കോഴിക്കോട്: എം.പി വീരേന്ദ്രകുമാർ നയിക്കുന്ന ജനതാദൾ-യു കേരള ഘടകത്തിെൻറ ഇടതുമുന്നണി പ്രവേശനം അത്യന്തം സങ്കീർണം. നിലവിൽ എൽ.ഡി.എഫ് ഘടക കക്ഷിയായ ജനതാദൾ-എസിൽ ചേർന്ന് വീരേന്ദ്രകുമാറിനും കൂട്ടർക്കും ഇടതുപക്ഷത്തേക്ക് വരാമെന്നാണ് ജെ.ഡി.എസ് നേതാവും മന്ത്രിയുമായ മാത്യു ടി. തോമസിെൻറ നിലപാട്. പഴയ ജനതാദൾ സോഷ്യലിസ്റ്റ് പുനരുജ്ജീവിപ്പിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു.
എം.പി സ്ഥാനം രാജിവെക്കുമെന്ന വീരേന്ദ്രകുമാറിെൻറ പ്രഖ്യാപനം അതിനിടെ പാർട്ടിയിൽ പൊട്ടിത്തെറിക്ക് വഴിവെച്ചു. പാർട്ടിയിലെ ആരുമായും കൂടിയാലോചിക്കാതെ വീരേന്ദ്രകുമാർ എടുത്ത തീരുമാനമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി ചേർന്നിട്ടു മാസം ഏഴായി. കമ്മിറ്റി ചേർന്ന് ചർച്ചചെയ്ത് എടുക്കേണ്ട രാഷ്ട്രീയ തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെ ഒരു നേതാവും അനുകൂലിക്കുന്നില്ല. ഫലത്തിൽ വീരേന്ദ്രകുമാർ ജനതാദൾ-യുവിൽ ഒറ്റപ്പെട്ട സ്ഥിതിയാണ്.
ശരദ് യാദവ് രൂപവത്കരിക്കുന്ന ദേശീയ പാർട്ടിയുടെ ഭാഗമാകുന്നതിനോടാണ് കേരള ജെ.ഡി.യുവിലെ ഭൂരിഭാഗത്തിനും താൽപര്യം. ഈ പാർട്ടി സ്വാഭാവികമായും കോൺഗ്രസ് പക്ഷത്തു നിൽക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ യു.ഡി.എഫിൽ തന്നെ തുടരേണ്ടിവരും. ജനതാദൾ-എസിൽ ലയിക്കുന്നതിനോട് മിക്കവാറും പേർക്ക് യോജിപ്പില്ല. തെറ്റു തിരുത്തി തിരിച്ചുവരുമ്പോൾ സ്വാഗതം ചെയ്യുമെന്നാണ് മാത്യു ടി. തോമസ് പറഞ്ഞത്. കോഴിക്കോട് ലോക്സഭ സീറ്റ് കൊടുക്കാത്തതിെൻറ പേരിൽ എൽ.ഡി. എഫ് വിട്ടത് തെറ്റായിപ്പോയെന്ന് കുമ്പസാരിക്കണമെന്നാണ് അതിെൻറ അർഥം. ഇവ്വിധം കീഴടങ്ങി ഇടതു മുന്നണിയിലേക്ക് പോകേണ്ടെന്നു ആഗ്രഹിക്കുന്നവരാണ് കൂടുതൽ പേരും.
വീരേന്ദ്രകുമാറിനെ എൽ.ഡി.എഫിലേക്കു കൊണ്ടുവരാൻ സി.പി.എം കാണിക്കുന്ന താൽപര്യം മറ്റു കക്ഷികൾക്കില്ല. ജനതാദൾ-എസിൽ പാർട്ടി പ്രസിഡൻറ് കൃഷ്ണൻ കുട്ടിയും സി.കെ. നാണു എം.എൽ.എയുമാണ് ഇതിനു മുൻകൈയെടുക്കുന്നത്. ജനതാദൾ-എസിൽ നിലനിൽക്കുന്ന ഗ്രൂപ് താൽപര്യമാണ് ഇതിെൻറ അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.