ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തിനൊപ്പം സോണിയ ഗാന്ധിയുടെ പടിയിറക്കംകൂടിയാണ് കോൺഗ്രസ് തിങ്കളാഴ്ച വിളംബരം ചെയ്തത്. രക്ഷാധികാരി സ്ഥാനത്തേക്കും പാർട്ടിക്ക് ഉപദേശം നൽകുന്ന റോളിലേക്കും മാറുകയാണ്, രണ്ടു പതിറ്റാണ്ട് കോൺഗ്രസിനെ നയിച്ച സോണിയ. രാഹുൽ ഗാന്ധി 16ന് സ്ഥാനമേൽക്കുന്നതിനു പിന്നാലെ, ദുർബലമായ കോൺഗ്രസിനെ സക്രിയമാക്കാൻ ലക്ഷ്യമിട്ട് എ.െഎ.സി.സിയും പ്രവർത്തക സമിതിയും അഴിച്ചുപണിയും. യുവത്വത്തിന് കൂടുതൽ പ്രാതിനിധ്യം നൽകുന്ന ഇൗ പുനഃസംഘടനയിൽ സോണിയയുടെ വിശ്വസ്തരായി നിന്ന എല്ലാവർക്കും ഇടം ലഭിക്കില്ല. ഫലത്തിൽ തലമുറ മാറ്റത്തിേലക്ക് ചുവടുവെക്കുകയാണ് കോൺഗ്രസ്.
രാഷ്ട്രീയത്തിൽനിന്ന് അകന്നു കഴിയാൻ ആഗ്രഹിച്ചിരുന്ന സോണിയ, ഇന്ത്യൻ രാഷ്ട്രീയത്തെയും ഭരണത്തെയും കോൺഗ്രസിനെയും നിരവധി വർഷങ്ങൾ നിയന്ത്രിച്ച ശേഷമാണ് മകെൻറ കൈകളിലേക്ക് നേതൃഭാരം ഏൽപിച്ചുകൊടുക്കുന്നത്. സോണിയ അമരത്തിരുന്ന രണ്ടു പതിറ്റാണ്ടുകളിൽ കയറ്റിറക്കങ്ങൾക്ക് ഒരുപോലെ കോൺഗ്രസ് സാക്ഷിയായി.
1998ൽ സീതാറാം കേസരിയെ നീക്കി സോണിയ ചുമതലയേൽക്കുേമ്പാൾ മധ്യപ്രദേശ്, ഒഡിഷ, മിസോറം, നാഗാലാൻഡ് എന്നീ നാലു സംസ്ഥാനങ്ങളിൽ മാത്രം ഭരണവും ലോക്സഭയിൽ 141 അംഗങ്ങളുമുള്ള പാർട്ടിയായിരുന്നു കോൺഗ്രസ്. നെഹ്റുകുടുംബത്തിൽനിന്നൊരാൾ വീണ്ടും അമരത്തു വന്ന് ആറു വർഷം പിന്നിട്ടപ്പോൾ പാർട്ടി കേന്ദ്രാധികാരത്തിലേക്ക് സഖ്യകക്ഷി സംവിധാനത്തിലൂടെ നടന്നുകയറി.
രാജീവ് ഗാന്ധി കൊല്ലപ്പെട്ട 1991ൽതന്നെ ചുമതലയേൽക്കാൻ നിർബന്ധമുണ്ടായെങ്കിലും സോണിയ മാറിനിൽക്കുകയായിരുന്നു. 1997ലെ കൊൽക്കത്ത പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസിെൻറ പ്രാഥമികാംഗത്വം എടുക്കുന്നതു വരെ ആ വിമുഖത തുടർന്നു. തൊട്ടടുത്ത വർഷം പാർട്ടി അധ്യക്ഷയായി. എന്നാൽ, വിദേശിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനെച്ചൊല്ലി കോൺഗ്രസിൽ ശരദ്പവാർ, പി.എ. സാങ്മ, താരിഖ് അൻവർ എന്നിവർ കലാപം ഉയർത്തിയതോടെ 1999 മാർച്ച് 15ന് സോണിയ രാജിവെച്ചു. വിദേശത്താണ് ജനിച്ചതെങ്കിലും ഇന്ത്യയാണ് തെൻറ രാജ്യമെന്നും അവസാന ശ്വാസം വരെയും ഇന്ത്യക്കാരിയായി തുടരുമെന്നും പ്രവർത്തക സമിതിക്ക് നൽകിയ രാജിക്കത്തിൽ സോണിയ എഴുതി. നെഹ്റുകുടുംബത്തോടുള്ള പ്രവർത്തകരുടെ വൈകാരികത ആളിക്കത്തി. അങ്ങനെ സോണിയ രാജി തിരിച്ചെടുത്തു; മാർച്ച് 20ന് കലാപകാരികളായ മൂന്നു നേതാക്കളും കോൺഗ്രസിൽനിന്ന് പുറത്താവുകയും ചെയ്തു.
