മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന് സർവ സജ്ജരാകാൻ മുസ്ലിം ലീഗ് പ്രവർത്തക സമിതിയിൽ ആഹ്വാനം. ശനിയാഴ്ച രാവിലെ മലപ്പുറത്തുനടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പിന് പാർട്ടി സംവിധാനത്തെ സജ്ജമാക്കാൻ തീരുമാനിച്ചത്. ഇതിെൻറ ഭാഗമായി എല്ലാ പാർലമെൻറ് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ വിളിച്ചുചേർക്കും. ശക്തമായ വെല്ലുവിളി നിലനിൽക്കുന്ന പൊന്നാനി മണ്ഡലത്തിൽ ജൂലൈ നാലിന് ആദ്യയോഗം ചേരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിന് 25,410 വോട്ടിെൻറ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ഇത് കണക്കിലെടുത്ത് പൊന്നാനി പിടിക്കാൻ ഇടതുപക്ഷം നേരത്തേ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ന്യൂനപക്ഷ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന മുസ്ലിം നേതാവെന്ന ഇമേജ് മുസ്ലിം ഇതരവോട്ടുകൾ ഏറെയുള്ള പൊന്നാനിയിൽ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്. ഇൗ സാഹചര്യത്തിൽ ഇ.ടിയെ പൊന്നാനിയിൽ വീണ്ടും മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. അതേസമയം, പാർലമെൻറിൽ മുസ്ലിം വിഷയങ്ങൾ ശക്തമായി ഉന്നയിക്കാൻ ഇ.ടിയെ പോലെ ഒരു നേതാവിെൻറ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതിനാൽ അദ്ദേഹത്തെ സുരക്ഷിത മണ്ഡലമായ മലപ്പുറത്തേക്ക് മാറ്റാനും ആലോചനയുണ്ട്.
എന്നാൽ, ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി പൊന്നാനിയിൽ മത്സരിക്കാൻ സന്നദ്ധനായില്ലെങ്കിൽ സ്ഥാനാർഥി നിർണയം തലവേദനയാകും. ദേശീയ രാഷ്ട്രീയത്തിൽനിന്ന് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെങ്കിൽ മറ്റൊരാൾക്ക് നറുക്കു വീഴും. പൊന്നാനിയിൽ എം.പി. അബ്ദുസ്സമദ് സമദാനിയുടെ േപരും പാർട്ടി വൃത്തങ്ങളിൽ പറഞ്ഞുകേൾക്കുന്നുണ്ട്. ചെങ്ങന്നൂരിലേറ്റ കനത്ത തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട് യു.ഡി.എഫിനെ ശക്തമാക്കി മുന്നോട്ടുപോകാൻ തീരുമാനിച്ചാണ് പ്രവർത്തക സമിതി അവസാനിച്ചത്. പാർട്ടി പ്രവർത്തകർക്ക് രാഷ്ട്രീയ സാക്ഷരത നൽകുന്നതിെൻറ ഭാഗമായി രാഷ്ട്രീയ പഠനകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് ഇതിന് തുടക്കമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.