം ഏറ്റുവാങ്ങി. സ്റ്റാലിെൻറ ഭാര്യ ദുർഗ, സഹോദരിയും രാജ്യസഭാംഗവുമായ കനിമൊഴി, ദുരൈമുരുകൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പാർട്ടി ജനറൽ സെക്രട്ടറി എം.കെ. അൻപഴകനെയും സ്റ്റാലിൻ സന്ദർശിച്ചു. 49 വർഷം അധ്യക്ഷസ്ഥാനം വഹിച്ച കരുണാനിധി ആഗസ്റ്റ് ഏഴിനാണ് അന്തരിച്ചത്. മറ്റാരും പത്രിക സമർപ്പിക്കാത്ത നിലയിൽ 28ന് നടക്കുന്ന പാർട്ടി ജനറൽ കൗൺസിലിൽ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം ഉണ്ടാവും.
കരുണാനിധിയുടെ മൂത്തമകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി ഡി.എം.കെക്കെതിരെ കലാപക്കൊടി ഉയർത്തിയ സാഹചര്യത്തിലാണ് സ്റ്റാലിെൻറ സ്ഥാനാരോഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.