ന്യൂഡൽഹി: രാഷ്ട്രപതിസ്ഥാനത്തേക്ക് പൊതുസ്വീകാര്യനെ കണ്ടെത്താനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ നിലപാടുമാറ്റത്തിനിടെ പ്രതിപക്ഷ കക്ഷികളുടെ യോഗം വ്യാഴാഴ്ച. വൈകീട്ട് 4.30ന് പാർലെമൻറ് ലൈബ്രറി മന്ദിരത്തിൽ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. ഭരണപക്ഷത്തിെൻറ വിജയം ഏതാണ്ട് ഉറച്ച സാഹചര്യത്തിൽ കടുംപിടിത്തങ്ങൾ വിട്ട് സമവായ സ്ഥാനാർഥിത്വത്തിലേക്ക് എത്താനാവും സാധ്യത.
ബുധനാഴ്ച പട്നയിൽ ചേർന്ന ജെ.ഡി.യു എം.എൽ.എമാരുടെ യോഗമാണ് രാംനാഥിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. ഇക്കാര്യം സോണിയ ഗാന്ധിയെയും ആർ.എൽ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെയും നേതൃത്വം അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്ത് പൊതുസ്വീകാര്യനെ കണ്ടെത്താനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് തുടക്കമിട്ടത് നിതീഷായിരുന്നു. ഏപ്രിലിൽ, സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ച് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലേതുപോലെ സഖ്യം ഉണ്ടാകേണ്ടതിെൻറ ആവശ്യകത നിതീഷാണ് പറഞ്ഞത്. പക്ഷേ, മേയ് 26ന് സോണിയ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. അടുത്ത ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ അദ്ദേഹത്തിെൻറ നിലപാടിൽ അഭ്യൂഹം ഉയർന്നു. ബിഹാർ ഗവർണർകൂടിയായ രാംനാഥിെൻറ പേര് ബി.ജെ.പി പ്രഖ്യാപിച്ചതോടെ നിതീഷ് വീണ്ടും ആടിയുലഞ്ഞു. പാർട്ടി യോഗമാവും അന്തിമ തീരുമാനം എടുക്കുകയെന്ന അദ്ദേഹത്തിെൻറ വാക്കുകളിലായിരുന്നു പ്രതിപക്ഷ പ്രതീക്ഷ. നേരേത്ത, മുൻപന്തിയിലായിരുന്ന ജെ.ഡി.യു നേതാവ് ശരദ് യാദവും കഴിഞ്ഞ ദിവസങ്ങളിൽ നിശ്ശബ്ദനായി. അസുഖത്തെ തുടർന്ന് ചികിത്സയിെലന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. മോദിയെ പ്രധാനമന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് രണ്ട് ദശാബ്ദമായുള്ള ബി.ജെ.പി ബന്ധം 2013ൽ നിതീഷ് ഉപേക്ഷിച്ചത്. തുടർന്ന് ആർ.ജെ.ഡിയോടും കോൺഗ്രസിനോടും സഖ്യത്തിലേർപ്പെട്ടു.
നിതീഷ് നിലപാടുമാറ്റം പ്രഖ്യാപിച്ചതോടെ ഇന്നത്തെ യോഗത്തിൽ എത്ര പ്രതിപക്ഷ കക്ഷികൾ പെങ്കടുക്കുമെന്ന ആശങ്ക കോൺഗ്രസിനും ഇടതുകക്ഷികൾക്കുമുണ്ട്. മേയ് 26ലെ യോഗത്തിൽ 17 കക്ഷി നേതാക്കളാണ് പെങ്കടുത്തത്. കഴിഞ്ഞ ദിവസംവരെ പ്രകാശ് അംബേദ്കർ, യു.ജി.സി മുൻ ചെയർമാൻ സുഖാഡിയോ തോരത്ത്, ദലിത് നേതാവ് പോൾ ദിവാകർ, സി.പി.െഎ നേതാവ് ഡി. രാജ ഉൾപ്പെടെയുള്ള പേരുകൾ ഇടതുപക്ഷത്തുനിന്നും മീരാകുമാർ, സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ എന്നിവരുടേത് കോൺഗ്രസിൽനിന്നും ഉയർന്നിരുന്നു. എന്നാൽ, നിതീഷിെൻറ പിന്മാറ്റത്തോടെ ഇന്നത്തെ യോഗത്തിൽ ആരൊക്കെ പെങ്കടുക്കുമെന്ന് നോക്കിയശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടിലേക്ക് കക്ഷി നേതാക്കൾ മാറി. സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് എൻ.ഡി.എക്ക് പിന്തുണ നൽകുമെന്ന സൂചന നിലനിൽക്കെ മകനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പ്രതിപക്ഷയോഗത്തിൽ പെങ്കടുക്കുമെന്ന് വ്യക്തമാക്കി. ദലിത് സ്ഥാനാർഥി അല്ലെങ്കിൽ ബി.ജെ.പിയെ എതിർക്കാൻ പ്രയാസമാവുമെന്ന നിലപാട് നേരേത്തതന്നെ ബി.എസ്.പി നേതാവ് മായാവതി സ്വീകരിച്ചിട്ടുണ്ട്. മമത ബാനർജിയുടെ നിലപാടും നിർണായകമാണ്. ഉയർന്നുകേൾക്കുന്ന പേരുകൾ സംബന്ധിച്ച് ഒരു കക്ഷികളും തമ്മിൽ അനൗദ്യോഗികമോ ഒൗദ്യോഗികമോ ആയ ചർച്ച നടന്നിട്ടില്ലെന്ന് സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
മത്സരം പ്രതീകാത്മകം ആയതോടെ കോൺഗ്രസിേൻറത് ഉൾപ്പെടെ സ്ഥാനാർഥികളെ പിന്തുണക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് ഇടതുപക്ഷം. അബ്ദുൽ കലാമിേൻറത് അടക്കമുള്ള ചില അവസരം ഒഴിച്ചാൽ കോൺഗ്രസ് സ്ഥാനാർഥിയെ മുമ്പും ഇടതുപക്ഷം പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.