തിരുവനന്തപുരം/കോട്ടയം: അഴിമതിക്കെതിരെ സദാചാരകമ്മിറ്റി എന്നൊന്നുണ്ടായിരുന്നു കേരളത്തിൽ. ഗുൽസാരിലാൽ നന്ദ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഇൗ സമിതിയുടെ രൂപവത്കരണം. 1964 മുതൽ 1967 വരെ സദാചാരസമിതി കൺവീനറായിരുന്നു എം.എം. ജേക്കബ്. ദേശീയ രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യമായി ജേക്കബ് വളർെന്നങ്കിലും രാഷ്ട്രീയക്കാരനല്ലാത്ത സാമൂഹികപ്രവർത്തകനായിരുന്നു അദ്ദേഹം. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിനിറങ്ങി, പിന്നീട് ആചാര്യ വിനോബാ ഭാവെയുടെ സന്ദേശം പ്രചരിപ്പിക്കാൻ ഗ്രാമങ്ങളിൽ പോയി.
കെ.എം. മാണിയടക്കമുള്ള പാലായിലെ അന്നത്തെ നേതാക്കൾ കേരള കോൺഗ്രസിൽ പോയതിനെതുടർന്ന് 1967 ലാണ് കോൺഗ്രസിലെത്തിയത്. 1970 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണിയോട് 364 വോട്ടിന് തോറ്റു. ഒരിക്കൽകൂടി പാലായിൽ മത്സരിച്ചു, 1980ൽ. കേരള കോൺഗ്രസിെൻറ ശക്തികേന്ദ്രത്തിലെ കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് പിൽക്കാലത്ത് അറിയപ്പെട്ടത്. 1978െല പിളർപ്പിനെതുടർന്ന് കെ. കരുണാകരൻ, പ്രഫ. കെ.എം. ചാണ്ടി എന്നിവർക്കൊപ്പം കേരളമാകെ യാത്ര ചെയ്ത് കോൺഗ്രസ്-െഎ സംഘടിപ്പിക്കാൻ അദ്ദേഹവുമുണ്ടായിരുന്നു.
സ്വാതന്ത്ര്യസമരത്തിൽ ആവേശം വിതറി; പിന്നെ കോൺഗ്രസ് നേതൃനിരയിലേക്ക്
സ്വാതന്ത്ര്യസമരത്തിന് പ്രസംഗത്തിലൂടെ ആവേശം വിതറിയ വിദ്യാർഥിയായിരുന്നു എം.എം. ജേക്കബ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്താണ് സ്വാതന്ത്ര്യസമരത്തിൽ പെങ്കടുത്തത്. മഹായോഗങ്ങളിൽ തീപ്പൊരി പ്രസംഗം നടത്തിയായിരുന്നു മുന്നേറ്റം. ഇതിെൻറ പേരിൽ കോളജ് പഠനം താൽക്കാലികമായി നിർത്തേണ്ടിയും വന്നു.
സദസ്സിനെ അഭിമുഖീകരിക്കാൻ സ്കൂൾ പഠനകാലത്ത് ബുദ്ധിമുട്ടിയതിെൻറ വാശിയിലാണ് മികച്ച പ്രസംഗകനായത്. അതിനു വഴിതുറന്ന സംഭവം ഇങ്ങനെ: മഞ്ചാടിമറ്റം സ്കൂൾ പഠനവേളയിൽ സ്കൂളിൽ പ്രസംഗിക്കാൻ അവസരം കിട്ടി. കാണാതെ പഠിച്ചാണ് വേദിയിൽ കയറിയത്. പക്ഷേ, പഠിച്ചത് മറന്നുപോയി. കുട്ടിയായിരുന്ന ജേക്കബ് വേദിയിൽനിന്ന് കരഞ്ഞു. ബന്ധുക്കളാണ് കൂട്ടിക്കൊണ്ടുപോയത്. അന്ന് മുതൽ വായനശീലമാക്കിയാണ് പ്രസംഗവേദി കീഴടക്കിയത്. ഇതാണ് നേതൃനിരയിലേക്ക് എത്തിച്ചത്. 1952ൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറായതോടെയാണ് രാഷ്ട്രീയ പ്രവേശനം.
മികച്ച പ്രസംഗകനും സംഘാടകനുമായ ജേക്കബിെൻറ കഴിവ് തിരിച്ചറിഞ്ഞ ജവഹർലാൽ നെഹ്റുവാണ് ഭാരത് സേവക് സമാജിൽ അംഗമാക്കിയത്. ബി.എസ്.എസ് പ്രചാരകർക്ക് പരിശീലനം നൽകുന്ന ചുമതലയാണ് നെഹ്റു നൽകിയത്. നെഹ്റുവുമായുള്ള അടുപ്പമാണ് കോൺഗ്രസിെൻറ നേതൃനിരയിലേക്ക് എത്തിച്ചത്. പിന്നീട് ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ അഭിപ്രായം തേടുന്ന ആളായി അദ്ദേഹം മാറി. മദ്രാസ്, ലഖ്നോ യൂനിവേഴ്സിറ്റികളില്‍ വിദ്യാർഥി സംഘടനകളുടെ ഭാരവാഹിയായിരുന്നു.
കേരള ഹൈകോടതിയില്‍ വക്കീലായ എൻറോൾ ചെയ്ത് കോട്ടയത്ത് പ്രാക്ടീസ് ആരംഭിച്ചെങ്കിലും ഭൂദാന പ്രസ്ഥാനം, ഭാരത് സേവക് സമാജ് തുടങ്ങിയ അഖിലേന്ത്യ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി സാമൂഹിക പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.