കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് സൂപർ മുഖ്യമന്ത്രി ചമയുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദിഖ് കുറ്റപ്പെടുത്തി. വ്യക്തിവൈരാഗ്യം പ്രചരിപ്പിക്കാനാണ് റിയാസ് ശ്രമിക്കുന്നത്. ഏതെങ്കിലും തരത്തിൽ തെളിവുണ്ടായിട്ടാണോ പ്രതിപക്ഷ നേതാവിന് ബി.ജെ.പി ബന്ധമുണ്ടെന്ന് റിയാസ് പറയുന്നെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടി. സിദ്ദിഖ്.
നിയമസഭയിൽ ഫയൽ മേശപ്പുറത്ത് വെക്കുമ്പോൾ റിയാസ് പറഞ്ഞ കാര്യങ്ങൾ നിയമസഭയിലെ കീഴ്വഴക്ക ലംഘനമാണ്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി ചേരുന്നത് ഭരണത്തിന് നേതൃത്വം നൽകുന്നവർക്കാണ്. റിയാസ് സൂപർ മുഖ്യമന്ത്രി ചമയുന്നത് എന്തിനാണെന്ന് സി.പി.എം വ്യക്തമാക്കണം.
ബി.ജെ.പിയുമായി കോൺഗ്രസ് ബന്ധം പുലർത്തിയതിന് ഒറ്റ തെളിവ് പോലും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. എന്നാൽ സി.പി.എമ്മിന് ബന്ധം ഉണ്ടായിരുന്നു. ശ്രീ എമ്മിന്‍റെ സാന്നിധ്യത്തിൽ സി.പി.എം -ആർ.എസ്.എസ് ചർച്ച നടത്തിയിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത വരുത്തണം. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ടാണ് അന്തർധാരയുള്ളത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും ശാക്തീകരിക്കുകയാണ് സി.പി.എം. മുമ്പ് കാണാത്ത തരത്തിലാണ് നിയമസഭയിലെ സ്വേച്ഛാധിപത്യം.
കെ.കെ. രമക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. കെ.കെ. രമക്കെതിരെ നടക്കുന്ന സൈബർ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റേത്. ടി.പി. ചന്ദ്രശേഖരന് ശേഷം കെ.കെ. രമയെയും സി.പി.എം ഭയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ എം. ലിജു, കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.