ന്യൂഡൽഹി: തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പിനിടെ വോട്ടുയന്ത്രങ്ങൾ വ്യാപകമായി കേടുവന്ന ഉത്തർപ്രദേശിലെ കൈരാന ലോക്സഭ മണ്ഡലത്തിലെ 73 ബൂത്തുകളിലും മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ട്യ ലോക്സഭ മണ്ഡലത്തിലെ 49 ബൂത്തുകളിലും നാഗാലാൻഡിലെ ഒരു ബൂത്തിലും ബുധനാഴ്ച റിപോളിങ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ബി.ജെ.പിക്കെതിരെ പ്രതിപക്ഷം സംയുക്ത സ്ഥാനാർഥിയെ നിർത്തിയ കൈരാനയിലടക്കം തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്ന ലോക്സഭ, നിയമസഭ മണ്ഡലങ്ങളിൽ ഒന്നര മണിക്കൂറിലേറെ വോട്ടുയന്ത്രം പ്രവർത്തനരഹിതമായ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് പ്രതിപക്ഷ പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു. 10 സംസ്ഥാനങ്ങളിലെ ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പുകൾക്ക് വിതരണം ചെയ്ത വോട്ടു യന്ത്രങ്ങളിൽ 10 ശതമാനവും പ്രവർത്തനരഹിതമായിരുന്നു.
കൈരാനയിലും ഭണ്ഡാര ഗോണ്ട്യയിലും 20 ശതമാനം വിവിപാറ്റ് യന്ത്രങ്ങളും മാറ്റേണ്ടി വന്നു. രാജ്യത്ത് ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പിൽ ഇത്രയും യന്ത്രങ്ങൾ മാറ്റേണ്ടിവരുന്നത്. ഇൗ മണ്ഡലങ്ങളിൽ ആദ്യമായാണ് വോട്ടുയന്ത്രങ്ങൾ ഉപയോഗിക്കുന്നതെന്നും അതുകൊണ്ടാണ് കൂടുതൽ തകരാർ സംഭവിച്ചതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് പറഞ്ഞു. കൈരാനയിലെ 16.09 ലക്ഷം വോട്ടർമാരിൽ 54 ശതമാനം മാത്രമാണ് തിങ്കളാഴ്ച വോട്ടു ചെയ്തത്. അതേസമയം, വോട്ടുയന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് അവസാനിപ്പിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. കോൺഗ്രസും ബി.എസ്.പിയും നേരത്തേ ഇൗ ആവശ്യമുന്നയിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായ ബൂത്തുകളിൽ വോട്ടുയന്ത്രം വ്യാപകമായി കേടുവന്നത് ജനാധിപത്യത്തിലെ അപകട പ്രവണതയാണ് കാണിക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.