പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നാമജപങ്ങളിലൂടെ തുടങ്ങിയ സമരം രാഷ്ട്രീയ സമരമായി മാറുന്നു. ബുധനാഴ്ച പന്തളത്തുനിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന ലോങ്മാർച്ചിന് സംഘ്പരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. പിന്നാലെ വ്യാഴാഴ്ച പ്രവീൺ തൊഗാഡിയയുടെ സംഘടനയായ അന്തർദേശീയ ഹിന്ദു പരിഷത്തിെൻറ നിർദേശപ്രകാരം ശബരിമല സംരക്ഷണ സമിതി നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംഘ്പരിവാറിൽനിന്ന് പുറത്തായശേഷം തൊഗാഡിയ ഉണ്ടാക്കിയ സംഘടനയാണ് എ.എച്ച്.പി. ഭക്തരുടേതെന്ന പേരിൽ ആരംഭിച്ച ശബരിമല സമരം വിവിധ സംഘടനകളിലൂടെ പന്തളത്തുനിന്ന് നിലക്കലിലേക്കും ഭരണസിര കേന്ദ്രത്തിലേക്കും നീളുേമ്പാൾ രണ്ടാം വിമോചന സമരത്തിനുള്ള ഗൂഢനീക്കമായാണ് ഇടതു നേതാക്കൾ വിലയിരുത്തുന്നത്. അതിനെ നേരിടാൻ, നാമജപത്തോടെയുള്ള സമരത്തിനെതിരെ സ്ത്രീകളെ സംഘടിപ്പിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ ആഭിമുഖ്യത്തിൽ തുറന്ന പ്രതിരോധവും ആരംഭിച്ചു. പത്തനംതിട്ടയിൽ നടന്ന സ്ത്രീ അവകാശ സംരക്ഷണ സംഗമം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സർക്കാർ അനുകൂല നിലപാട് എടുത്തതോടെ പ്രശ്നം സംഘടനകളുെട തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണ്.
തൊഗാഡിയക്കൊപ്പം വി.എച്ച്.പിയിൽ ഉണ്ടായിരുന്ന ഹിന്ദു ഹെൽപ്ലൈൻ ചുമതലക്കാരനായ പ്രദീപ് വിശ്വനാഥാണ് ലോങ് മാർച്ച് സംഘാടകൻ. വിഷയത്തിന് ദേശീയ-അന്തർദേശീയ പരിവേഷം നൽകാനാണ് ഇവരുടെ ശ്രമം. കഴിഞ്ഞദിവസം ഇവർ ശബരിമല വിഷയത്തിൽ ആസ്ട്രേലിയയിൽ പ്രകടനം നടത്തിയിരുന്നു. ശിവസേന രാജ്ഭവനിലേക്ക് മാർച്ച് നടത്തി. കേരളത്തിലെ സമരം ഉദ്ഘാടനം ചെയ്യുന്നത് ഉത്തർപ്രദേശിലെ സാധ്വി ബാലികാ സരസ്വതിയാണ്. കടുത്ത ഹിന്ദുത്വ പ്രസ്താവനകൾകൊണ്ട് ശ്രദ്ധേയയായ സാധ്വി പ്രാച്ചിയുമുണ്ട്. സ്ത്രീ പ്രവേശനത്തെ ആദ്യം അനുകൂലിച്ച ആർ.എസ്.എസ് സംസ്ഥാന നേതൃത്വം പിന്നീട് ഡൽഹിയിൽ പോയി അമിത്ഷായെക്കണ്ട് കേരളത്തിെൻറ അവസ്ഥ വിവരിച്ച് സംഘ്പരിവാർ സംഘടനകളെ ഒത്തൊരുമിപ്പിച്ച് കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചാണ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.
പന്തളം കൊട്ടാരം നേതൃത്വം നൽകിയ നാമജപം സ്ത്രീസാന്നിധ്യംകൊണ്ട് വലിയ മുന്നേറ്റമാകുമെന്ന് അവർപോലും കരുതിയിരുന്നില്ല. അതോടെ പലയിടത്തും എൻ.എസ്.എസും മറ്റും ആഹ്വാനം ചെയ്ത സമരത്തിൽ സംഘ്പരിവാർകൂടി ചേർന്നതോടെ സമരം വിശാലമാകുകയായിരുന്നു. പന്തളം കൊട്ടാരം ആഹ്വാനം ചെയ്ത ലോങ്മാർച്ച് സംഘ്പരിവാർ ഏറ്റെടുക്കുകയായിരുന്നു. പത്തനംതിട്ട ഒഴികെ ജില്ലകളിലെ 200 താലൂക്ക് കേന്ദ്രങ്ങളിൽ റോഡ് ഉപേരാധം സംഘടിപ്പിക്കും. നിലക്കലിലേക്ക് സമരം നീക്കിയത് സംഘ്പരിവാറിനോട് നേരിട്ട് ബന്ധമില്ലാത്ത ശബരിമല സംരക്ഷണ സമിതിയാണ്. ഇവരുടെ സമരവും ബി.ജെ.പി ഏറ്റെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.