ന്യൂഡൽഹി: വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ തൃണമൂലും കോൺഗ്രസും കൈകോർക്കാൻ തീരുമാനിച്ചു; സി.പി.എം പുറത്തായി. പ്രതിപക്ഷ പാർട്ടികൾക്ക് വിജയിക്കാൻ കഴിയുന്ന ഏക സീറ്റിലാണ് സി.പി.എമ്മിെൻറ വികാസ് രഞ്ജൻ ഭട്ടാചാര്യക്ക് എതിരെ മത്സരിക്കുന്ന കോൺഗ്രസിെൻറ പ്രദീപ് ഭട്ടാചാര്യക്ക് പിന്തുണ നൽകാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചത്. കാലാവധി പൂർത്തിയാവുന്ന എം.പിയാണ് പ്രദീപ് ഭട്ടാചാര്യ.
കൊൽക്കത്ത മുനിസിപ്പാലിറ്റി മുൻ മേയറും തൃണമൂൽ കോൺഗ്രസ് പ്രതിക്കൂട്ടിലായ ചിട്ടി ഫണ്ട് കേസിൽ സി.പി.എം പോരാട്ടത്തിെൻറ മുൻനിരയിലുള്ള നേതാവുമാണ് വികാസ് രഞ്ജൻ ഭട്ടാചാര്യ. ഇതോടെ ആഗസ്റ്റ് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒഴിയുന്ന നിലവിലുള്ള സീറ്റ് നഷ്ടപ്പെടുമെന്നത് ഉറപ്പായി. മറ്റ് അഞ്ചു സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയ തൃണമൂൽ കോൺഗ്രസ് വിജയം ഉറപ്പാക്കിയിട്ടുണ്ട്. ആഗസ്റ്റ് 18നാണ് യെച്ചൂരിയുടെ കാലാവധി അവസാനിക്കുന്നത്.
294 അംഗ നിയമസഭയിൽ കോൺഗ്രസിന് 39 എം.എൽ.എമാരും ഇടതുപക്ഷത്തിന് 33 പേരുമാണുള്ളത്. 42 വോട്ടാണ് വിജയിക്കാനായി ഒരു സ്ഥാനാർഥിക്ക് വേണ്ടത്. പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ കണ്ടെത്തണമെന്നും കഴിഞ്ഞില്ലെങ്കിൽ ഇടതുമുന്നണി സ്വന്തം സ്ഥാനാർഥിയെ നിർത്തണമെന്നുമാണ് കേന്ദ്ര കമ്മിറ്റി ബംഗാൾ ഘടകത്തോട് നിർദേശിച്ചത്. യെച്ചൂരിക്ക് മൂന്നാം തവണയും സ്ഥാനാർഥിത്വം എന്ന ആവശ്യം തള്ളിയിരുന്നു. ഒരേസമയം തൃണമൂൽ കോൺഗ്രസിലും ബി.ജെ.പിയിലും നിന്നുള്ള കടുത്ത വെല്ലുവിളി മറികടക്കാൻ കോൺഗ്രസുമായി അടവ് ബന്ധം വേണമെന്നാണ് ബംഗാൾ ഘടകത്തിെൻറ ആവശ്യം.
യെച്ചൂരിയുടെ വഴി സി.പി.എം കേന്ദ്ര നേതൃത്വം തന്നെ അടച്ചതോടെ സമവായ സ്ഥാനാർഥിക്ക് ഇടനൽകാതെ സ്വന്തം സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് ഹൈകമാൻഡിെൻറ അറിവോടെ സംസ്ഥാന കോൺഗ്രസ് ഘടകം തീരുമാനിച്ചു. കോൺഗ്രസ് ഹൈകമാൻഡും മമത ബാനർജിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രദീപ് ഭട്ടാചാര്യയെ പിന്തുണക്കാൻ തീരുമാനിച്ചതെന്ന് ബംഗാൾ പാർലമെൻററികാര്യ മന്ത്രി ഡോ. പാർഥ ചാറ്റർജി ‘മാധ്യമ’ത്തോട് പറഞ്ഞു. ബി.ജെ.പിക്കെതിരെ മതേതര പാർട്ടികൾ ഒന്നിക്കണമെന്ന തീരുമാനത്തിെൻറകൂടി അടിസ്ഥാനത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കോൺഗ്രസിൽ ഒരു വിഭാഗത്തിന് പ്രദീപിെൻറ സ്ഥാനാർഥിത്വത്തോട് താൽപര്യമില്ലെന്ന് അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പിൽ അത് തങ്ങൾക്ക് വോട്ടായി മാറുമെന്ന കണക്കുകൂട്ടലുമാണ് ഇടതുമുന്നണിയുടെ ഭാഗമായി സ്വന്തം സ്ഥാനാർഥിയെ നിർത്താൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് അബ്ദുൽ മന്നാൻ അടക്കമുള്ളവർക്ക് തങ്ങളോട് ആലോചിക്കാതെ തീരുമാനമെടുത്തതിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ, പ്രദീപിെൻറ സ്ഥാനാർഥിത്വത്തിൽ തനിക്ക് എതിർപ്പില്ലെന്നും പക്ഷേ തൃണമൂൽ പിന്തുണക്കുമോയെന്ന് അറിയില്ലെന്നുമാണ് അബ്ദുൽ മന്നാൻ ‘മാധ്യമ’ത്തോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.