വിഴിഞ്ഞത്ത് മുഴങ്ങുന്നത് സുഗതകുമാരിയുടെ ശബ്ദം

കോഴിക്കോട്: വിഴിഞ്ഞത്ത് മുഴങ്ങുന്നത് എഴുത്തുകാരി സുഗതകുമാരിയുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ശബ്ദം. തീരം ഇല്ലാതാക്കുന്ന, മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന പദ്ധതിക്കെതിരെ ആദ്യം സമരരംഗത്ത് ഇറങ്ങിയത് സുഗതകുമാരിയാണ്. തുറമുഖപദ്ധതി നടപ്പാക്കാന്‍ പണം നല്‍കി മത്സ്യത്തൊഴിലാളികളെ നിശബ്ദരാക്കിയെന്നായിരുന്നു പിന്നീട് സുഗതകുമാരി ആരോപിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് 2015ൽ സംഘടിപ്പിച്ച 'ഗ്രീന്‍ അസംബ്ലി'യില്‍ സമരത്തിൽ നിന്ന് സഭ പിൻമാറിയതിനെ സുഗതകുമാരി വിമർശിച്ചിരുന്നു.

സഭക്ക് പദ്ധതിയെ എതിര്‍ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സുഗതകുമാരി ചോദിച്ചു. അന്ന് നഷ്ടപരിഹാരം എത്ര രൂപ തരുമെന്നാണ് സർക്കാരിനോട് സഭ ചോദിരുന്നത്. മത്സ്യത്തൊഴിലാളികള്‍ നഷ്ടപരിഹാരം വാങ്ങി എവിടെപ്പോയി എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുമെന്നായിന്നു സുഗതകുമാരിയുടെ സഭാ നേതൃത്വത്തോടുള്ള ചോദ്യം. അതിന് സഭാ നേതൃത്വത്തിന് ഉത്തരമില്ലായിരുന്നു. സ്വാര്‍ഥതാല്‍പര്യത്തിന് മതങ്ങളെ കൂട്ടുപിടിച്ച് പരിസ്ഥിതിയെ തകര്‍ക്കുകയാണെന്നും സുഗതകുമാരി ആരോപിച്ചു.

കടല്‍തീരത്തു നിന്ന് വേരുകള്‍ പൊട്ടിച്ച് ദൂരേക്ക് എറിയുന്ന മത്സ്യത്തൊഴിലാളികളായ പാവങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നതിനെപ്പറ്റി ഭരണാധികാരികൾ ചിന്തിക്കുന്നില്ലേയെന്നും അവർ ചോദിച്ചു. പാറക്കൂട്ടങ്ങള്‍ പൊട്ടിച്ച് നികത്തിയാല്‍ കടല്‍ കരയെ വിഴുങ്ങുമെന്ന് മത്സ്യത്തൊഴിലാളികളും ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കിയത് അന്ന് ആരും ചെവിക്കൊണ്ടില്ല.

ആരാണ് പദ്ധതിയുടെ ഗുണഭോക്താവ് എന്ന സുഗതകുമാരിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. മരിക്കുംവരെ സുഗതകുമാരിയുടെ ദുഃഖം ആയിരുന്നു വിഴിഞ്ഞം പദ്ധതി. സെക്രട്ടറിയേറ്റിനു മുന്നിൽ ബിഷപ്പ് സൂസേപാക്യത്തിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പദ്ധതിക്കെതിരെ നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തതും സുഗതകുമാരിയായിരുന്നു. സർക്കാരും ലത്തീൻസഭയും മുന്നോട്ടുവെച്ച പുനരധിവാസത്തെ അവർ എതിർത്തു. ആറന്മുള വിമാനത്താവളത്തിനെതിരെ നടന്നതുപോലെ വലിയ ബഹുജന സമരം ഉയരേണ്ട ഒന്നാണ് വിഴിഞ്ഞം പദ്ധതിയെന്ന് അവർ പറഞ്ഞു.

ജനങ്ങളുടെ വികാരത്തെ പുനരധിവാസം എന്ന ഡിമാന്റിലൊതുക്കി സമരത്തെ ദിശതിരിച്ചുവിട്ടത് ക്രൈസ്തവ സഭയാണെന്ന് സുഗതകുമാരി വിളിച്ചുപറഞ്ഞു. പല പരിസ്ഥിതി സമരങ്ങളും പരാജയപ്പെട്ടെങ്കിലും വിഴിഞ്ഞം സമരത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ വിജയിക്കും എന്നായിരുന്നു അവരുടെ ചിന്ത. ബിഷപ്പ് സർക്കാരുമായി സന്ധി ചെയ്തപ്പോൾ ഫാദർ യൂജിൻ പെരേര നിസഹായനായി നിന്നു. അതിസമ്പന്നരായ ഏതാനും പേർക്ക് പണമുണ്ടാക്കാം എന്നല്ലാതെ ഈ തുറമുഖം മലയാളിക്ക് ഒരു ഭാരമായി തീരുമെന്ന് സുഗതകുമാരി മുന്നറിയപ്പ് നൽകിയിരുന്നു. കേരളം കൊള്ളയടിക്കുന്നതിനുള്ള പുതുവഴി തുറക്കലാണ് തുറമുഖമെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. സുഗതകുമാരി ഇല്ലാതെ നടക്കുന്ന ആദ്യത്തെ പരിസ്ഥിതി സമരമാണ് വിഴിഞ്ഞം. അവർക്ക് പകരം വയ്ക്കാൻ ഒരു എഴുത്തുകാരിയോ പരിസ്ഥിതി പ്രവർത്തകയോ കേരളത്തിൽ ഇല്ല.

മത്സ്യത്തൊഴിലാളികളുടെ ആവാസ ഭൂമിയും ജീവിതവും തുടച്ചുനീക്കുന്ന വികസനം നമുക്ക് വേണ്ടന്നായിരുന്നു സുഗതകുമാരിയുടെ നിലപാട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അദാനിക്ക് കീഴിൽ അണിനിരന്നിട്ടും അടിമകളാകാൻ വിസമ്മതിക്കുന്ന ഒരു ജനത വിഴിഞ്ഞത്തുണ്ട്. പ്രതിരോധത്തിന്റെയും പുതിയ വഴി തുറക്കുന്നത് അവരാണ്. അവരെ ഭരണകൂടം സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുന്നു. അവർക്കൊപ്പം നിൽകേണ്ട, സമരത്തിന് ശക്തി പകരേണ്ട സുഗതകുമാരി ഇന്നില്ല. സമരത്തെ അടിച്ചമർത്താൻ ഭരണകൂടം അദാനിക്കായി ഗ്രൗണ്ട് ഒരുക്കുമ്പോൾ സമാധാനത്തിന്റെ സന്ദേശമുയർത്തി മുന്നോട്ട് പോകണമെന്ന് നിർദേശം നൽകേണ്ട എഴുത്തുകാരിയായിരുന്നു സുഗതകുമാരി.

Tags:    
News Summary - Sugathakumari's voice resounds in Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.