തമിഴ്നാട് സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സാമ്പത്തിക സംവരണ വിധിക്കെതിരെ തമിഴ്നാട് സർക്കാർ പുനപരിശോധനാ ഹർജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന തന്‍റെ സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് നിയമസഭാ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

പുനപരിശോധനാ ഹർജി നൽകാനുള്ള പ്രമേയം പാർലമെന്‍ററി പാർട്ടി പ്രതിനിധികളുടെ യോഗം പാസാക്കി. ഡി.എം.കെ സഖ്യത്തിലെ ഓരോ ഘടകകക്ഷിയും പ്രത്യേകം ഹർജി നൽകും. സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് കാലത്തെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനം പിന്നാക്ക സംവരണം ആയിരുന്നു. ഭരണഘടനാ ശിൽപ്പികളുടേയും രാഷ്ട്രശിൽപ്പികളുടേയും ആശയത്തിന് എതിരാണ് സാമ്പത്തിക സംവരണം. അടിസ്ഥാന ജനങ്ങളുടെ മുന്നേറ്റത്തിൽ നിയമങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്നും സ്റ്റാലിൻ പറഞ്ഞു.

എട്ട് ലക്ഷം വാർഷിക വരുമാനമുള്ളവർ എങ്ങനെ പാവപ്പെട്ടവരാകും എന്ന് അദ്ദേഹം ചോദിച്ചു. അതേസമയം സാമ്പത്തിക സംവരണ വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത പാർലമെന്‍ററി പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിന്ന് ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വിട്ടുനിന്നു.

ദിവസങ്ങൾക്ക് മുമ്പാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 

Tags:    
News Summary - Stalin said that the Tamil Nadu government cannot accept the economic reservation verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.