മംഗളൂരു: മലനാടും ഇടനാടും തഴുകി അറബിക്കടൽ ചുംബിക്കുന്ന നേത്രാവതി, ഗുരുപുര നദികൾപോലെ കലങ്ങിയും തെളിഞ്ഞും മാറിമറിയും ദക്ഷിണ കന്നട ജില്ലയുടെ രാഷ്ട്രീയം. എട്ട് നിയമസഭ മണ്ഡലങ്ങളിൽ ഏഴും കൈയടക്കിയ കോൺഗ്രസ് ദക്ഷിണ കന്നട ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പിയോട് അടിയറവ് പറഞ്ഞതും ജില്ല പഞ്ചായത്തിൽ ഭരണമില്ലാത്തതും ഈ രാഷ്ട്രീയ ഋതുഭേദ സൂചനകളാണ്. കാസർകോട്, കുടക്, ഉഡുപ്പി ജില്ലകൾ അതിരിടുന്ന ദക്ഷിണ കന്നട ഭിന്നഭാഷ, സംസ്കാര ഇഴചേരലിലൂടെ ഇന്ത്യയുടെ പരിച്ഛേദമാണ്.
സംസ്ഥാനത്ത് സംഘ്പരിവാർ കൊയ്ത്തുത്സവം കൊതിച്ച് വിതക്കുന്ന മണ്ണാണിത്. ഉറക്കമിളച്ചും അധികാരം പ്രയോഗിച്ചും മതേതരത്വകാവലാളാവുന്ന കോൺഗ്രസിെൻറ മനസ്സ് ഇവിടെ രാവും പകലും ഒരുപോലെ. ഫാഷിസ്റ്റ് ഭീഷണിക്കെതിരെ മാനവികസന്ദേശമുയർത്തി കേരള മുഖ്യമന്ത്രിയെ കൊണ്ടുവന്ന് റാലി സംഘടിപ്പിച്ച സി.പി.എം സ്ഥാനാർഥികൾക്ക് ഓരോ മണ്ഡലത്തിലും ലഭിക്കുന്ന വോട്ടുകൾ പിണറായി വിജയെൻറ സുരക്ഷക്ക് കർണാടകയിലെ കോൺഗ്രസ് സർക്കാർ വിന്യസിച്ച പൊലീസുകാരെക്കാൾ കുറവും എസ്.ഡി.പി.ഐയുടെ പിറകിലുമാണ്.
മുതിർന്ന കോൺഗ്രസ് നേതാവും ജില്ല ചുമതലയുള്ള മന്ത്രിയുമായ ബി. രമാനാഥ റൈ ഏഴാമങ്കത്തിനിറങ്ങുന്നു ബണ്ട്വാൾ മണ്ഡലമാവും ജില്ലയുടെ ശ്രദ്ധാകേന്ദ്രമാവുക. എസ്.ഡി.പി.ഐ, ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളും അനുബന്ധസംഭവങ്ങളും നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘ്പരിവാർ രമാനാഥ റൈയെ ഹിന്ദുവിരുദ്ധനും മുസ്ലിം പക്ഷപാതിയുമായി മുദ്രകുത്താനാണ് ഉപയോഗിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രമാനാഥ റൈക്ക് 81,665 വോട്ടുകളും മുഖ്യ എതിരാളി ബി.ജെ.പിയിലെ രാജേഷ് നായകിന് 63,815 വോട്ടുകളുമാണ് ലഭിച്ചത്.
