തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരേ നുണ ആവർത്തിച്ചു സമൂഹത്തെ പരിഹസിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.എ.ഐ കാമറകൾ സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായകമായി എന്ന കണക്കുകൾ പുറത്തു വന്നതോടെ പ്രതിപക്ഷം ഇതുവരെ പരത്തിയ നുണക്കഥകളുടെ ആയുസൊടുങ്ങി. നേരത്തെ പറഞ്ഞു പൊളിഞ്ഞ ആരോപണങ്ങളും പൊതു മണ്ഡലത്തിൽ ലഭ്യമായ രേഖകളും പുതിയതാണ് എന്ന വ്യാജേന അവതരിപ്പിച്ച് പുകമറ പരത്താനാണ് ഇന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ശ്രമിച്ചത്.
ഒരു ലക്ഷം രൂപക്ക് മാർക്കറ്റിൽ വിലയുള്ള കാമറക്ക് 10 ലക്ഷം രൂപയാണ് ക്വോട്ട് ചെയ്തതെന്നും അതിനു കെൽട്രോൺ ടെണ്ടർ ഉറപ്പിക്കുകയും ചെയ്തതെന്നും വീണ്ടും വീണ്ടും പറയുന്നത് ഭരണ പരിചയമുള്ള പൊതുപ്രവർത്തകന് ചേർന്നതല്ല. വെറുമൊരു കാമറ മാത്രമല്ലെന്നും നിരവധി ഘടകങ്ങൾ ചേരുന്ന ഒരു ക്യാമറ യൂനിറ്റാണെന്നുമുള്ള വസ്തുതയെ തമസ്കരിക്കുന്നു എന്നതാണ് ഈ ആരോപണത്തിലെ പ്രധാന കുതന്ത്രം. കേൾക്കുന്നവരിൽ "ഒരു കാമറക്ക് മാത്രം ഇത്ര വിലയോ" എന്ന സംശയം ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഓപ്പൺ ടെണ്ടറാണ് വിളിച്ചത്. വില കുറച്ച് ഈ കാമറ നൽകുന്ന കമ്പനികൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് അതിൽ പങ്കെടുത്ത് ടെണ്ടർ സ്വന്തമാക്കാമായിരുന്നു. അങ്ങനെയുണ്ടായില്ല. ഈ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ കാമറ യൂനിറ്റുകൾ പത്തിലൊന്നു വിലക്ക് വിൽക്കുന്ന കമ്പനികൾ ഏതെന്നു പറയാൻ എന്തുകൊണ്ട് ചെന്നിത്തലയും കൂട്ടരും തയാറാകുന്നില്ല?
സംസ്ഥാനത്ത് പുതുതായി വരുന്ന ഏതു പദ്ധതിയെയും ദുരാരോപണങ്ങളും വിവാദവും സൃഷ്ടിച്ച് തകർക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന കണ്ണിയായി മുൻ പ്രതിപക്ഷ നേതാവ് മാറുന്നത് ദൗർഭാഗ്യകരമാണ്. ഒരു തെളിവുമില്ലാതെ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മുഖ്യമന്ത്രിയേയും ബന്ധുക്കളേയും വിവാദത്തിലേക്ക് വലിച്ചിഴക്കാനുള്ള തുടർച്ചയായ നീക്കം രണ്ടാംവട്ടവും ഭരണം നഷ്ടപ്പെട്ടതുകൊണ്ടുള്ള നൈരാശ്യത്തിൽ നിന്നുണ്ടാകുന്നതാണ്. ജനങ്ങൾ തിരസ്കരിച്ചതു കൊണ്ടാണ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെട്ടത്. ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയെങ്കിലും അദ്ദേഹം തയാറാകണം.
മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് ഈ പദ്ധതിക്കായി നൽകിയ കോൺട്രാക്ടുകളിൽ പങ്കുണ്ട് എന്ന ആരോപണം ഉന്നയിച്ച അന്നു മുതൽക്കേ അതിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വിടാൻ ആവശ്യപ്പെട്ടിരുന്നു. ആ വെല്ലുവിളി സ്വീകരിച്ച് തെളിവിന്റെയോ വസ്തുതയുടെയോ കണികയെങ്കിലും പുറത്തുവിടാൻ ചെന്നിത്തലക്കോ കൂട്ടർക്കോ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകിയില്ല എന്നാണ് പരിദേവനം.
ഈ പദ്ധതിയിൽ കരാർ ലഭിക്കാതിരുന്ന കമ്പനികളിൽ ചിലതിന്റെ വക്കാലത്താണ് "വിവരാകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങൾ കെൽട്രോൺ മറുപടി നൽകിയില്ല" എന്ന ആരോപണം വീണ്ടും ഉന്നയിച്ച് അദ്ദേഹം ഏറ്റെടുക്കുന്നത്. ലഭിച്ച എല്ലാ ചോദ്യങ്ങൾക്കും കെൽട്രോൺ മറുപടി നൽകിയിട്ടുണ്ട് എന്നു മാത്രമല്ല, വിലവിവരങ്ങൾ നൽകാതിരിക്കുന്നതിൻ്റെ കാരണം കൃത്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.