അഖിലേഷുമായി പ്രശ്നമില്ലെന്ന് മുലായം; കലങ്ങിത്തെളിയാതെ സമാജ് വാദി പാര്‍ട്ടി

ന്യൂഡല്‍ഹി: പിതാവും പുത്രനും തമ്മിലുള്ള വടംവലിയില്‍ സമാജ് വാദി പാര്‍ട്ടി എങ്ങോട്ടെന്ന ചിത്രം തെളിഞ്ഞില്ല. പാര്‍ട്ടി ചിഹ്നം സൈക്കിളിനുള്ള അവകാശവാദം മുലായവും അഖിലേഷ് പക്ഷവും തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് ആവര്‍ത്തിച്ചു. പിതാവും പുത്രനും രണ്ടുവഴിക്കെന്ന സൂചനയാണ് ഇത് നല്‍കുന്നത്. എന്നാല്‍, തിങ്കളാഴ്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സൈദിയെ കണ്ടശേഷം മുലായം പറഞ്ഞത്  മകന്‍ അഖിലേഷുമായി പ്രശ്നങ്ങളൊന്നുമില്ളെന്നാണ്. ഒത്തുതീര്‍പ്പിനുള്ള  സാധ്യത നേരിയതാണെങ്കിലും അവശേഷിക്കുന്നതിന്‍െറ സൂചനയാണ്  മുലായമിന്‍െറ വാക്കുകള്‍.  

മുലായമിനെ മാറ്റി പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുത്തെങ്കിലും പിതാവുമായി പിരിയുകയാണെന്ന് അഖിലേഷ് പ്രഖ്യാപിച്ചിട്ടുമില്ല.  ‘പാര്‍ട്ടിയില്‍  മറ്റുചില പ്രശ്നങ്ങളുണ്ട്. അത് ഞങ്ങള്‍ പരിഹരിക്കുകയും ചെയ്യും. അഖിലേഷിനെ പ്രകോപിപ്പിക്കുന്നതിന് പിന്നില്‍ ഒരാളാണ്’ -മുലായം പറഞ്ഞു.  എസ്.പി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവിനെയാണ് മുലായം സൂചിപ്പിച്ചത്. മുലായം കുടുംബാംഗവും അഖിലേഷ് പക്ഷത്തെ പ്രമുഖനുമായി രാം ഗോപാല്‍ യാദവിനെ രാജ്യസഭയില്‍ എസ്.പിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുലായം രാജ്യസഭ ചെയര്‍മാന്‍കൂടിയായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് കത്തും നല്‍കി.

നിലവില്‍  സമാജ്വാദി പാര്‍ട്ടി മുലായം പക്ഷം, അഖിലേഷ് പക്ഷം എന്നിങ്ങനെ രണ്ടാണ്. ജനപ്രതിനിധികളും നേതാക്കളും ഏറെയും അഖിലേഷ് പക്ഷത്താണ്. പാര്‍ട്ടി ചിഹ്നത്തിനുള്ള അവകാശവാദം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇരുപക്ഷത്തിനും നല്‍കിയ സമയം തിങ്കളാഴ്ച കഴിഞ്ഞു. ഭൂരിപക്ഷം ജനപ്രതിനിധികളുടെയും സംസ്ഥാന നേതാക്കളുടെയും രേഖാമൂലമുള്ള പിന്തുണ കമീഷനെ അറിയിച്ച അഖിലേഷ് പക്ഷം ചിഹ്നം തങ്ങള്‍ക്കാണ് ലഭിക്കേണ്ടതെന്ന് വാദിക്കുന്നു. അംഗബലത്തില്‍ ഏറെ പിന്നിലായ മുലായം  അഖിലേഷിനെ അധ്യക്ഷനായി തെരഞ്ഞെടുത്ത ജനുവരി ഒന്നിലെ യോഗം ഭരണഘടന വിരുദ്ധമാണെന്നും താനുണ്ടാക്കിയ പാര്‍ട്ടിയുടെ അധ്യക്ഷനായി തുടരുന്നതിനാല്‍ ചിഹ്നവും തന്‍േറതാണെന്ന വാദമാണ് കമീഷന് മുന്നില്‍ വെച്ചിരിക്കുന്നത്.

ജനുവരി 17നാണ് യു.പിയില്‍ ആദ്യഘട്ട പോളിങ്ങിന്‍െറ നാമനിര്‍ദേശം തുടങ്ങുക. അതിനുമുമ്പ് കമീഷന്‍ തീരുമാനമെടുക്കേണ്ടതുണ്ട്. പെട്ടെന്ന് തീര്‍പ്പാക്കാനാകാത്ത സാഹചര്യമാണെങ്കില്‍ ചിഹ്നം മരവിപ്പിക്കുകയാണ്  കമീഷന്‍ സ്വീകരിക്കുന്ന നടപടി.  ജനങ്ങള്‍ക്ക് ചിരപരിചിതമായ ചിഹ്നം നഷ്ടപ്പെടുന്നത്  ഇരുപക്ഷത്തിനും കനത്ത ആഘാതമാണ്്. പാര്‍ട്ടി ചിഹ്നം തങ്ങള്‍ക്ക് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് അഖിലേഷ് പക്ഷത്തിന്. തര്‍ക്കം ഉന്നയിച്ച് ചിഹ്നം അഖിലേഷിന് കിട്ടാതിരിക്കാനാണ് മുലായം ശ്രമിക്കുന്നത്.  ചിഹ്നം മരവിപ്പിക്കുന്ന സാഹചര്യം വന്നാല്‍, അതുവെച്ച് വിലപേശാനാണ് മുലായമിന്‍െറ കരുനീക്കം. ചിഹ്നം നഷ്ടപ്പെടുന്ന സാഹചര്യം വരുകയാണെങ്കില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇരുപക്ഷവും വീണ്ടും തയാറായേക്കുമെന്നാണ് ഒത്തുതീര്‍പ്പിന് ചരടുവലിക്കുന്ന അഅ്സംഖാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കുവെക്കുന്ന പ്രതീക്ഷ.  

 

Tags:    
News Summary - samajwadi party internal conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.