തിരുവനന്തപുരം: സംസ്ഥാനത്ത് അവശേഷിക്കുന്ന സോഷ്യലിസ്റ്റ് ചേരിയിൽ അധികാര തമ്മിലടി രൂക്ഷം. ഇടതുമുന്നണിയുടെ ഭാഗമായ ജനതാദളി (എസ്)ലും മുന്നണി പ്രവേശനത്തിെൻറ പടിക്കലുള്ള ലോക് താന്ത്രിക് ദളിലുമാണ് തർക്കം.
മന്ത്രി മാത്യു ടി. തോമസിനെ മാറ്റണമെന്ന ആവശ്യത്തിൽ ജെ.ഡി(എസ്) ൽ തുടങ്ങിയ തർക്കം സർക്കാറിെൻറ പ്രതിച്ഛായയെ ബാധിക്കുംവിധം പടരുകയാണ്. മന്ത്രിയെ മാറ്റണമെന്ന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി വിഭാഗത്തിെൻറ ആവശ്യത്തിന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായമാണ് സംസ്ഥാന സമിതിയിലുണ്ടായത്. കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിക്കാനിരിക്കുകയാണ്. അതിനിടെയാണ് മാത്യു ടി. തോമസ് മന്ത്രിയായത് വർഗീയ കളിയിലൂടെയാണെന്ന് കൃഷ്ണൻ കുട്ടിയുടെ പി.എ ടി.ടി. അരുൺ വാട്സ്ആപ്പിലൂടെ ആക്ഷേപിച്ചത്. ‘മാർത്തോമാ സഭാ സ്വാധീനം വെച്ച് പി.ജെ. കുര്യനെ സ്വാധീനിച്ച് സോണിയാ ഗാന്ധിയെക്കൊണ്ട് ദേവഗൗഡയെ നേരിട്ട് വിളിപ്പിച്ചാണ് ഇദ്ദേഹം മന്ത്രിയായത്’ എന്നായിരുന്നു ആക്ഷേപം. വിവാദമായതോടെ പി.എയെ കൃഷ്ണൻകുട്ടി നീക്കി. സർക്കാർ ഉദ്യോഗസ്ഥനായ പി.എയുടെ മന്ത്രിവിരുദ്ധ ആക്ഷേപത്തിന് അച്ചടക്ക നടപടിക്കും നീക്കം നടക്കുന്നുണ്ട്.
ഇതിന് മന്ത്രി ഫേസ്ബുക്കിൽ മറുപടിയും നൽകി. ‘മത-രാഷ്ട്രീയ നേതാക്കളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയോ സമ്മർദതന്ത്രം പ്രയോഗിക്കുകയോ ചെയ്യേണ്ട ഗതികേട് ഉണ്ടായിട്ടില്ല’ എന്നായിരുന്നു പോസ്റ്റ്. അതിനിടെ, അടി മൂപ്പിച്ച് മന്ത്രിക്കെതിരെ പുതിയ ആക്ഷേപവും വാട്സ്ആപ് വഴി ഇറങ്ങി. മന്ത്രിയും ഭാര്യയും മന്ത്രിമന്ദിരത്തിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി, മരുമകെൻറ ഷൂ തുടക്കാൻ വിസമ്മതിച്ചതിന് കള്ളക്കേസിൽ കുടുക്കി എന്നൊക്കെയാണ് പ്രചാരണം. മന്ത്രി മാറണമെന്നത് പൊതുവികാരമാണെന്നാണ് കൃഷ്ണൻകുട്ടി വിഭാഗത്തിെൻറ വാദം. എന്നാൽ, മാത്യു ടി. തോമസിനോട് സി.പി.എം നേതൃത്വത്തിന് അനുഭാവമുണ്ട്.
