തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ ആക്ഷേപങ്ങൾക്കെതിരെ ആഞ്ഞടിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവറയിലാണ് മുല്ലപ്പള്ളിയെന്നും ജനങ്ങളുടെ ജീവൻവെച്ച് രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റിയതിനാണ് ആരോഗ്യമന്ത്രിയെ വേട്ടയാടാൻ ശ്രമിക്കുന്നത്. മന്ത്രിക്കെതിരായ പരാമർശം പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. സ്ത്രീവിരുദ്ധവും േമച്ഛവുമാണ്. മന്ത്രിക്കെതിരായ പരാമർശം മാത്രമല്ല, കേരളം ഒന്നാമതെത്തിയത് സഹിക്കാനാകാഞ്ഞിട്ടുള്ള ക്ഷോഭം കൂടിയാണത്. സർക്കാർ നിലപാടുകളിലെ വിയോജിപ്പ് പറയുന്നത് അന്തസ്സോടും ബഹുമാനത്തോടെയുമാകണം. ആരോഗ്യപ്രവര്ത്തകരുടെകൂടി ആത്മധൈര്യം കെടുത്തുന്ന പദപ്രയോഗമാണ് അദ്ദേഹം നടത്തിയത്.
നിപ പ്രതിരോധത്തിനിടെ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. നിപയെ ചെറുത്തുതോൽപിച്ചതിെൻറ അനുഭവം ഓർക്കുമ്പോൾ കൺമുന്നിൽ തെളിയുന്നത് ലിനിയുടെ മുഖമാണ്. ലോകം മുഴുവൻ ആരാധിക്കുന്ന പോരാളിയാണ് ലിനി. അവരെ അംഗീകരിക്കണമെന്ന് നിർബന്ധമില്ല, ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികാലത്ത് തെൻറ കൂടെനിന്നത് ആരാണെന്ന് സജീഷ് പറഞ്ഞുവെന്നതിെൻറ പേരിലാണ് പ്രതിഷേധമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.