ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘നീചൻ’ പ്രയോഗത്തിൽ പൊള്ളിയത് കോൺഗ്രസിന്, പുറത്തായത് മണിശങ്കർ അയ്യർ; നേട്ടം ബി.ജെ.പിക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മോദിയെ ചായവിൽപനക്കാരനായി മണിശങ്കർ അയ്യർ പരിഹസിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. തന്നെ അപഹസിച്ചെന്ന് മോദി പ്രസംഗവേദികളിൽ ഉടനീളം പറഞ്ഞു നടന്നപ്പോൾ, പരിക്കേറ്റവെൻറ വേദനയാണ് വോട്ടർമാർ ഉൾക്കൊണ്ടത്. അന്നത്തെ ദുരനുഭവം ഒാർത്ത് വിരണ്ട കോൺഗ്രസ്, മോദി മുതലാക്കുമെന്ന് ഉറപ്പായതുകൊണ്ട് ഇക്കുറി കാത്തുനിന്നില്ല. അയ്യർ മാപ്പു പറഞ്ഞിട്ടും മണിക്കൂറുകൾക്കകം സസ്പെൻഷൻ വന്നു. പക്ഷേ, മോദി മുറിവേറ്റ വികാരം പ്രസംഗവേദികളിൽ പ്രകടിപ്പിക്കുകതന്നെ ചെയ്തു. ബി.ജെ.പിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്ന സർവേ ഫലങ്ങൾക്കിടയിൽ, മണിശങ്കർ ചെയ്ത ‘ഉപകാര’മായി നീചൻ പ്രയോഗം ബി.ജെ.പി പ്രയോജനപ്പെടുത്തുന്നതാണ് വെള്ളിയാഴ്ച കണ്ടത്.
ഇന്ത്യയും പാകിസ്താനുമായുള്ള സമാധാനവഴിയിൽ തടസ്സം നിൽക്കുന്ന തന്നെ വകവരുത്താൻ പാകിസ്താനിൽ പോയി വാടകക്കൊലക്ക് കരാർ കൊടുത്തയാളാണ് മണിശങ്കർ അയ്യരെന്നുവരെ നരേന്ദ്ര മോദി പ്രസംഗിച്ചു. 2015ൽ പാകിസ്താനിലെ ഒരു ചർച്ചാ പരിപാടിയിൽ മണിശങ്കർ നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് മോദിയുടെ വ്യാഖ്യാനം.
താൻ പ്രധാനമന്ത്രിയായ ശേഷം അയ്യർ പാകിസ്താനിൽ പോയി ചില പാകിസ്താനികളെ കണ്ടു. മോദിയെ മാറ്റാതെ ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം നന്നാവില്ലെന്നാണ് ആ യോഗത്തിൽ അയ്യർ പറഞ്ഞത്. പക്ഷേ, ദൈവം രക്ഷിക്കുന്നു. അതുകൊണ്ട് ജനങ്ങൾ പേടിക്കേണ്ടതില്ല. മൂന്നു വർഷം മുമ്പാണ് ഇൗ ചർച്ചകൾ നടന്നത്. അന്ന് അത് മൂടിവെക്കുകയാണ് കോൺഗ്രസ് ചെയ്തത്. അയ്യർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.
എന്താണ് താൻ ചെയ്ത കുറ്റമെന്ന് മോദി ചോദിച്ചു. ജനാധിപത്യ മാർഗത്തിൽ ജനങ്ങൾ തന്നെ തെരഞ്ഞെടുത്തു. ബന്ധത്തിൽ തടസ്സമുണ്ടാക്കുന്നതിനാൽ വകവരുത്താൻ പാകിസ്താനിൽ പോയി പ്രസംഗിക്കുന്നു. മണിശങ്കർ അയ്യർ നടത്തിയ അധിക്ഷേപം യഥാർഥത്തിൽ തനിക്കു നേരെയാണോ ഗുജറാത്തിലെ വോട്ടർമാർക്കു നേരെയാണോ? ഇന്ത്യയിലെ സംസ്കാര സമൂഹത്തിനു നേരെയാണോ തനിക്കു നേരെയാണോ? -മോദി ചോദിച്ചു. ജനങ്ങൾ ഇതിന് മറുപടി കൊടുക്കുമെന്നും മോദി പറഞ്ഞു. തന്ത്രപരമായ നീക്കമാണ് സസ്പെൻഷനെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. തെൻറ പദപ്രയോഗം കൊണ്ട് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എന്തെങ്കിലും പരിക്കു പറ്റിയാൽ പാർട്ടി പറയുന്ന ഏതു ശിക്ഷയും സ്വീകരിക്കാൻ തയാറാണെന്ന് മണിശങ്കർ അയ്യർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.