തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും കണ്ണൂരിലുമൊഴികെ സീറ്റുകളിൽ സിറ്റിങ് എം.പിമാർ മത്സരിക്കട്ടെയെന്ന് കെ.പി.സി.സി യോഗം. ആലപ്പുഴയിലും കണ്ണൂരിലും പുതുമുഖങ്ങളെ മത്സരിപ്പിക്കാനും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ തൃശൂരിൽ ചേർന്ന കെ.പി.സി.സി യോഗത്തിൽ ധാരണയായി.
സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നും സംഘടനതലത്തിൽ പ്രവർത്തിക്കണമെന്നുമുള്ള കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം നേതാക്കൾ തള്ളി. മാവേലിക്കരയിൽ മത്സരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കെ. മുരളീധരനും മത്സരിക്കാനില്ലെന്ന് അറിയിച്ചെങ്കിലും ഇതും പരിഗണിച്ചില്ല. ആലപ്പുഴയിലെയും കണ്ണൂരിലെയും സ്ഥാനാർഥി നിർണയത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
സിറ്റിങ് എം.പിമാരുമായും ഓരോ ലോക്സഭ മണ്ഡലങ്ങളിലേയും ഭാരവാഹികളുമായും അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. വിജയസാധ്യത കുറവുള്ള സിറ്റിങ് എം.പിമാരുടെ മണ്ഡലങ്ങളിൽ ഉപസമിതിയുടെ നേതൃത്വത്തിലാകും പ്രചാരണം ശക്തമാക്കുക. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന് നേരത്തേ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ആലപ്പുഴയിൽ മത്സരത്തിനില്ലെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാന നേതാക്കളെ അറിയിച്ച സാഹചര്യത്തിലാണ് കണ്ണൂരിലും ആലപ്പുഴയിലും പുതുമുഖങ്ങൾക്കായി തീരുമാനിച്ചത്. അനൗദ്യോഗിക പ്രചാരണം തുടങ്ങാനും യോഗം നിർദേശം നൽകി.
കഴിഞ്ഞതവണ 19 സീറ്റുകളിൽ വിജയിച്ചപ്പോഴും കോൺഗ്രസിനെ കൈവിട്ട മണ്ഡലമാണ് ആലപ്പുഴ. ആലപ്പുഴ തിരിച്ചുപിടിക്കണമെന്ന നിർദേശവും യോഗത്തിലുയർന്നു. ഇതനുസരിച്ചുള്ള സ്ഥാനാർഥികളെ ഉപസമിതി കണ്ടെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.