കോഴിക്കോട്: ഉമ്മൻ ചാണ്ടി ആഗ്രഹിച്ചാലും ഇല്ലെങ്കിലും, ഗ്രൂപ് രഹിതമായി കോൺഗ്രസ് ആവശ്യപ്പെട്ടാലും കെ.പി.സി.സി പ്രസിഡൻറ് പദവിയിലെത്താൻ അദ്ദേഹം ആദ്യം സോളാർ, വിഴിഞ്ഞം കടമ്പകൾ കടക്കണം. സോളാർ വിവാദം അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷെൻറ റിപ്പോർട്ട് ഈ മാസം ഒടുവിൽ പ്രതീക്ഷിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന റിപ്പോർട്ടുകൂടിയാണിത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ സമരത്തെ തുടർന്നാണ് ജ. ശിവരാജനെ കമീഷനായി നിയമിച്ചത്. 2013 ഒക്ടോബറിൽ ചുമതലയേറ്റ കമീഷന് പല തവണ കാലാവധി നീട്ടിനൽകി. അന്ന് ഉമ്മൻ ചാണ്ടിയെ മണിക്കൂറുകൾ കമീഷൻ വിസ്തരിച്ചത് വലിയ വാർത്തയായിരുന്നു.
ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്തെന്നും ഒരു എൻ.ആർ.ഐ വ്യവസായിയിൽനിന്നും മറ്റൊരു ഇന്ത്യൻ വ്യവസായിയിൽനിന്നും കമീഷൻ ലഭിക്കാൻ ഇടനിലക്കാരിയായി ഉപയോഗിച്ചെന്നുമാണ് ഏറ്റവുമൊടുവിൽ സരിത നായർ കമീഷന് മൊഴി നൽകിയത്. മന്ത്രിസഭയിലെ സഹപ്രവർത്തകർ അടക്കം നിരവധി കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത ആരോപണം ഉന്നയിച്ചിട്ടുണ്ട്. രണ്ടു തവണയായി സീൽ ചെയ്ത കവറുകളിൽ അവർ തെളിവുകളും നൽകി. കമീഷനിൽനിന്നു പ്രതികൂലമായ റിപ്പോർട്ട് വന്നാൽ ഉമ്മൻ ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടിവരും. അത് അദ്ദേഹത്തിെൻറ രാഷ്ട്രീയ ജീവിതത്തിനു കനത്ത ആഘാതവുമാകും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണത്തിന് അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാർ കേരളതാൽപര്യത്തിന് എതിരാണെന്ന സി.എ.ജി റിപ്പോർട്ടും അതിന്മേൽ ഹൈകോടതിയിൽ വന്ന പൊതുതാൽപര്യഹരജിയും ഉമ്മൻ ചാണ്ടിക്ക് വലിയ തിരിച്ചടിയാണ്. ഹരജിയിൽ ഈ മാസം 25നകം വിശദീകരണം നൽകാൻ ഹൈകോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് പരിഗണിച്ചപ്പോൾ നിശിത വിമർശനമാണ് സർക്കാറിനെതിരെ കോടതി നടത്തിയത്. ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത്രിയായിരുന്ന കെ. ബാബുവുമാണ് വിഴിഞ്ഞം കരാറിലെ പ്രധാന ആസൂത്രകർ. 7525 കോടി നിർമാണ ചെലവ് വരുന്ന പി.പി.പി പദ്ധതിയിൽ അദാനി ഗ്രൂപ്പിെൻറ വിഹിതം 2454 കോടിയാണ്.
മൊത്തം ചെലവിൽ 67 ശതമാനം വഹിക്കുന്ന സംസ്ഥാനത്തിന് സാമ്പത്തികനേട്ടമില്ല. 40 കൊല്ലത്തേക്ക് ഒരു വരുമാനവുമില്ല. പൊതുവിൽ പി.പി.പി പദ്ധതികൾക്ക് കാലാവധി 30 കൊല്ലം ആണെന്നിരിക്കെ, അദാനി ഗ്രൂപ്പിന് 10 കൊല്ലം അധികമായി നൽകുകയും ചെയ്തു. ഇതുവഴി മാത്രം 29,217 കോടി രൂപ അദാനിക്ക് കൂടുതൽ ലഭിക്കുമെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായി വ്യാഖ്യാനിക്കപ്പെടുന്ന വിഴിഞ്ഞം കരാറിനെ പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത എൽ.ഡി.എഫ് മറ്റു വഴി ഇല്ലാത്തതിനാൽ അത് നടപ്പാക്കുകയാണെന്നാണ് ഭരണത്തിൽ എത്തിയപ്പോൾ പറഞ്ഞത്. എന്നാൽ, സി.എ.ജി റിപ്പോർട്ടും കോടതി ഇടപെടലും ഒരു നിലപാട് എടുക്കാൻ സർക്കാറിനെ നിർബന്ധിതമാക്കിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ് പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് പ്രസിഡൻറാകണമെങ്കിൽ വിവാദങ്ങളിൽനിന്ന് ആദ്യം വിടുതൽ ലഭിക്കണം. ഉമ്മൻ ചാണ്ടിക്കുവേണ്ടി വാദിക്കുന്നവരെ അലട്ടുന്ന അതിഗൗരവമായ പ്രശ്നമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.