സീറ്റുവിഭജനം നീളുന്നു; തർക്കത്തിൽ തട്ടി മുന്നണികൾ

കോട്ടയം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചെങ്കിലും മുന്നണികളുടെ സ്ഥാനാർഥി നിർണയം വൈകുന്നു. ഘടകകക്ഷികൾ തമ്മിൽ സീറ്റുധാരണ ഉണ്ടാകാത്തതാണ് തീരുമാനം വൈകുന്നതിൽ പ്രധാന കാരണം. ജില്ലയിലെ നിരവധി പഞ്ചായത്തുകളിൽ യു.ഡി.എഫ് പ്രാദേശിക തലത്തിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.

മുന്നണിയിൽ സീറ്റുവിഭജനം നടത്തിയ പഞ്ചായത്തുകളിലും കോൺഗ്രസിലും കേരള ​േകാൺഗ്രസ് ജോസഫ് വിഭാഗത്തിലുമുള്ള ആഭ്യന്തര തർക്കങ്ങളുള്ളതും സ്ഥാനാർഥി പ്രഖ്യാപനത്തിന് വിലങ്ങാവുന്നു. എൽ.ഡി.എഫിലാവട്ടെ കേരള കോൺഗ്രസ് ജോസ് വിഭാഗം, ജനാധിപത്യ കേരള കോൺഗ്രസ്, ലോക് താന്ത്രിക് ജനതാദൾ എന്നീ മുന്നു കക്ഷികൾക്കുകൂടി സീറ്റ്​ വീതംവെക്കേണ്ടിവരുന്നതോടെ സീറ്റ്​ വിഭജനത്തിൽ നട്ടംതിരിയുകയാണ് പലയിടത്തും.

കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗവും മുന്നണിയിലെത്തിയെങ്കിലും ജില്ലയിൽ കാര്യമായ വേരോട്ടമില്ലാത്തതിനാൽ സീറ്റ് തർക്കത്തിൽ കക്ഷിയല്ല. സി.പി.എമ്മും സി.പി.ഐയും പങ്കിട്ടെടുത്ത സീറ്റുകളാണ് കൂടുതലും വിട്ടുകൊടുക്കേണ്ടിവരുക.

എൽ.ഡി.എഫിൽ നേരത്തേതന്നെയുള്ള കേരള കോൺഗ്രസ് സ്കറിയ വിഭാഗം, ജനതാദൾ എന്നിവർക്ക് ഇപ്രാവശ്യം കാര്യമായ പരിഗണനയുണ്ടാവാൻ സാധ്യതയില്ല. ഇവരുടെ കൈവശമുള്ള സീറ്റുകൾകൂടി പുതിയ കക്ഷികൾക്ക് നൽകാനാണ് നീക്കം. കേരള കോൺഗ്രസ് എം യു.ഡി.എഫിൽ ഉണ്ടായിരുന്നപ്പോൾ ലഭിച്ച സീറ്റുകൾ എൽ.ഡി.എഫിൽ ലഭിക്കാത്ത സാഹചര്യമാണ്.

പാർട്ടി പിളർന്നത് സീറ്റ്​ കുറക്കാനുള്ള കാരണമായി എൽ.ഡി.എഫ് വിശദീകരിക്കുന്നുണ്ട്. ക്രൈസ്തവ മേഖലകളിലുള്ള വാർഡുകൾ കേരള കോൺഗ്രസിനും ജനാധിപത്യ കേരള കോൺഗ്രസിനും വിട്ടുകൊടുക്കാനാണ് സി.പി.എമ്മും സി.പി.ഐയും തീരുമാനിച്ചിരിക്കുന്നത്.

പ്രാദേശിക നേതാക്കളെ ഉറപ്പിച്ചുനിർത്താൻ പരമാവധി സീറ്റുകൾ സംഘടിപ്പിച്ചുനൽകാനാണ് കേരള കോൺഗ്രസ് വിഭാഗങ്ങളുടെ ശ്രമം. യു.ഡി.എഫ് പതിവുപോലെ മുന്നണിക്കുള്ളിലെ തർക്കങ്ങളും പാർട്ടിക്കുള്ളിൽ തർക്കങ്ങളുമൊക്കെ പരിഹരിച്ച് അവസാനനിമിഷമേ സ്ഥാനാർഥിപട്ടിക പുറത്തിറക്കാൻ സാധ്യതയുള്ളൂ. 

Tags:    
News Summary - seat division continues; UDF and LDF in internal problams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.