മംഗളൂരു, മംഗളൂരു സൗത്ത്, മംഗളൂരു നോർത്ത് മണ്ഡലങ്ങൾ കോൺഗ്രസാണ് നിയമസഭയിൽ പ്രതിനിധാനംചെയ്യുന്നത്. കോൺഗ്രസ് മേൽക്കോയ്മ ജില്ലയിലെ ഏക മുനിസിപ്പൽ കോർപറേഷനിൽ വരെയുണ്ട്. മംഗളൂരു മണ്ഡലം പ്രതിനിധാനംചെയ്യുന്ന യു.ടി. ഖാദർ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയാണ്. ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ഖാദർ മംഗളൂരുവിൽ ഗവ. മെഡിക്കൽ കോളജ് തുടങ്ങുമെന്ന തെൻറ പ്രഖ്യാപനം പ്രാവർത്തികമാക്കാൻ ഗവ. വെൻറ്ലോക് ആശുപത്രിയിൽനിന്ന് കെ.എം.സി മെഡിക്കൽ കോളജ് ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആരോഗ്യ ചുമതലയിൽനിന്ന് മാറ്റുകയായിരുന്നു. ഖാദറിന് 69,450 വോട്ടുകൾ നൽകിയാണ് ജനങ്ങൾ പിതാവ് യു.ടി. ഫരീദിെൻറ പാരമ്പര്യം കാത്തത്. മംഗളൂരു സൗത്ത് മണ്ഡലം കോൺഗ്രസിലെ ജെ.ആർ. ലോബൊയാണ് (67,829 വോട്ടുകൾ) പ്രതിനിധാനംചെയ്യുന്നത്. ബി.ജെ.പിയുടെ എൻ. യോഗേഷ് ഭട്ടിന് 55,554, സി.പി.എമ്മിലെ വസന്ത ആചാരിക്ക് 3016 എന്നിങ്ങനെ വോട്ടുകളാണ് ലഭിച്ചത്.
മംഗളൂരു നോർത്ത് മണ്ഡലം എം.എൽ.എ കോൺഗ്രസിലെ ബി.എ. മൊഹ്യുദ്ദീൻ ബാവക്ക് 69,897 വോട്ടുകളും ബി.ജെ.പിയുടെ കൃഷ്ണ ജെ. പലേമറിന് 64,524 വോട്ടുകളുമാണ് ലഭിച്ചത്. ആയിരം തൂണുകളുള്ള ബസ്തിയുൾപ്പെടെ ജൈനമതമുദ്രകൾ ഏറെയുള്ള മൂഡബിദ്രി മണ്ഡലം എം.എൽ.എ കോൺഗ്രസിലെ കെ. അഭയചന്ദ്ര ജയിനാണ്. 53,180 വോട്ടുകൾ നേടി ഇദ്ദേഹം ബി.ജെ.പിയിലെ ഉമാനാഥ കൊട്ട്യനെയാണ് (48,630) പരാജയപ്പെടുത്തിയത്. ബെൽത്തങ്ങാടി മണ്ഡലം കോൺഗ്രസിലെ കെ. വസന്ത ബങ്കര പ്രതിനിധാനംചെയ്യുന്നു. 74,530 വോട്ടുകൾ നേടി ബി.ജെ.പിയിലെ രഞ്ജൻ ജി. ഗൗഢയെയാണ് (58,789) പരാജയപ്പെടുത്തിയത്.
കോൺഗ്രസിലെ ശകുന്തള ഷെട്ടിയാണ് പുത്തൂർ എം.എൽ.എ. ഇവർക്ക് 66,345 വോട്ടുകളും ബി.ജെ.പിയുടെ സഞ്ജീവ് മടന്തൂരിന് 62,056 വോട്ടുകളുമാണ് ലഭിച്ചത്. സംവരണമണ്ഡലമായ സുള്ള്യയിൽ ബി.ജെ.പിയിലെ എസ്. അങ്കാറയാണ് എം.എൽ.എ. 1373 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ (65,913) ഇദ്ദേഹം കോൺഗ്രസിലെ ഡോ. ബി. രഘുവിനെയാണ് (64,590) പരാജയപ്പെടുത്തിയത്. 16,66,814 വോട്ടർമാരാണ് അടുത്തമാസം 12ന് വിധിയെഴുതുക. 2011ലെ സെൻസസ് പ്രകാരം ജില്ലയിലെ ജനസംഖ്യയിൽ 67.18 ശതമാനം ഹിന്ദുക്കളാണ്. മുസ്ലിം- 24.02, ക്രിസ്ത്യൻ- 8.20, ജൈനർ -0.50 എന്നിങ്ങനെ ശതമാനമാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.