കെ.പി.സി.സി നിർവാഹക സമിതിയിൽ തരൂരിനും മുരളീധരനും രൂക്ഷ വിമർശനം

തിരുവനന്തപുരം: കെ.പി.സി.സി സമ്പൂർണ നിർവാഹകസമിതി യോഗത്തിൽ ശശി തരൂരിന് രൂക്ഷ വിമർശനം. ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്‍റെ നേതൃസ്ഥാനം ഏതെങ്കിലും പ്രാദേശികകക്ഷികൾക്ക് വിട്ടുനൽകണമെന്ന തരൂരിന്‍റെ പ്രസ്താവനക്കെതിരെയാണ് വിമർശനമുയർന്നത്. യോഗത്തിൽ സംസാരിച്ച ഭൂരിഭാഗം നേതാക്കളും തരൂരിന്‍റെ നിലപാടിനോട് വിയോജിച്ചു. കെ. മുരളീധരനെതിരെയും പരോക്ഷ വിമർശനമുണ്ടായി.

പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നെന്ന് പ്രഫ. പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. തരൂരിനെ പാർട്ടിക്ക് ആവശ്യമാണ്. എന്നാൽ, പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന പ്രസ്താവനകൾ വരുന്നത് ശരിയല്ല. കെ.പി.സി.സി പ്രസിഡന്‍റ് തരൂരുമായി സംസാരിച്ച് ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തിലെ ഫാഷിസ്റ്റ് സർക്കാറിനെതിരെ പോരാടുന്നതിനിടെ അതിനെ ദുർബലമാക്കുന്ന പ്രസ്താവനയാണ് തരൂർ നടത്തുന്നതെന്ന് ജോൺസൻ എബ്രഹാം കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകൾ വകവെച്ച് കൊടുക്കാനാവില്ല. ഗുരുതര അച്ചടക്കലംഘനമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കൾപോലും അച്ചടക്കം ലംഘിക്കുന്നെന്ന് അച്ചടക്കസമിതി ചെയർമാൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ വിവാദം സൃഷ്ടിച്ചത് ശരിയായില്ലെന്ന് കെ.പി. ശ്രീകുമാർ പറഞ്ഞു. പാർട്ടി ഓഫിസിനുനേരെ ദിവസം ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കിൽ ഉറക്കംവരാത്ത ചില നേതാക്കളുണ്ടെന്ന് കെ. മുരളീധരനെ ഉന്നമിട്ട് എം.എം. നസീർ വിമർശിച്ചു. പാർട്ടിയിൽ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ചുകെട്ടണമെന്ന് അൻവർ സാദത്ത് ആവശ്യപ്പെട്ടു.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിയ ജാഥകളിൽ ഒന്നിന്‍റെ പോലും നേതൃത്വം വനിതകൾക്ക് നൽകാതിരുന്നത് ശരിയായില്ലെന്ന് ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടി. മുതിർന്ന നേതാക്കൾ തമ്മിൽ സംസാരിച്ച് തീർക്കേണ്ട വിഷയങ്ങൾ മാധ്യമ വാർത്തകളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മിക്കനേതാക്കളും ആവശ്യപ്പെട്ടു.

കെ.പി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെ നിർവാഹക സമിതിയംഗങ്ങൾ, രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ എന്നിവരെയാണ് ക്ഷണിച്ചതെങ്കിലും പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലായതിനാൽ എം.പിമാരും മുൻകൂട്ടി തീരുമാനിച്ച പരിപാടികളുണ്ടായിരുന്നതിനാൽ രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരും പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് ഉച്ചക്കുശേഷമാണ് വന്നത്.

Tags:    
News Summary - Shashi Tharoor and K Muraleedharan were severely criticized in the KPCC executive committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.