ന്യൂഡൽഹി: രാജസ്ഥാനിൽ ബി.ജെ.പി ഭരണം അട്ടിമറിക്കാമെന്ന കണക്കുകൂട്ടലുകൾക്കിടയിൽ നേതൃസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉയർന്ന തർക്കത്തിന് താൽക്കാലിക വിരാമം. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പി.സി.സി അധ്യക്ഷൻ സചിൻ പൈലറ്റും തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാരെന്ന് അപ്പോൾ തീരുമാനിക്കും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇടപെടലിനൊടുവിൽ, രണ്ടു നേതാക്കളും ഒന്നിച്ച് എ.െഎ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എ.െഎ.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലെത്തിയിട്ടും വീണ്ടും ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകാൻ താൽപര്യപ്പെടുന്നു. പി.സി.സി അധ്യക്ഷൻ മുഖ്യമന്ത്രിയാകുന്ന കീഴ്വഴക്കം വേണ്ടെന്നാണ് അദ്ദേഹത്തിെൻറ ന്യായം.
മുഖ്യമന്ത്രി വസുന്ധര രാജെക്ക് തിരിച്ചടി കിട്ടുമെന്ന് ഉറപ്പായ ഘട്ടത്തിൽ തമ്മിലടിച്ചും പാരവെച്ചും അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ രണ്ടുപേരെയും ഒന്നിച്ചിരുത്തി ഡൽഹിയിൽ രാഹുൽ ചർച്ച നടത്തി. ജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മുന്നോട്ടു പോകണമെന്നായിരുന്നു നിർദേശം. മുഖ്യമന്ത്രി സ്ഥാനം ഇരുനേതാക്കൾക്കുമായി തൽക്കാലം തുറന്നിട്ടിരിക്കുകയാണ്.
ബി.ജെ.പിയിൽ അടി കലശലാണ്. ഒരു എം.പി കോൺഗ്രസിൽ എത്തുകയും ചെയ്തു. അതിനെല്ലാമിടയിലാണ് കോൺഗ്രസിലെ പോര്. ഗെഹ്ലോട്ടിനെ രാജസ്ഥാനിൽനിന്ന് എ.െഎ.സി.സി ആസ്ഥാനത്തേക്ക് നേരത്തേ മാറ്റിയത് യുവനേതാവായ സച്ചിന് വഴിതെളിക്കാനാണ്. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിട്ടുകൊടുക്കാതെ ഗെഹ്ലോട്ട് കളത്തിലിറങ്ങി. രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ സചിനും താനും മത്സരിക്കുമെന്ന് അശോക് ഗെഹ്ലോട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിർേദശവും ഗെഹ്ലോട്ടിെൻറ അഭ്യർഥനയും മാനിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചുവെന്ന് തൊട്ടടുത്തിരുന്ന സചിനും വിശദീകരിച്ചു.
സദർപുരയാണ് അശോക് ഗെഹ്ലോട്ടിെൻറ പതിവു മണ്ഡലം. അജ്മീരിൽനിന്ന് പാർലമെൻറിലേക്ക് ജയിച്ച സചിൻ അവിടെയോ, പിതാവായ രാജേഷ് പൈലറ്റിെൻറ തട്ടകമായ ദൗസയിലോ മത്സരിക്കും. ദൗസയിലെ ബി.ജെ.പി എം.പി ഹരീഷ് മീണയാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഡിസംബർ ഏഴിനാണ് രാജസ്ഥാൻ നിയമസഭ തെരെഞ്ഞടുപ്പ്. വോെട്ടണ്ണൽ 11ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.