ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ ദത്തുപുത്രനാക്കിയ വാരാണസി കടുത്ത അമര്‍ഷത്തിലാണ്. യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ പ്രധാനമന്ത്രിയും ബി.ജെ.പിയും തിരിച്ചടി ഭയക്കുന്നു. പട്ടിന്‍െറ കോട്ടയായ ബനാറസില്‍ ചെറുതും വലുതുമായ സില്‍ക്ക് യൂനിറ്റുകള്‍ നോട്ട് അസാധുവാക്കലിനു ശേഷം പ്രതിസന്ധി മറികടക്കാന്‍ പാടുപെടുകയാണ്. വാരാണസിയിലെ നദീഘട്ടങ്ങളില്‍ മോദിക്കുവേണ്ടി തുഴഞ്ഞ വഞ്ചി തൊഴിലാളികളും പ്രതിഷേധത്തിലാണ്. രണ്ടും വാരാണസിയിലെ ജനവികാരത്തിന്‍െറ വ്യക്തമായ സന്ദേശങ്ങള്‍. 2014ല്‍ ബി.ജെ.പിയെ പിന്തുണച്ച വോട്ടര്‍മാര്‍ ഇന്ന് രണ്ടു തട്ടിലാണ്.
കേരളത്തിലടക്കം പ്രമുഖ വസ്ത്രാലയങ്ങളില്‍ സില്‍ക്ക് സാരി എത്തിക്കുന്ന ലല്ലാപുരയിലെ ഐഷ ഗ്രൂപ് ഉടമകളായ അഷ്ഫാഖ്-ജമീല്‍ സഹോദരങ്ങള്‍ മുമ്പും ഇന്നും മോദിയുടെ ആരാധകരല്ല. സില്‍ക്ക് വസ്ത്രങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന മറുനാടന്‍ മലയാളി പങ്കജ്നായര്‍ക്കാകട്ടെ, മോദിയോട് മുമ്പും ഇന്നും ആരാധനയുണ്ട്. രണ്ടുകൂട്ടരും ഒരുകാര്യം തുറന്നുപറയും, നോട്ട് അസാധുവാക്കിയത് കച്ചവടത്തെ ബാധിച്ചു. പട്ടുസാരികള്‍ കെട്ടിക്കിടക്കുന്നു. വിറ്റതിന്‍െറ പണം വൈകുന്നു. ശമ്പളം ഗഡുക്കളായതും ഷിഫ്റ്റ് കുറഞ്ഞതും മൂലം തൊഴിലാളികള്‍ ആശങ്കയിലാണ്.
വിഷുക്കാല വില്‍പനക്ക് കേരളത്തിലെ വസ്ത്രാലയങ്ങളില്‍നിന്ന് ഓര്‍ഡര്‍ എത്തുന്ന സമയമാണിത്. പക്ഷേ, ഇനിയും ആവശ്യക്കാര്‍ വരുന്നില്ല. പൊങ്കല്‍ക്കാലത്ത് ആന്ധ്രപ്രദേശിലേക്കും മറ്റും സാരി കയറ്റിപ്പോകാതെ വന്നതിനു പിന്നാലെയാണ് ഈ അവസ്ഥ. വ്യാപാരം പകുതിയിലേറെ മുടങ്ങിപ്പോയി. ഉല്‍പാദനം കുറക്കേണ്ടി വന്നു. ‘‘ഖരാബ് കര്‍ ദിയ മോദി’’-യന്ത്രത്തറികളുടെ വരവോടെ ഊര്‍ധ്വന്‍ വലിക്കുന്ന കൈത്തറിപ്പട്ടിന്‍െറ നെയ്ത്തുകാരനായ ഗൗരീഗഞ്ചിലെ ഫിറോസിനും അതുതന്നെയാണ് പറയാന്‍ ഉണ്ടായിരുന്നത്. മധോയിയിലെ കാര്‍പറ്റ് വ്യവസായവും മരവിപ്പില്‍തന്നെ.പതിനായിരക്കണക്കായ ചെറുകിട യൂനിറ്റുകളില്‍നിന്ന് പട്ടിന്‍െറ പകിട്ട് മങ്ങിയതിന്‍െറ നിലവിളി ഉയരുമ്പോള്‍, വാരാണസിയിലെ നദീഘട്ടങ്ങളില്‍ മറ്റൊരു പ്രതിഷേധമാണ് ഓളം തല്ലുന്നത്; മലിനീകരണം. നദീതീരം കുറേ മെച്ചപ്പെട്ടു. എന്നാല്‍, വെള്ളത്തിലേക്ക് കാലെടുത്തുവെക്കാന്‍ പോലും പറ്റാത്തവിധം മാലിന്യം അടിഞ്ഞിരിക്കുന്നതായി അസിഘട്ടിലെ അജയും മദനും അഖിലേഷും പറയുന്നു.
