ആരോരുമറിയാത്ത, കെട്ടിവെച്ച പണം കിട്ടില്ലെന്നുറപ്പുള്ള അഹ്മദാബാദ് നഗരത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥി കഴിഞ്ഞ ദിവസം ഒരു വിരുന്നൊരുക്കി. സ്വന്തമായി പോസ്റ്റര്‍ അടിക്കാൻ കാശില്ലാഞ്ഞിട്ടുകൂടി അദ്ദേഹം ബിരിയാണി വെച്ചുവിളമ്പിയത് 3000 പേര്‍ക്ക്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിൽ വീറുറ്റ മത്സരം നടക്കുന്ന അഹ്മദാബാദിലെ ഏഴ് മണ്ഡലങ്ങളിലൊന്നിലായിരുന്നു ഈ വിരുന്ന്. ഇതിന് പണമെവിടെനിന്നു വന്നുവെന്ന കാര്യത്തില്‍ ആർക്കുമില്ല സംശയം. അവിടെയെത്തിയവരിൽ പകുതി പേര് വോട്ടു ചെയ്താല്‍പോലും അതിെൻറ ഗുണം ലഭിക്കുക ബി.ജെ.പിക്കാണ്. കോട്ടം കോൺഗ്രസിനും. അടിത്തറയുള്ള സംസ്ഥാനങ്ങളില്‍പോലും പാര്‍ട്ടി കൊണ്ടുനടക്കാൻ പണമില്ലാത്ത ബി.എസ്.പി, എസ്.പി, എൻ.സി.പി എന്നിവയാണ് ഒരു ക്ഷാമവുമില്ലാതെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പണം വാരിക്കോരി ചെലവഴിക്കുന്നത്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിെൻറയും കൊടിതോരണങ്ങള്‍ വെച്ച വാഹനങ്ങൾ മണ്ഡലങ്ങളില്‍ സജീവമല്ലെങ്കിലും ചെറുകിട പാർട്ടികളുടെ പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. ആരോടും സഖ്യമില്ലാതെ ബി.എസ്.പി പോലും 165 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. 2007ലും 2012ലും കോണ്‍ഗ്രസിനൊപ്പം നിന്ന് മത്സരിച്ച എൻ.സി.പി 72 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കിയിരുന്നു. 2012ല്‍ അഞ്ച് സീറ്റില്‍ സഖ്യമുണ്ടാക്കി മത്സരിച്ച എന്‍.സി.പി ഇത്തവണ 16 സീറ്റാണ് കോണ്‍ഗ്രസിനോട് ചോദിച്ചത്. അതില്‍തന്നെ ജയിച്ചുവന്ന എം.എൽ.എ കന്താല്‍ ജദേജ നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹ്മദ് പട്ടേലിനെ തോല്പിക്കാന് ബി.ജെ.പി സ്ഥാനാര്‍ഥിക്കാണ് വോട്ടുചെയ്തത്. സ്വന്തമായി ജയിക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ, കോണ്‍ഗ്രസിനെ ഏതുവിധത്തിലും പരിക്കേല്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് പാര്‍ട്ടി മാറി. സൂറത്തിലെ 16 സീറ്റുകളില്‍ ഒമ്പതിലും എൻ.സി.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ട് ജന്വികല്പ് പാര്‍ട്ടിയുണ്ടാക്കിയ ആർ.എസ്.എസുകാരന് ശങ്കര്‍സിംഗ് വഗേലയും മകനും എൻ.സി.പിയുമായും ആം ആദ്മി പാര്‍ട്ടിയുമായും സഖ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തോല്‍വി ഉറപ്പുള്ള വഗേലയും മകനും മത്സര രംഗത്തിറങ്ങിയില്ലെങ്കിലും തങ്ങളുടെ പാര്‍ട്ടിയുടെ പേരില്‍ 70 സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിച്ചു. ഛോട്ടുഭായ് വാസവ ശരദ് യാദവിനൊപ്പം പോയതോടെ ഒരു നേതാവുമില്ലാതായ നിതീഷ് കുമാറിെൻറ ജനതാദളും ഇറക്കി 11 പേരെ. തങ്ങള്‍ സീറ്റ് ധാരണക്ക് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് അതിന് തയാറായില്ലെന്ന് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത് അഞ്ച് പേരെയാണ്. ഉത്തര്‍പ്രദേശില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ വോട്ടര്‍മാരായ മണ്ഡലങ്ങളില്‍ ഇതും ബാധിക്കുക കോണ്‍ഗ്രസിനുതന്നെ.
