ന്യൂഡൽഹി: കോൺഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാർട്ടിക്കുണ്ടാവില്ലെന്ന 21ാം പാർട്ടി കോൺഗ്രസ് തീരുമാനത്തിന് മറിച്ചൊരു സമീപനം സ്വീകരിക്കുന്നത് പാർട്ടിവിരുദ്ധമെന്ന നേതൃത്വത്തിെൻറ നിലപാട് ഭൂരിപക്ഷം അംഗീകരിക്കുകയായിരുന്നു.
എന്നാൽ, ബംഗാളിൽനിന്നും മറ്റുമുള്ള ചില അംഗങ്ങൾ യെച്ചൂരിയെ മൂന്നാം തവണയും മത്സരിപ്പിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ ബംഗാൾ ഘടകത്തിെൻറ ആവശ്യത്തിന്മേൽ നടന്ന വോെട്ടടുപ്പിൽ 50 പേർ യെച്ചൂരിയുടെ സ്ഥാനാർഥിത്വത്തിന് എതിരായി വോട്ട് ചെയ്തു. ബംഗാൾ ഘടകത്തിന് അനുകൂലമായി 28 വോട്ടുകളേ ലഭിച്ചുള്ളൂ. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി തുടർന്ന അയഞ്ഞബന്ധം രാജ്യസഭ തെരഞ്ഞെടുപ്പിലും തുടരണമെന്ന ബംഗാൾ ഘടകത്തിെൻറ പിടിവാശിക്കുമേൽ പാർട്ടി മാനദണ്ഡത്തിനൊപ്പം ബഹുഭൂരിപക്ഷം ഘടകങ്ങളും അംഗങ്ങളും നിലകൊണ്ടതോടെ രാജ്യസഭയിലേക്ക് ബംഗാൾ ഘടകത്തിന് ഇനി പുതിയ സ്ഥാനാർഥിയെ തേടണം.
മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചൊവ്വാഴ്ചയാണ് രാജ്യസഭ സീറ്റ് വിഷയം ചർച്ചയായത്. യോഗത്തിൽ യെച്ചൂരി വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ അടക്കം ചില നേതാക്കൾ പി.ബിക്ക് കുറിപ്പ് നൽകിയിരുന്നു. ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി മൂന്നാം തവണയും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ജൂൺ ഏഴിലെ പോളിറ്റ്ബ്യൂറോ തീരുമാനം സംഘടനാചുമതലയുള്ള എസ്. രാമചന്ദ്രൻ പിള്ള യോഗത്തിൽ റിപ്പോർട്ട് ചെയ്തു. കൂടാതെ, പി.ബി തീരുമാനം അനുസരിച്ച് താൻ മത്സരിക്കാനില്ലെന്ന് ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നേതൃത്വം അറിയിച്ചു.
എന്നാൽ, വിഷയത്തിന്മേൽ ചർച്ച വേണമെന്ന് ബംഗാളിൽനിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടു. 48 പേർ ചർച്ചയിൽ പെങ്കടുത്തു. കേരളത്തിൽനിന്നുള്ള അംഗങ്ങളിൽനിന്നടക്കം ശക്തമായ എതിർപ്പാണ് യെച്ചൂരിയുടെ സ്ഥാനാർഥിത്വത്തിലും കോൺഗ്രസ് സഹായത്തോടെ മത്സരിക്കുന്ന വിഷയത്തിലും ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.