കോഴിക്കോട്: ബിഹാറിൽ മഹാസഖ്യം തകർത്ത് ജെ.ഡി.യു നേതാവ് നിധീഷ് കുമാർ ബി.ജെ.പി പക്ഷത്തേക്ക് പോയതോടെ കേന്ദ്ര നേതൃത്വവുമായി ബന്ധം വിേച്ഛദിച്ച പാർട്ടി കേരള ഘടകം എസ്.ജെ.ഡി (സോഷ്യലിസ്റ്റ് ജനതാദൾ) പുനരുജ്ജീവിപ്പിക്കും. നാലുവർഷം മുമ്പ് തൃശൂരിൽ നടന്ന മഹാസമ്മേളനത്തിൽ ജനതാദൾ-യുവുമായി ലയിച്ച സോഷ്യലിസ്റ്റ് ജനതാദൾ ബിഹാറിൽ അരങ്ങ് തകർക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ ഫലമായി വീണ്ടും സജീവമാകുകയാണ്.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സിറ്റിങ് സീറ്റ് എൽ.ഡി.എഫ് നിഷേധിച്ചതിനെ തുടർന്നാണ് ജനതാദൾ സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ട് എസ്.െജ.ഡി രൂപവത്കരിച്ചത്. ഇത് പിന്നീട് യു.ഡി.എഫിൽ ഘടകകക്ഷിയാവുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമയത്ത് ബിഹാർ മുഖ്യമന്ത്രി നിധീഷ് കുമാറുമായി പലതവണ ചർച്ച നടത്തിയ ശേഷമാണ് എസ്.ജെ.ഡി പിന്നീട് ജെ.ഡി.യുവിൽ ലയിച്ചത്. തൃശൂരിൽ നടന്ന ലയന സമ്മേളനത്തിൽ ജെ.ഡി.യുവിെൻറ പ്രധാന നേതാക്കളായ നിധീഷ്കുമാറും ശരത് യാദവും പെങ്കടുക്കുകയും ചെയ്തിരുന്നു. ലയിച്ചപ്പോൾ കേരളത്തിൽനിന്നുള്ള നേതാക്കളായ വർഗീസ് ജോർജിന് ജെ.ഡി.യു ദേശീയ ജനറൽ സെക്രട്ടറിയുടെയും എം.പി. ശ്രേയാംസ് കുമാറിന് ദേശീയ സെക്രട്ടറിയുടെയും പദവികൾ ലഭിക്കുകയും ചെയ്തു.
ഇൗ മാസം നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിധീഷ് കുമാറിെൻറ നിലപാട് മാറ്റത്തോടെ കേരള ഘടകം മാറി ചിന്തിച്ചുതുടങ്ങിയിരുന്നു. നിധീഷ് കുമാർ ബി.ജെ.പി രാഷ്ട്രപതി സ്ഥാനാർഥി രാം നാഥ് കോവിന്ദിെന പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ജെ.ഡി.യു കേരള ഘടകം പ്രസിഡൻറ് വീരേന്ദ്രകുമാർ വാർത്തസമ്മേളനം വിളിച്ച് ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേരള ഘടകം വേറെ വഴി അന്വേഷിക്കുന്നതിെൻറ സൂചന അദ്ദേഹം നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച നിധീഷ് കുമാർ ബി.ജെ.പി പിന്തുണ ഉറപ്പാക്കി മണിക്കൂറുകൾക്കകം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് വീരേന്ദ്രകുമാർ ഡൽഹിയിൽ വാർത്തസമ്മേളനം വിളിച്ച് അഖിലേന്ത്യ ഘടകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതായി വ്യക്തമാക്കിയത്. എന്തു വില കൊടുക്കേണ്ടി വന്നാലും വർഗീയ ഫാഷിസ്റ്റ് ശക്തികളുമായി ഒരു തരത്തിലുള്ള ബന്ധവും ഉണ്ടാക്കില്ലെന്നും മതേതരത്വം സംരക്ഷിക്കാൻ വേണ്ടിവന്നാൽ പാർലമെൻറംഗത്വം രാജിവെക്കാൻ വരെ തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്തദിവസം ഡൽഹിയിൽനിന്ന് തിരിക്കുന്ന എം.പി. വീരേന്ദ്രകുമാർ കേരളത്തിലെത്തി ഉടൻ സംസ്ഥാന കൗൺസിൽ വിളിച്ചുചേർത്ത് ഭാവിപരിപാടികൾ തീരുമാനിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കാനാകും കൗൺസിൽ യോഗം ആദ്യം തീരുമാനിക്കുക എന്നാണ് സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തുന്നത്. തുടർന്ന് എൽ.ഡി.എഫുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും പാർട്ടി നേതൃത്വം ഗൗരവമായി ആലോചിക്കുന്നുണ്ട്. ജനതാദൾ-എസുമായി ലയിക്കുന്നതിനെക്കുറിച്ചും ഒരു ഘട്ടത്തിൽ സജീവ ചർച്ച നടന്നെങ്കിലും ഇൗ വിഷയത്തിൽ ധാരണയിലെത്താൻ ആയിട്ടില്ല. ജനതാദൾ-എസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയും മകൻ കുമാരസ്വാമിയും വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലും കോൺഗ്രസിനെതിരെ ബി.ജെ.പിയുമായി ധാരണയിലെത്തിയേക്കുമെന്ന വിലയിരുത്തലുകൾ നടക്കുന്നതിനാലാണിത്. അതേസമയം, വീരേന്ദ്രകുമാറിെൻറ നടപടിയെ ജനതാദൾ-എസ് സംസ്ഥാന നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.