ഇവിടേക്കാണ് മൂന്നൂറോളം ആപ് വളണ്ടിയര്‍മാരുമായി ഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിൻ സബര്‍മതി സ്റ്റേഷനിെലത്തിയിരിക്കുന്നത്. ഗുജറാത്തിലേക്ക് ഡല്‍ഹിയില്‍നിന്നുള്ള രണ്ടാമത്തെ പ്രചാരണ സംഘമാണിത്. പകുതിയോളം വനിത വളണ്ടിയര്‍മാരുള്ള സംഘം മുദ്രാവാക്യം വിളിയോടെ ഒരുമിച്ചാണ് സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് വന്നത്. അടിത്തറയില്ലാത്തതിനാല്‍ മുനിസിപ്പൽ, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആപ്, 33 സ്ഥാനാര്‍ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ഇവരെല്ലാവരും തങ്ങളുടെ രക്ഷക്കാണല്ലോ വരുന്നത് എന്നതുതന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രതീക്ഷ. മുമ്പൊരു തെരഞ്ഞെടുപ്പിലും രൂപപ്പെടാത്ത ഭരണവിരുദ്ധ വികാരം മറികടക്കാന്‍ പരമാവധി വിരോധ വോട്ട് ഭിന്നിപ്പിക്കുകതന്നെയാണ് പാർട്ടിക്ക് മുമ്പിലുള്ള എളുപ്പ വഴി. അഹ്മദാബദിലെ 16 സീറ്റുകളില്‍ കഴിഞ്ഞ തവണ കേവലം ഒന്നിലേക്ക് കോണ്‍ഗ്രസിനെ ചുരുട്ടിക്കെട്ടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് ഈ വോട്ടു ഭിന്നിപ്പിക്കല്‍ തന്ത്രത്തിലൂടെയായിരുന്നു.
സ്ഥാനാർഥികളിൽ 137 പേർക്ക് ക്രിമിനൽ പശ്ചാത്തലം
ആദ്യഘട്ട സ്ഥാനാർഥികളിൽ 198 പേർ കോടിപതികൾ
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 923 സ്ഥാനാർഥികളിൽ 137 പേർക്ക് ക്രിമിനൽ പശ്ചാത്തലം. 198 പേർ േകാടിപതികൾ.
കൊല, വധശ്രമം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങി ഗുരുതര കുറ്റങ്ങളിൽ പ്രതികളാണ് 78 പേർ. ക്രിമിനൽ കേസ് പ്രതികളായ സ്ഥാനാർഥികളിൽ 22 പേർ ബി.ജെ.പിക്കാരാണ്. 31 പേർ കോൺഗ്രസുകാർ. ബി.എസ്.പിക്കാരായ 11 പേർ പട്ടികയിലുണ്ട്. നാലുപേർ എൻ.സി.പിക്കാരാണ്. 19 എ.എ.പിക്കാരുണ്ട് എന്നതും ശ്രദ്ധേയം.
ഗുരുതര കുറ്റം നേരിടുന്നവരിൽ 10 പേർ ബി.ജെ.പിക്കാരും 20 പേർ കോൺഗ്രസുകാരുമാണ്. ബി.എസ്.പിക്കാർ എട്ടുപേരുണ്ട്. 89 മണ്ഡലങ്ങളിൽ 21 എണ്ണം അതിജാഗ്രതാ നിർദേശം നൽകിയ മണ്ഡലങ്ങളാണ്.
സ്ഥാനാർഥികൾ നാമനിർദേശ പത്രികക്കൊപ്പം നൽകിയ വിവരങ്ങളിൽനിന്ന് ഗുജറാത്ത് ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവ ക്രോഡീകരിച്ചതാണ് ഇൗ വിവരം. 923 സ്ഥാനാർഥികളിൽ 198 പേർ േകാടിപതികളാണ്. അഞ്ചുകോടിക്കുമേൽ ആസ്തി കാണിച്ച 65 സ്ഥാനാർഥികളുണ്ട്. രണ്ടുകോടിയിൽ കൂടുതലും അഞ്ചു കോടിയിൽ താഴെയും വരുന്ന ആസ്തിയുടെ ഉടമകൾ 60 പേരാണ്. 50 ലക്ഷം മുതൽ രണ്ടുകോടി വരെ ആസ്തിയുള്ളവർ 161 പേരുണ്ട്. ബി.ജെ.പിയുടെ 89ൽ 76 പേരും കോടിപതികളാണ്. കോൺഗ്രസിെൻറ 86ൽ 60 പേർ കോടിപതികളാണ്. എ.എ.പിയുടെ 19ൽ ആറുപേരാണ് കോടിപതികൾ. ആസ്തിരഹിത സ്ഥാനാർഥികൾ രണ്ടു പേരുണ്ട്; പോർബന്തറിലെ സ്വതന്ത്രൻ യു.പി. വല്ലഭ്ദാസ്, സോമനാഥിലെ റഫീഖ് ഹസൻ ചൗഹാൻ എന്നിവർ. 600 രൂപ മുതൽ 2000 രൂപ വരെ ആസ്തിയായി കാണിച്ച മൂന്നു സ്ഥാനാർഥികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.