പാലക്കാട്: യൂത്ത് കോൺഗ്രസ് യൂത്ത് കെയറിന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയും ഡി.വൈ.എഫ്.ഐയെ പ്രശംസിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് പരോക്ഷ മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ പ്രസ്ഥാനം മറക്കില്ലെന്ന് ഷാഫി പറമ്പിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
'ഒരു സർക്കാർ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങൾ കൊണ്ടും സുമനസ്ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾക്ക് കർമ്മ ധീരമായി നേതൃത്വം നൽകുകയും, അതേസമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമര സജ്ജരായി നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെടുകയും ക്രൂര മർദനങ്ങൾക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവർത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.' -ഷാഫി പറമ്പിൽ പോസ്റ്റിൽ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ല സമ്മേളനത്തിലായിരുന്നു ചെന്നിത്തല ഡി.വൈ.എഫ്.ഐയെ അഭിനന്ദിച്ചത്. ‘‘കോവിഡ് കാലത്ത് നമ്മളൊക്കെ യൂത്ത് കെയർ ഉണ്ടാക്കി. പക്ഷേ, കെയർ മാത്രം ഉണ്ടായില്ല. അതേസമയം, അവിടുത്തെ ഡി.വൈ.എഫ്.ഐക്കാർ സജീവമായിരുന്നു. പല മെഡിക്കൽ കോളജുകളിലും വർഷങ്ങളായി പൊതിച്ചോർ വിതരണം ചെയ്യുന്ന പതിവ് അവർക്കുണ്ട്. പലയിടത്തുനിന്നായി ശേഖരിച്ച് കൊടുക്കും. ഓരോ പ്രദേശങ്ങളിലും യൂത്ത് കോൺഗ്രസുകാർ സന്നദ്ധ സേവകരെപ്പോലെ പ്രവർത്തനം നടത്തി അവരെ കോൺഗ്രസിന് അനുകൂലമാക്കി മാറ്റുകയാണ് വേണ്ടത്’ – ഇതായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.