കൊച്ചി: ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായി (ബി) സഹകരണം വേണ്ടെന്ന് എൻ.സി.പി നേതൃയോഗത്തിൽ തീരുമാനം. പിള്ളയുമായി ചർച്ച നടത്തിയ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ടി.പി. പീതാംബരെൻറ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർന്നു. ലയനനീക്കത്തെച്ചൊല്ലി രൂക്ഷ വാദപ്രതിവാദങ്ങൾക്ക് യോഗം വേദിയായി. രണ്ടുമാസം നീണ്ട അംഗത്വ കാമ്പയിൻ വിലയിരുത്താനാണ് സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും യോഗം വിളിച്ചത്. ലയനം ചർച്ച ചെയ്യില്ലെന്നും അജണ്ടയിലില്ലെന്നുമാണ് യോഗത്തിന് മുമ്പ് ടി.പി. പീതാംബരൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, വിഷയം ചില അംഗങ്ങൾ ഉന്നയിച്ചതോടെ ചൂടേറിയ ചർച്ചക്ക് വഴിതുറന്നു. ഏതുപാർട്ടിയുമായി സഹകരിച്ചാലും പിള്ളയുടെ പാർട്ടിയുമായി വേണ്ടെന്നായിരുന്നു ഭൂരിഭാഗത്തിെൻറയും അഭിപ്രായം.
പിള്ളയുടെയും ഗണേഷ്കുമാറിെൻറയും രാഷ്ട്രീയപാരമ്പര്യം എൻ.സി.പിയുടേതുമായി ഒത്തുപോകുന്നതല്ലെന്ന് അവർ വാദിച്ചു. പാർട്ടിയുടെ ഒരുഘടകത്തിലും ആലോചിക്കാതെ പിള്ളയുമായി ലയനനീക്കം ചർച്ച ചെയ്ത ആക്ടിങ് അധ്യക്ഷെൻറ നടപടി പാർട്ടി പ്രതിച്ഛായക്ക് കളങ്കമേൽപിക്കുന്നതാണെന്നും ആരോപണം ഉയർന്നു. ഇതിനുപിന്നിൽ സാമ്പത്തികതാൽപര്യമുണ്ടോ എന്നുവരെ സംശയിക്കുന്നതായി ഒരു ജില്ല ഭാരവാഹി തുറന്നടിച്ചു.
ഡി.െഎ.സിയുടെ വരവോടെ ശിഥിലമായ പാർട്ടി ഏറെ പ്രയാസപ്പെട്ടാണ് പ്രതിസന്ധിയിൽ നിന്ന് കരകയറിയതെന്നും വീണ്ടും അത്തരമൊരു അവസ്ഥയിലേക്ക് കൊണ്ടെത്തിക്കരുതെന്നും അഭിപ്രായമുയർന്നു. ഇതോടെ ടി.പി. പീതാംബരൻ ഒറ്റപ്പെട്ടു. പിള്ളയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എൻ.സി.പി ദേശീയ നേതാക്കളായ ശരദ്പവാർ, പ്രഫുൽ പേട്ടൽ എന്നിവരുമായി വിഷയം അനൗപചാരികമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചു. ഇത്തരം ചർച്ച ഒരുനിലക്കും തുടരേണ്ടെന്ന് എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ എന്നിവർ ആവശ്യപ്പെട്ടു. ലയനനീക്കം തള്ളാനുള്ള തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്തു.
മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയിൽ ശശീന്ദ്രനും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിലരുമാണ് എതിർക്കുന്നതെന്നും വൈകാതെ പിള്ളയുടെ പാർട്ടി എൻ.സി.പിയിലെത്തുമെന്നുമാണ് ലയനനീക്കത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
ലയനം പെെട്ടന്ന് തീരുമാനിച്ചതല്ലെന്നും പ്രാരംഭ ചർച്ച ഇരുപാർട്ടി നേതൃത്വവും തമ്മിൽ മാസങ്ങൾക്കുമുേമ്പ തുടങ്ങിയിരുെന്നന്നുമാണ് തോമസ് ചാണ്ടി പക്ഷക്കാരായ ഇവർ നൽകുന്ന സൂചന. പിള്ള പാർട്ടിയെ ഹൈജാക്ക് ചെയ്യുമെന്ന വാദം തള്ളുന്ന ഇവർ ലയനത്തിലൂടെ പാർട്ടി അടിത്തറ വിപുലമാവുകയേ ഉള്ളൂവെന്ന പക്ഷക്കാരാണ്.
ലയനചർച്ച സംഘടന തെരഞ്ഞെടുപ്പിനു ശേഷം
കൊച്ചി: കേരള കോൺഗ്രസ് ഉൾപ്പെടെ രണ്ടുമൂന്നു പാർട്ടികൾ എൻ.സി.പിയുമായി ലയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘടന തെരഞ്ഞെടുപ്പിനുശേഷമേ വിഷയം ചർച്ച ചെയ്യൂവെന്നും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ. ലയനം ഇപ്പോൾ അജണ്ടയിലില്ല. ഒൗപചാരിക ചർച്ചയൊന്നും നടന്നിട്ടില്ല. അനൗപചാരിക ചർച്ച നടന്നതായി അറിവില്ലെന്നും അദ്ദേഹം പാർട്ടി നേതൃയോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലയനനീക്കവുമായി ബന്ധപ്പെട്ട് താൻ ബാലകൃഷ്ണ പിള്ളയെ കാണുകയോ ചർച്ച നടത്തുകയോ ചെയ്തിട്ടില്ല. ശശീന്ദ്രനെതിരായ കേസിൽ വൈകാതെ തീരുമാനമുണ്ടാകും. കുറ്റമുക്തനായാൽ ശശീന്ദ്രൻതന്നെയാകും പാർട്ടിയുടെ മന്ത്രി. മറിച്ചുള്ളതെല്ലാം മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആരോപണങ്ങൾ മാത്രമാണ്. പാർട്ടി ജില്ലകമ്മിറ്റി തെരഞ്ഞെടുപ്പ് മാർച്ച് നാലിനും സംസ്ഥാന കമ്മിറ്റിയുടേത് 18നും നടക്കും. ലയനനീക്കം നേതൃയോഗം തള്ളിയെങ്കിലും മുഖംരക്ഷിക്കൽ തന്ത്രമെന്ന നിലയിലാണ് ടി.പി. പീതാംബരൻ ഇതുസംബന്ധിച്ച ചർച്ച പിന്നീട് നടത്തുമെന്ന് നേതാക്കളുടെ അനുമതിയോടെ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.