തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കി രാജ്യസഭാ സീറ്റ് ദാനം. യു.ഡി.എഫ് ഘടകകക്ഷിയല്ലാത്ത കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കൾ രംഗത്ത് വന്നു. കോൺഗ്രസ്-ലീഗ് നേതാക്കൾ മാത്രം ചേർന്ന് തീരുമാനമെടുത്ത ശേഷം യു.ഡി.എഫ് യോഗം ചേരുന്നതിൽ ഘടകകക്ഷികൾക്കും അതൃപ്തി.
മാണിയുടെ മുന്നണിപ്രവേശനം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രാവിലെ 11.30ന് പ്രതിപക്ഷനേതാവിെൻറ ഔദ്യോഗികവസതിയിൽ യു.ഡി.എഫ് യോഗം ചേരുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയിച്ചു. കേരള കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം രാവിലെ പത്തിന് ചേർന്ന് യു.ഡി.എഫിൽ ചേരാൻ തീരുമാനിക്കും. സ്ഥാനാർഥിനിർണയം കേരള കോൺഗ്രസിലും കീറാമുട്ടിയാകുകയാണ്. പി.ജെ. ജോസഫ് വിഭാഗം സീറ്റ് ആവശ്യപ്പെടാനൊരുങ്ങുകയാണ്.
സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് സ്ഥാനം രാജിവെച്ചു. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ്. കെ.പി.സി.സി പ്രസിഡൻറിനെ മുസ്ലിം ലീഗ് പ്രഖ്യാപിക്കുമെന്നും അടുത്ത തവണ മുഖ്യമന്ത്രിസ്ഥാനം ലീഗിന് നൽകുമെന്നും പരിഹാസമുയരുന്നു.
ആത്മഹത്യാപരമായ തീരുമാനമാണിതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ പ്രതികരിച്ചു. കോണ്‍ഗ്രസ് ജയിക്കുമെന്നുറപ്പുള്ള രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയത് ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയാണെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. ദുർബലമായ േകാൺഗ്രസ് ഘടകകക്ഷിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് യുവ എം.എൽ.എമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എസ്. ശബരീനാഥൻ, അനിൽ അക്കര, വി.ടി. ബൽറാം, റോജി എം. ജോൺ എന്നിവർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം പണയപ്പെടുത്തുന്ന തീരുമാനം നേതൃത്വം കൈക്കൊള്ളരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ പറഞ്ഞു. ഏതാനും കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ ചേർന്ന് തീരുമാനമെടുത്ത ശേഷം എന്തിന് മുന്നണി യോഗം ചേരണമെന്ന് മുതിർന്ന ഘടകകക്ഷി നേതാവ് പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ഏതൊക്കെ ഘടകകക്ഷി നേതാക്കൾ സംബന്ധിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.