കാസർകോട്: പെരിയ ഇരട്ടക്കൊല സി.ബി.െഎക്ക് വിട്ട സംഭവം സി.പി.എമ്മിനെ വിഷമവൃത്തത്തിലാക്കി. ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകാനും പോകാതിരിക്കാനും കഴിയാത്ത അവസ്ഥയാണ് സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്. കുറ്റപത്രം റദ്ദാക്കി കേസ് സി.ബി.െഎക്ക് വിട്ടതോടെ അടുത്ത നടപടി അപ്പീലാണ്. കൊല നടന്ന ഉടനെ സി.പി.എം ജില്ല നേതൃത്വവും സംസ്ഥാന സെക്രട്ടറിയും പാർട്ടിക്ക് പങ്കുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞിരുന്നു. കേസിൽ ഒന്നാം പ്രതിയായ എ. പീതാംബരനെ പാർട്ടിയിൽനിന്ന് പുറത്താക്കി, കൊലക്ക് പാർട്ടിയുമായി ബന്ധമില്ല എന്ന് പ്രഖ്യാപിച്ചു. പ്രതികളെ സംരക്ഷിക്കില്ല എന്നും പ്രസ്താവനയിറക്കി.
കേസ് സി.ബി.െഎക്ക് വിട്ട ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിച്ചാൽ ഇൗ നിലപാടിെൻറ അന്തഃസത്തക്ക് കടകവിരുദ്ധമാകുമത്. സി.പി.എം പ്രതിക്കൂട്ടിലാവുകയും ചെയ്യും. പാർട്ടിക്ക് ബന്ധമില്ല എന്ന നിലപാടിന് ഒരിക്കൽകൂടി അടിവരയിടുന്നതായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. അതിൽ കൊല വ്യക്തിവൈരാഗ്യമാെണന്നുകൂടി എഴുതിച്ചേർത്തു. വ്യക്തിപരമായി ഒരാൾ ചെയ്ത കുറ്റം സംബന്ധിച്ച വിധിയിൽ സി.പി.എം നിയന്ത്രിക്കുന്ന സർക്കാറിന് അപ്പീൽ പോകാൻ അവകാശമില്ല. സർക്കാറിനു താൽപര്യമുള്ള കേസിൽ മാത്രമേ ആകാവൂ. ഇതിൽ സർക്കാറിന് താൽപര്യമില്ല. വിധിയെ സ്വാഗതം ചെയ്യുക മാത്രമാണ് മാർഗം.
മറുവശത്ത് പ്രതികൾ ഏരിയ, ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ ഉൾെപ്പടെ 14 പേരാണ്. അപ്പീൽ പോയില്ലെങ്കിൽ പാർട്ടിയിൽ കുഴപ്പമാകും. 14 പേരുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനും കേസിനും ഭീമമായ ചെലവാണ് വന്നുചേരുന്നത്. പാർട്ടിക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചതിനാൽ പ്രത്യക്ഷത്തിൽ ധനസമാഹരണമോ പാർട്ടി ഫണ്ടോ ഉപയോഗിക്കാൻ കഴിയില്ല. അതേസമയം, തുക സമാഹരി ക്കുകയും വേണം. അതിനുള്ള ഏകവഴി വിദേശത്ത് രഹസ്യമായി ധനസമാഹരണം നടത്തുകയെന്നതാണ്. ക്രിമിനൽ അഭിഭാഷകൻ ആളൂരിനെ ജാമ്യ കേസിനെത്തിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ‘അത് പാർട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ല, അയാളുടെ വിദേശത്തുള്ള സുഹൃത്തുക്കൾ സഹായിച്ചതാണെന്നാ’ണ് സി.പി.എം നേതാവ് നൽകിയ മറുപടി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയപ്പോൾ ഫെബ്രുവരി 17ന് ഞായാറാഴ്ചയാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെടുന്നത്. കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ തെളിയിക്കുന്ന നീക്കങ്ങളാണ് ഉണ്ടായത്. അന്വേഷണം ശരിയായനിലയിൽ പോകുന്നുവെന്ന തോന്നലുണ്ടായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ നീക്കി. പിന്നാലെ സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെയും മാറ്റി. 21 അംഗ സംഘത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ മാത്രം റിപ്പോർട്ട് തയാറാക്കി.
മറ്റുള്ളവർ നോക്കുകുത്തികളായി. കേസിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ടുപേരെ ഒഴിവാക്കി കുറ്റപത്രം തയാറാക്കി. സാക്ഷികളെല്ലാം പ്രതികളെ സഹായിക്കുന്നവരായി. പ്രതികൾക്ക് കുറ്റകൃത്യവുമായുള്ള ബന്ധം വിച്ഛേദിച്ചു. ചില പ്രതികൾക്കെതിരെ തെളിവുകളില്ലാത്തതും എളുപ്പം ജാമ്യം ലഭിക്കാവുന്നവരായിരുന്നിട്ടും ജാമ്യത്തിന് അപേക്ഷിച്ചില്ല. ഇവയൊക്കെ കോടതിക്ക് സംശയം ജനിപ്പിച്ച കാര്യങ്ങളായി.
അപ്പീൽ സർക്കാർ പരിഗണനയിൽ
തിരുവനന്തപുരം: പെരിയ കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈകോടതിവിധിക്കെതിരെ അപ്പീല്‍പോകുന്ന കാര്യം സർക്കാറിെൻറ സജീവപരിഗണനയിൽ. മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാടാകും ഇൗ വിഷയത്തിൽ അന്തിമം. അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് ആലോചന.
വിദഗ്ധ നിയമോപദേശം തേടിയശേഷമാകും ഇക്കാര്യത്തിൽ തുടര്‍നടപടി. ഉപതെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിെക്ക അപ്പീൽ പോകുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയും സർക്കാറിനുണ്ട്. എന്നാൽ, ഉപതെരഞ്ഞെടുപ്പിന് മുമ്പുതന്നെ അപ്പീല്‍ നൽകണമെന്നും ഇല്ലെങ്കിൽ അത് സർക്കാറിെൻറ കുറ്റസമ്മതമായി വ്യാഖ്യാനിച്ച് പ്രതിപക്ഷം പ്രചരിപ്പിക്കുമെന്നുമുള്ള മറുവാദവും സർക്കാർ കേന്ദ്രങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.