കണ്ണൂര്‍: ജനങ്ങളെ ദ്രോഹിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതിലും രാഷ്ട്രീയ എതിരാളികളോട് കാണിക്കുന്ന മുഷ്കിന്‍െറ കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മത്സരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. പുതുതായി ചുമതല ഏറ്റെടുത്ത ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
കറന്‍സി നിരോധനത്തിലൂടെ ജനങ്ങളെയാകെ ദ്രോഹിക്കുകയായിരുന്നു മോദി. ജനങ്ങളെ സേവിക്കേണ്ട തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ജനദ്രോഹിയാകുന്നതാണ് രാജ്യം കണ്ടത്. കൈയില്‍ കാശില്ലാത്ത ജനങ്ങളുടെ റേഷന്‍വിഹിതം വെട്ടിക്കുറച്ചുകൊണ്ടാണ് പിണറായി വിജയന്‍ മോദിയോട് കേരളത്തില്‍ മത്സരിച്ചത്. ആവശ്യമുള്ളപ്പോള്‍ കേന്ദ്രത്തിന് മുന്നില്‍നിന്ന് നട്ടെല്ലുയര്‍ത്തി ചോദിച്ചുവാങ്ങാന്‍ പിണറായിസര്‍ക്കാറിന് കഴിഞ്ഞില്ല.
കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാറുകള്‍ക്കെതിരെ ഒരുപോലെ സമരംചെയ്യേണ്ട ഉത്തരവാദിത്തമാണ് കോണ്‍ഗ്രസില്‍ വന്നുചേര്‍ന്നിട്ടുള്ളതെന്ന് സുധീരന്‍ ജില്ല കോണ്‍ഗ്രസ് നേതാക്കളെ ഉണര്‍ത്തി. ജംബോ ഭാരവാഹിപ്പട്ടിക അംഗീകരിച്ചത് എല്ലാവര്‍ക്കും അവസരം നല്‍കാനാണ്. പാര്‍ട്ടി ഇതുവഴി വളരണം. അല്ലാതെ മിണ്ടാതിരിക്കാനല്ല. സംസ്ഥാന സര്‍ക്കാറിനെതിരായ സമരത്തിന്‍െറ മുന്നോടിയായി 20, 21, 22 തീയതികളില്‍ ഏതെങ്കിലും ഒരുദിവസം മണ്ഡലം കമ്മിറ്റികള്‍ റേഷന്‍ഷാപ്പുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.