മറുപടിയുമായി മാത്യു ടി. തോമസ്
തിരുവനന്തപുരം: വിശ്വാസിയായിരിക്കെ തന്നെ സംഘടിതമതത്തിെൻറ സമ്മർദതന്ത്രങ്ങളെയും രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങളെയും അകറ്റിനിർത്താൻ ഇന്നോളം കഴിഞ്ഞിട്ടുണ്ടെന്നാണ് തെൻറ സ്വയം വിലയിരുത്തലും ഉത്തമബോധ്യവുമെന്ന് മന്ത്രി മാത്യു ടി. തോമസ്. ‘തെൻറ രാഷ്ട്രീയ വളർച്ചക്കോ നിലനിൽപിനോ വേണ്ടി മത-രാഷ്ട്രീയ നേതാക്കളുമായി ഏതെങ്കിലും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയോ അവരുടെ പിന്നാലെ നടക്കുകയോ സമ്മർദതന്ത്രങ്ങൾ പ്രയോഗിക്കുകയോ ചെയ്യേണ്ട ഗതികേടും ഉണ്ടായിട്ടില്ല’ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടിയുടെ പി.എ മന്ത്രിയെ വർഗീയവാദിയെന്ന് കുറ്റപ്പെടുത്തി പാർട്ടി നേതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം അയച്ച സാഹചര്യത്തിലാണ് മാത്യു ടി. തോമസിെൻറ പ്രതികരണം.‘ഞാൻ ഒരു വിശ്വാസിയാണ്; ഒരു ക്രൈസ്തവസഭയിലെ വൈദികെൻറ മകനാണ്. മതേതരവാദി ചമയുന്നതിനായി എെൻറ വിശ്വാസത്തെയോ എെൻറ പിതാവിനെയോ തള്ളിപ്പറയാൻ ഞാൻ ഒരുക്കമല്ല. വിശ്വാസിയായിരിക്കെത്തന്നെ എന്നെ സ്വാധീനിച്ചിട്ടുള്ളത് എല്ലാ വിശ്വാസദർശനങ്ങളും ഉയർത്തിപ്പിടിക്കുന്ന സ്നേഹത്തിെൻറയും നീതിയുടെയും സമത്വത്തിെൻറയും മാനവികതയുടെയും മൂല്യങ്ങളാണ്. അത്തരം മൂല്യങ്ങളെ രാഷ്ട്രീയമായി ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷ- സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കാവും എന്നതിനപ്പുറമായ സ്ഥാപിത താൽപര്യങ്ങളൊന്നും രാഷ്ട്രീയപ്രവർത്തനരംഗത്തും എനിക്കില്ല’ -അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക് താന്ത്രിക് ദളിൽ സംസ്ഥാന പ്രസിഡൻറിനായാണ് ചേരിതിരിഞ്ഞ് പോര്. മുന്നണി പ്രവേശം ഉറപ്പായ സാഹചര്യത്തിൽ പാർട്ടി നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ എം.വി. ശ്രേയാംസ്കുമാർ, വർഗീസ് ജോർജ് അനുകൂല വിഭാഗമാണ് അരയും തലയും മുറുക്കി രംഗത്ത്. രാജ്യസഭ സീറ്റ് ലഭിച്ച പാർട്ടിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ കണ്ണുമുണ്ട്.
പാർട്ടി ശക്തികേന്ദ്രമായ കോഴിക്കോട്, കണ്ണൂർ ജില്ല കമ്മിറ്റികളുടെ പിന്തുണയാണ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വർഗീസ് േജാർജ് വിഭാഗത്തിെൻറ തുറുപ്പ്ചീട്ട്. എന്നാൽ, വീരേന്ദ്രകുമാറിെൻറ സമ്മർദത്തിന് ശരത് യാദവ് അടക്കം ദേശീയ നേതൃത്വം വഴങ്ങി ശ്രേയാംസ്കുമാറിന് നറുക്ക് വീഴുമോയെന്നും അവർ ഭയക്കുന്നു. കേരളത്തിെൻറ ചുമതല ദേശീയ നേതാക്കളിൽ ആർക്കും നൽകാത്തതിനാൽ പ്രശ്നം ശ്രദ്ധയിൽപെടുത്താനുള്ള നേതാക്കളുടെ വഴി അടഞ്ഞിരിക്കുകയാണ്. തർക്കം പാർട്ടിയുടെ ഇടതുമുന്നണി പ്രവേശനത്തെ ബാധിച്ചെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.