കോൺഗ്രസ്​ വിഴുപ്പലക്കൽ സമൂഹ മാധ്യമങ്ങളിലേക്ക്​ 

തിരുവനന്തപുരം: ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തോടെ ആരംഭിച്ച കോൺഗ്രസ്​ ചർച്ചക്ക്​ ചൂടേറുന്നു. യുവ എം.എൽ.എമാരുടെ പരസ്യ നിലപാടും കൂടി വന്നതോടെ ചർച്ച സമൂഹ മാധ്യമങ്ങളിലേക്ക്​ മാറി. മുതിർന്ന നേതാക്കൾ അടക്കം വിശദീകരണവും മറുപടിയുമായുണ്ട്​. 

കേരളത്തിൽ കെ.എസ്‌.യുവും  യൂത്ത് കോൺഗ്രസ്സും ഇപ്പോഴത്തെ അവസ്​ഥയിൽ എത്തിയത്​  രാജ്യസഭയിൽ "വൃദ്ധന്മാർ" പോയതുകൊണ്ടാണോയെന്നാണ് പി.ജെ.കുര്യന്‍റെ ചോദ്യം. ഈ യുവ എം.എൽ.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

താൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എൽ.എ മാർ കുതിര കയറുന്നത്?  ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എം.എൽ.എ മാരൊക്കെ 25 -28 വയസ്സിൽ എം.എൽ.എ മാർ ആയവരാണ്. ഞാൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി,  ബ്ലോക്ക് പ്രസിഡന്റ്,  ഡിസിസി ട്രഷറർ,  കെപിസിസി മെമ്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, വി.എം. സുധീരനെ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ്  കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാർട്ടി  സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. മത്സരിച്ച് ജയിച്ചു. അഞ്ച് തവണ പാർട്ടി സീറ്റ് നൽകി, അഞ്ച് തവണയും  ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഉറച്ച സീറ്റ് ആക്കി മാറ്റാൻ കഴിഞ്ഞു-അദേഹം പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് അടങ്ങുന്ന ബൂത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്നിലായതിനെ കുറിച്ച് പരസ്യമായി വിലപിക്കുന്നവർ കഴിഞ്ഞ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതു പരിശോധിക്കണമെന്നാണ് കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രമണ്യന്‍റെ പ്രതികരണം.  കെ മുരളീധരന്‍റെ വീട് ഉൾപ്പെടുന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ ബൂത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി.എം സുരേഷ്ബാബു മൂന്നാം സ്ഥാനത്തായിരുന്നു. ഈ വാർഡിൽ നിന്ന് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജയിച്ചത് ബി.ജെ.പിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.കെ രാഘവനും ഈ ബൂത്തിൽ പിന്നിലാണ്. ഇതിന്‍റെ പേരിൽ പക്ഷേ കെ മുരളീധരനെ ആക്ഷേപിക്കാനോ കടന്നാക്രമിക്കാനോ ആരും വന്നിട്ടില്ല.

കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ രണ്ടു തവണ പിളർപ്പിന്‍റെ ദുര്യോഗം നേരിട്ട പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്. 1978 ൽ എ കെ ആൻറണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു സി.പി.എം പക്ഷത്തേക്ക് പോയി. ഇടതുപക്ഷത്തോടൊപ്പം മത്സരിക്കുകയും സർക്കാറിൽ പങ്കാളിയാവുകയും ചെയ്‌തു. 1982 ൽ അവർ കോൺഗ്രസിൽ തിരിച്ചു വന്നപ്പോൾ കൂടെക്കൊണ്ടു പോയവരിൽ ഗണ്യമായ വിഭാഗത്തെ തിരികെ കൊണ്ടു വരാൻ കഴിഞ്ഞില്ല. കോൺഗ്രസിനു മേൽക്കൈ ഉണ്ടായിരുന്ന നിരവധി സഹകരണ സ്ഥാപനങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സി.പി.എമ്മിന്റെ സ്വന്തമായി മാറിയതു അങ്ങനെയാണ്.

