ഇട്ടനഗർ: ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിൻറൺ, വോളിബാൾ..കളിക്കമ്പക്കാരനാണ് പേമ ഖണ ്ഡു. കായികതാരങ്ങൾക്കായി എന്തും ചെയ്യും. മുടങ്ങാതെ ദേശീയ-അന്തർദേശീയ മത്സരങ്ങളും ടൂ ർണമെൻറുകളും സംഘടിപ്പിക്കും. സംഘാടന മിടുക്ക് രാഷ്്ട്രീയത്തിലുമുണ്ട്. കുറെയൊക്കെ പാരമ്പര്യമായി കിട്ടിയതാണ്. മുൻമുഖ്യമന്ത്രി ദോർജി ഖണ്ഡുവാണ് പിതാവ്. 2011ൽ അദ്ദേഹം ഹെലികോപ്ടർ അപകടത്തിൽ മരിച്ചപ്പോഴാണ് ആദ്യമായി മന്ത്രിസഭയിൽ കയറുന്നത്. നബാം തുക്കി സർക്കാറിൽ ജലവിഭവ മന്ത്രിയായിട്ടായിരുന്നു തുടക്കം.
പിതാവ് കൈകാര്യം ചെയ്തിരുന്ന വകുപ്പിൽതന്നെ തുടങ്ങി. 2000ത്തിൽ കോൺഗ്രസിൽ ചേർന്നെങ്കിലും കാര്യമായ രാഷ്ട്രീയ പ്രവർത്തനമൊന്നും ഉണ്ടായിരുന്നില്ല. മന്ത്രിസഭയിലെത്തിയശേഷമാണ് ഖണ്ഡുവിനെ പലരും അറിയാൻ തുടങ്ങിയത്. പിതാവിെൻറ മണ്ഡലമായ മുക്തോയിൽനിന്ന് 2011ൽ ആദ്യമായി നിയമസഭാംഗമായി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2014ലും അതേ രീതിയിൽ വിജയിച്ച് ടൂറിസം മന്ത്രിയായി. 2016ൽ നബാം തുക്കി സർക്കാറിലെ പ്രതിസന്ധികൾ മൂലം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 26 ദിവസത്തിനുശേഷം രാഷ്ട്രപതി ഭരണം പിൻവലിക്കുകയും കാലിക്കോ പുലിെൻറ നേതൃത്വത്തിൽ ബി.ജെ.പി പിന്തുണയുള്ള സർക്കാർ അധികാരത്തിലേറുകയും ചെയ്തു. പുൽ ഗവൺമെൻറിലും ഖണ്ഡു മന്ത്രിയായി. ആറു മാസത്തിനുശേഷം മറ്റൊരു വിധിയിൽ സുപ്രീംകോടതി നബാം തുക്കി സർക്കാറിനെ തിരിച്ചുകൊണ്ടുവന്നു. എന്നാൽ, രണ്ടു ദിവസം മാത്രമേ തുക്കി അധികാരത്തിൽ തുടർന്നുള്ളൂ.
അദ്ദേഹം രാജിവെച്ചതിനു പിന്നാലെ 37കാരനായ ഖണ്ഡു മുഖ്യമന്ത്രിയായി. മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ഖണ്ഡു 43 എം.എൽ.എമാരുമായി ബി.ജെ.പി സഖ്യകക്ഷിയായ പീപിൾസ് പാർട്ടി ഒാഫ് അരുണാചലിലേക്ക് (പി.പി.എ) ചാടി. തൊട്ടുപിന്നാലെ ബി.ജെ.പിയിലേക്കും കാലെടുത്തുവെച്ചു. കൂടെവന്നവരെകൂട്ടി സഭയിൽ ഭൂരിപക്ഷവും തെളിയിച്ചു. ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചലിൽ താമര വിരിയിച്ചതിൽ ഖണ്ഡുവിന് വലിയ പങ്കുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ഖണ്ഡുവിെൻറ നേതൃത്വത്തിൽ 60ൽ 41 സീറ്റാണ് ബി.ജെ.പി നേടിയത്. ചരിത്ര ബിരുദധാരിയായ ഖണ്ഡു മോൻപ ഗോത്രവർഗത്തിൽപ്പെട്ട ബുദ്ധമതക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.