1999 ഏപ്രിൽ 17ന് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാർ വീണപ്പോൾ പുതിയ സർക്കാർ ഉണ്ടാക്കാൻ സമയം തേടി നാലാം ദിവസം സോണിയ രാഷ്ട്രപതി കെ.ആർ. നാരായണനെ സമീപിച്ചതാണ്. 272 പേരുടെ പിന്തുണ അവകാശപ്പെടുകയും ചെയ്തു. എന്നാൽ, കോൺഗ്രസിനെ പിന്തുണക്കാമെന്ന നിലപാട് സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് തിരുത്തിയപ്പോൾ സോണിയയും കോൺഗ്രസും ഞെട്ടി. എസ്.പിയുടെയും ഇടതു പാർട്ടികളുടെയും പിന്തുണയില്ലാതെ കേവല ഭൂരിപക്ഷമുണ്ടാക്കാൻ കോൺഗ്രസിന് കഴിയില്ലായിരുന്നു. കോൺഗ്രസിനു പകരം ജ്യോതിബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദേശമാണ് മുലായം മുന്നോട്ടുവെച്ചത്. അത് സോണിയ തള്ളി.
2004ൽ കോൺഗ്രസിെൻറ ആം ആദ്മി മുദ്രാവാക്യം, ബി.ജെ.പിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തെ തോൽപിച്ചു. ഇടതുപാർട്ടികളുടെ പുറംപിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തി. സഖ്യകക്ഷി രാഷ്ട്രീയത്തിലേക്ക് ഇത്തരത്തിൽ കോൺഗ്രസിനെ വഴിനടത്തിയത് സോണിയയാണ്. എന്നാൽ, സോണിയ പ്രധാനമന്ത്രിയായില്ല. ‘വിദേശി’യെ പ്രധാനമന്ത്രിയാക്കുന്നതിനെതിരെ ബി.ജെ.പി കലാപം ഉയർത്തിയതിനിടയിൽ, പ്രധാനമന്ത്രിപദം വേണ്ടെന്നു െവക്കാനാണ് അന്തരംഗം മന്ത്രിക്കുന്നതെന്ന് സോണിയ പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ വിളിച്ചുകൂട്ടിയ പാർട്ടി നേതാക്കളുടെയും എം.പിമാരുടെയും യോഗത്തെ അറിയിച്ചു. പിന്നെ, മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലേക്ക്. അങ്ങനെ 10 വർഷം.
ഒന്നാം യു.പി.എ സർക്കാറിെൻറ തൊഴിലുറപ്പ് പദ്ധതി, രണ്ടാം യു.പി.എ സർക്കാറിെൻറ ഭക്ഷ്യസുരക്ഷ പദ്ധതി എന്നിവ സോണിയയുടെ കൂടി അഭിമാന പദ്ധതികളാണ്. ക്ഷേമത്തിനൊപ്പം മതേതരത്വ സങ്കൽപങ്ങളിലും ഉൗന്നി പ്രവർത്തിക്കാൻ സോണിയ ശ്രദ്ധിച്ചു. അതേസമയം, അഴിമതിക്കും ഭരണമരവിപ്പിനും മുന്നിൽ രണ്ടാം യു.പി.എ സർക്കാറിന് കാലിടറിയെന്നത് സമീപകാല ചരിത്രം. അനാരോഗ്യം ബാധിച്ച സോണിയയുടെ പിന്മാറ്റത്തിനൊപ്പം രാഹുൽ നിയന്ത്രണമേറ്റെടുത്താണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഇറങ്ങിയത്. എന്നാൽ, അതിനകം പ്രതിച്ഛായ മങ്ങിപ്പോയ കോൺഗ്രസിെൻറ പ്രകടനം 543ൽ 44 സീറ്റ് മാത്രമായി, പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ലാതെ ചുരുങ്ങി.
വർത്തമാനകാല രാഷ്ട്രീയത്തിലെ അസഹിഷ്ണുതകൾക്കെതിരായ രോഷം നുരഞ്ഞുപൊന്തുന്ന ഘട്ടത്തിലാണ്, ലോക്സഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മുേമ്പ രാഹുൽ അമരത്തേക്ക് വരുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്ന് സോണിയ മത്സരിച്ചെന്നും വരില്ല. രാഹുൽ പ്രായവും പക്വതയും നേടാൻ കാത്തിരുന്ന അമ്മയായി രാഷ്ട്രീയവും അനാരോഗ്യവും സോണിയയെ മാറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.