ന്യൂഡൽഹി: ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകൾ വിജയിച്ചതോടെ ഭരണമുന്നണിയായ എൻ.ഡി.എക്ക് പാർലമെന്‍റിന്‍റെ ഉപരിസഭയിൽ ഭൂരിപക്ഷം നേടാൻ ഇനി ആവശ്യം വെറും നാല് സീറ്റുകൾ കൂടി. 56 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 20ൽ എതിരില്ലാതെയും 10ൽ മത്സരത്തിലൂടെയുമാണ് ബി.ജെ.പി വിജയിച്ചത്. ഇതോടെ ബി.ജെ.പിക്ക് ഒറ്റക്ക് രാജ്യസഭയിൽ 97 അംഗങ്ങളും എൻ.ഡി.എ മുന്നണിക്ക് 117 അംഗങ്ങളുമായി. പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നതോടെ നിലവിൽവരുന്ന 240 അംഗ രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 121 സീറ്റുകളാണ് വേണ്ടത്.
വോട്ടെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭ സീറ്റുകളിൽ 10ൽ ബി.ജെ.പിയും മൂന്നിൽ കോൺഗ്രസും രണ്ടിൽ സമാജ് വാദി പാർട്ടിയും വിജയിച്ചു. 41 സ്ഥാനാർഥികളെ കഴിഞ്ഞയാഴ്ച തന്നെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചിരുന്നു.
യു.പിയിലും ഹിമാചൽ പ്രദേശിലുമാണ് കൂറുമാറ്റത്തിലൂടെ ബി.ജെ.പിക്ക് നേട്ടമുണ്ടായത്. യു.പിയിൽ ചീഫ് വിപ്പ് അടക്കം എട്ട് സമാജ്വാദി പാർട്ടി എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കുകയായിരുന്നു. ഹിമാചൽ പ്രദേശിൽ ആറു കോൺഗ്രസ് എം.എൽ.എമാരും മൂന്നു സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിയെ സഹായിച്ചു. കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് സിങ്വിക്കും ബി.ജെ.പിയുടെ ഹർഷ് മഹാജനും 34 വോട്ട് വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെ മഹാജനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഏപ്രിൽ മൂന്നിന് 50 അംഗങ്ങളും ഏപ്രിൽ രണ്ടിന് ആറ് അംഗങ്ങളും കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി -97 എം.പിമാർ, കോൺഗ്രസ് -29 എം.പിമാർ, തൃണമൂൽ കോൺഗ്രസ് -13, ഡി.എം.കെ -10, എ.എ.പി -10, ബി.ജെ.ഡി -9, വൈ.എസ്.ആർ കോൺഗ്രസ് -9, ബി.ആർ.എസ് -7, ആർ.ജെ.ഡി -6, സി.പി.എം -5, എ.ഐ.എ.ഡി.എം.കെ -4, ജെ.ഡി.യു -4 എന്നിങ്ങനെയാണ് നിലവിലെ എം.പിമാരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.