ആര്‍.എല്‍.ഡിയുടെ സ്വപ്നവും ഗണിതവും

ലഖ്നോവിലെ രാഷ്ട്രീയ ലോക്ദള്‍ ആസ്ഥാനത്ത് കൂട്ടലും കിഴിക്കലും നടക്കുന്നുണ്ട്. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണാന്‍ ഇനി ഏതാനും ദിവസം മാത്രം. വോട്ടെണ്ണിക്കഴിയുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ളെന്നു വന്നേക്കാം. അതിനെ ചുറ്റിപ്പറ്റിയാണ് ഗണിതം പുരോഗമിക്കുന്നത്. പാര്‍ട്ടി ഓഫിസിലെ സംസ്ഥാന പ്രസിഡന്‍റിന്‍െറ കസേരയിലിരുന്ന് ഡോ. മസൂദ് അഹ്മദ് അവകാശപ്പെട്ടു: ‘‘ആര്‍.എല്‍.ഡിയുടെ പിന്തുണയില്ലാതെ ഇത്തവണ യു.പിയില്‍ ആരും സര്‍ക്കാറുണ്ടാക്കാന്‍ പോകുന്നില്ല’’.

കാരണം? മസൂദ് അഹ്മദ് തുടര്‍ന്നു: ‘‘തൂക്കുസഭയാണ് വരാന്‍ പോകുന്നത്. സമാജ്വാദി പാര്‍ട്ടിക്ക് 403ല്‍ ഏറിയാല്‍ 110 സീറ്റ് കിട്ടും. അതിനപ്പുറമില്ല. ബി.ജെ.പിയോ ബി.എസ്.പിയോ 125 സീറ്റുവരെ പിടിച്ച് വലിയ ഒറ്റക്കക്ഷിയാവും. അന്നേരം ഞങ്ങളുടെ പിന്തുണയില്ലാതെ ആര്‍ക്കും സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ളെന്ന സ്ഥിതിവരും. പല ചെറു പാര്‍ട്ടികളെയും വേണ്ടിവരും.’’

ആര്‍.എല്‍.ഡിക്ക് എത്ര സീറ്റു കിട്ടുമെന്ന ചോദ്യത്തിന് സംസ്ഥാന പ്രസിഡന്‍റ് കൃത്യമായ ഉത്തരം പറഞ്ഞില്ല. ‘‘കഴിഞ്ഞതവണ 10 സീറ്റ് കിട്ടിയതാണ്. ഇക്കുറി സീറ്റ് ഗണ്യമായി വര്‍ധിക്കും. പശ്ചിമ യു.പിയില്‍ ഇത്തവണ ഞങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങള്‍’’. ജാട്ട് സമുദായവും കര്‍ഷകരും ആര്‍.എല്‍.ഡിയെ ശക്തമായി പിന്തുണക്കുമെന്ന അവകാശവാദത്തിന് മസൂദ് അഹ്മദ് കാരണങ്ങള്‍ വിശദീകരിച്ചു.

ജാട്ട് സമുദായക്കാര്‍ നല്ലപങ്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പമായിരുന്നു. നരേന്ദ്ര മോദിക്കുള്ള പിന്തുണ മാത്രമല്ല, മുസഫര്‍നഗര്‍ കലാപത്തിനുശേഷമുള്ള സാഹചര്യങ്ങളും അങ്ങനെയായിരുന്നു. എന്നാലിപ്പോള്‍ കാര്യം അങ്ങനെയല്ല. യു.പിയില്‍ മാത്രമല്ല, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ജാട്ട് സമുദായത്തിന് സ്വാധീനമുണ്ട്. ഒ.ബി.സി സംവരണം സംബന്ധിച്ച് നല്‍കിയ ഉറപ്പുകളൊന്നും മോദിസര്‍ക്കാര്‍ പാലിച്ചിട്ടില്ല. സമരം നടത്തിയവരെ കേസില്‍ കുടുക്കിയിട്ടിരിക്കുന്നു.

നോട്ട് അസാധുവാക്കിയതോടെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. അതും പശ്ചിമ യു.പിയില്‍ തിരിച്ചടിച്ചിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടിയെ പിന്തുണക്കില്ളെന്ന ഉറച്ച നിലപാടാണ് ജാട്ടുകള്‍ക്ക്. മുസഫര്‍നഗര്‍ കലാപത്തിനുശേഷമുള്ള കേസുകള്‍ തന്നെ പ്രധാനകാരണം. അതുകൊണ്ട് ജാട്ട് സമുദായത്തിന്‍െറ വോട്ട് ബി.ജെ.പിക്കും എസ്.പിക്കും കിട്ടില്ല. അതു തിരിച്ചറിഞ്ഞതു കൊണ്ടാണ് സമാജ്വാദി പാര്‍ട്ടി ആര്‍.എല്‍.ഡിയുമായി സഖ്യത്തിനു താല്‍പര്യപ്പെടാതിരുന്നത്. സഖ്യമാകുമ്പോള്‍ ഏറിയാല്‍ രണ്ടു ഡസന്‍ സീറ്റാണ് മത്സരിക്കാന്‍ കിട്ടുക. അതുകൊണ്ട് സഖ്യം വേണ്ടെന്ന് ആര്‍.എല്‍.ഡിയും തീരുമാനിച്ചു. ജയിക്കുന്നത് എത്രയുമാകട്ടെ, 350 സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്തു.

പശ്ചിമ യു.പിയില്‍ മാത്രമല്ല, ജാട്ടുകള്‍ക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം ജാട്ട് വോട്ട് ആര്‍.എല്‍.ഡിക്കോ, അതല്ളെങ്കില്‍ ബി.എസ്.പിക്കോ പോകും. പശ്ചിമ യു.പിയില്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ആര്‍.എല്‍.ഡിയും ബി.എസ്.പിയുമായിരിക്കും. ന്യൂനപക്ഷ വോട്ട് ഭിന്നിച്ചുപോകും. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അവസാന മണിക്കൂറില്‍ ഉണ്ടാക്കിയ സഖ്യമൊന്നും ഏശാന്‍ പോകുന്നില്ല. ചരണ്‍സിങ്ങിനോട് മുലായം സിങ് എന്തുചെയ്തുവെന്ന് ചരിത്രത്തിലുണ്ട്. അതുതന്നെയാണിപ്പോള്‍ മുലായത്തോട് മകന്‍ അഖിലേഷ് ചെയ്തത്. ആര്‍.എല്‍.ഡിയുടെ കഥ കഴിക്കാനാണ് കുറെക്കാലമായി എസ്.പി കളിക്കുന്നത്. പക്ഷേ, ഇക്കുറി കളിക്കാന്‍ പോകുന്നത് ആര്‍.എല്‍.ഡിയാണ്. ത്രിശങ്കു സഭ വന്നാല്‍ ആരെ പിന്തുണക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന ചോദ്യത്തിന് മസൂദ് അഹ്മദ് മറുപടി പറഞ്ഞില്ല. കാറ്ററിഞ്ഞു പാറ്റുമെന്ന് മലയാളം.

Tags:    
News Summary - RLD dreams of up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.