ചൂലെടുത്ത് അടിച്ചുകാണിക്കാന്‍ എളുപ്പമാണ്. എന്നാല്‍, നദിയിലെ മാലിന്യ പ്രശ്നത്തിന് മൂന്നുകൊല്ലമായിട്ടും മാറ്റമില്ല. ശുചിത്വ പദ്ധതിയുടെ പണം തട്ടുന്നത് സ്വകാര്യ കമ്പനികളാണ്. ബി.ജെ.പി ആഭിമുഖ്യമുള്ള ഇളയച്ഛന്‍ ഗൊരഖ്നാഥ് സാഹ്നിയുടെ വാക്കുകള്‍ വകവെക്കാത്ത പ്രതിഷേധമാണ് അജയും മറ്റും പ്രകടിപ്പിച്ചത്. ‘‘ഭാഷണ്‍ ബാജി നഹി ചലേഗാ’’ -ചെറുപ്പക്കാര്‍ പറയുന്നു.
കഴിഞ്ഞ തവണ വാരാണസിയില്‍ മോദിക്കുവേണ്ടി വോട്ടുപിടിക്കാനും വോട്ടുചെയ്യാനും ഇറങ്ങിയവരില്‍ ഇവിടത്തെ മലയാളികളുമുണ്ടായിരുന്നു. എന്നാല്‍, ഇക്കുറി മോദിക്കെതിരായ പ്രചാരണത്തിലാണ് മലയാളി ഗ്രൂപ്പുകള്‍. വികസനം പറഞ്ഞ മോദി ഒന്നും ചെയ്യുന്നില്ല, വര്‍ഗീയത മാത്രമാണ് ബാക്കി, നോട്ട് അസാധുവാക്കി വ്യാപാരികളായ തങ്ങളെ കെടുതിയിലാക്കി എന്നിങ്ങനെ നീളുന്നു പ്രതിഷേധം. വാരാണസി ലോക്സഭ മണ്ഡലത്തിലെ എട്ടു നിയമസഭ സീറ്റില്‍ രണ്ടിടത്തുപോലും ബി.ജെ.പി ജയിക്കില്ളെന്നാണ് മൂന്നര പതിറ്റാണ്ടായി ടൂറിസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ബിജു കോശിയുടെ പക്ഷം.
വാരാണസിയിലെ വോട്ടര്‍മാര്‍ പല തട്ടിലാണിന്ന്. അഖിലേഷിന്‍െറ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തോടും അവര്‍ക്ക് താല്‍പര്യമില്ല. ലഖ്നോ മെട്രോയും സൂപ്പര്‍ ഹൈവേയും അപകട സഹായ പദ്ധതിയുമൊക്കെ അഖിലേഷിന്‍െറ സംഭാവനകളാണെങ്കിലും ഗുണ്ടകളെ പ്രോത്സാഹിപ്പിച്ച് ക്രമസമാധാനം അപകടത്തിലാക്കിയെന്നാണ് വിമര്‍ശനം. മുസഫര്‍നഗറിലെയും ദാദ്രിയിലെയുമൊക്കെ വര്‍ഗീയ ദുരന്തങ്ങള്‍ കാണേണ്ടി വന്നവരില്‍ നല്ളൊരു പങ്ക് മായാവതിയേയും ബി.എസ്.പിയേയും പിന്താങ്ങുന്നുണ്ട്. മായാവതിയുടെ ഭരണത്തില്‍ ക്രമസമാധാനം മെച്ചമാണെന്ന കാഴ്ചപ്പാടിലാണ് അവര്‍. ജയസാധ്യത നോക്കി എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനോ ബി.എസ്.പിക്കോ വോട്ടുചെയ്യാനാണ് മുസ്ലിം വോട്ടര്‍മാരുടെ ദൃഢനിശ്ചയം. കഴിഞ്ഞ തവണ വാരാണസി ജില്ലയിലെ എട്ടില്‍ നാലുസീറ്റ് കോണ്‍ഗ്രസിനും രണ്ട് ബി.ജെ.പിക്കുമായിരുന്നു. എസ്.പി, ബി.എസ്.പി എന്നിവക്ക് ഓരോന്നു വീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.