കെ.കരുണാകരനും കെ.മുരളീധരനും ചേർന്ന് കോൺഗ്രസ് പിളർത്തി ഡി.ഐ.സി ഉണ്ടാക്കുകയും പിന്നീട് തിരിച്ചു വരികയും ചെയ്തിട്ട് ഏറെക്കാലം ആയിട്ടില്ല. കെ.പി.സി.സി പ്രസിഡന്‍റ് പദത്തിലിരുന്ന് കൊണ്ടാണ് മുരളീധരൻ ഡി.ഐ.സിക്കു വിത്തു വിതച്ചത്. കോൺഗ്രസിനും യു.ഡി.എഫിനും വലിയ ആഘാതമാണ് ഈ പിളർപ്പ് മൂലം സംഭവിച്ചത്. അതിൽ നിന്നു പാർട്ടിക്കു ഉയർത്തെഴുന്നേൽക്കാൻ ഏറെ സമയം വേണ്ടി വന്നു. സി.പി.എമ്മിലെ വിഭാഗീയത മൂലം ഇടതുപക്ഷത്ത് ഇടം കിട്ടാത്തതു കൊണ്ടു മാത്രമാണ് അവർ തിരിച്ചു വന്നത്. ഡി.ഐ.സി പിരിച്ചു വിട്ട ശേഷം പിന്നീട് എൻ.സി.പിയിലേക്ക് പോയി അതുവഴിയാണ് കോൺഗ്രസിലെത്തിയത്. ഈ യാത്രക്കിടയിൽ പഴയ കാല കോൺഗ്രസുകാരായ കുറേപേർ വഴിയിൽ തങ്ങി . ഡി.ഐ.സി വിട്ടു എൻ. സി.പിയിൽ പോകാൻ മടിയുള്ളവർ സി.പി.എമ്മിലേക്ക് മാറി. എൻ.സി.പി വിട്ടു കോൺഗ്രസിൽ വന്നപ്പോൾ കുറേപേർ എൻ.സി. പിയിൽ തന്നെ നിലകൊണ്ടു. കോൺഗ്രസിനു മേധാവിത്തം ഉണ്ടായിരുന്ന എത്രയോ സഹകരണ സംഘങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇതിനിടയിൽ സി.പി.എമ്മിന്‍റെ കയ്യിലായി. പാർട്ടിയുടെ അടിത്തറ തകർന്നു എന്നു വിലപിക്കുന്നവർ ഈ രണ്ടു സംഭവങ്ങളെയും വസ്തുതാപരമായി വിലയിരുത്തേണ്ടതുണ്ട്. 

കോൺഗ്രസിൽ നിന്നു പിളർന്നു പോയ ശേഷം പാർട്ടി നേതാക്കളെ അധിക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്തത് സാമാന്യ മര്യാദ പോലും കാണിക്കാതെയായിരുന്നു. അലൂമിനിയം പട്ടേലെന്നും ഉമ്മൻകോൺഗ്രസെന്നും മദാമ്മ കോൺഗ്രസെന്നുമുള്ള വിളികൾ കോൺഗ്രസ് പ്രവർത്തകർ മറന്നിട്ടില്ല. സോണിയാ ഗാന്ധിയെ മദാമ്മ എന്നു വിളിച്ചത് അവരുടെ ഇറ്റാലിയൻ പൗരത്വം ഓർമ്മിപ്പിക്കാനായിരുന്നു. കേരളത്തിലെ കോൺഗ്രസിനെ ഉമ്മൻ കോൺഗ്രസെന്ന് വിളിച്ചത് ക്രിസ്ത്യൻ കോൺഗ്രസ് എന്നു ആക്ഷേപിക്കാനായിരുന്നു. ഇതൊക്കെ ചെയ്തവർ ഇന്നു പാർട്ടിയെ വിമർശിക്കുമ്പോൾ അതിന് അർഹത ഉണ്ടോ എന്നു സ്വയം പരിശോധിക്കണം. തിരിച്ചു വന്നപ്പോൾ രണ്ടു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സി.പി.എമ്മിനെ പോലെ ബ്രാഞ്ചിൽ ഇരുത്തുകയല്ല ചെയ്തത് -സുബ്രമണ്യൻ പറയുന്നു.

കൃത്യമായ ഇടവേളകളിൽ ര​മേശ്​ ചെന്നിത്തലക്ക്​ എതിരെ സമുഹമാധ്യമങ്ങളിലൂടെ അധിക്ഷേപം ചൊരിയുന്നതിന്​ പിന്നിൽ ഉന്നതതല ഗൂഡാലോചനയു​ണ്ടെന്നാണ്​ കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധുവിന്‍റെയും എം.എം.നസീറിന്‍റെയും നിലപാട്. പരസ്യമായ വിഴുപ്പലക്കലിന്​ ഹൈക്കമാന്‍റ്​ വിലക്ക്​ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കേരളത്തിലെ ഈ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ സ്ഥിതി എന്താണെന്നു കൂടി യുവതുർക്കികളും കൗമാരകൗശലക്കാരും വെളിപ്പെടുത്തിയാൽ നന്നായിരുന്നുവെന്ന്​ ‘വീക്ഷണം’മുൻ എക്​സിക്യുട്ടിവ്​ എഡിറ്റർ ടി.വി പുരം രാജൂവും സമൂഹമാധ്യമങ്ങളിൽ പോസ്​റ്റിട്ടു.
 

Tags:    
News Summary - Social Media War Continues, Youth MLA at Congress-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.