തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ കോളജ് യൂനിയൻ ഓഫിസ് മുറി അടച്ചുപൂട്ടിയതായി ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. കോളജിൽ ജനാധിപത്യവിരുദ്ധ രീതിയിൽ യൂനിയനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി. കുമാറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. പൂട്ടിയെടുത്ത മുറിയുടെ താക്കോൽ പ്രിൻസിപ്പലിെൻറ കൈവശമാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഡിഗ്രി പഠനം പൂർത്തിയാകാതെ 187 വിദ്യാർഥികളാണ് വിടുതൽ വാങ്ങി കോളജിൽനിന്ന് പോയതെന്നും മന്ത്രി പറഞ്ഞു.
കോളജിലെ എസ്.എഫ്.ഐയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനമാണ് റിപ്പോർട്ടിലുള്ളത്. യൂനിയൻ പ്രവർത്തനങ്ങളുടെ ബാഹുല്യവും ഒരുവിധത്തിലുള്ള നിയന്ത്രണമില്ലായ്മയും സ്വാഭാവിക അക്കാദമിക പ്രവർത്തനങ്ങളെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ അധ്യാപകർക്ക് കാഴ്ചക്കാരുടെ റോളാണ്. സെക്രേട്ടറിയറ്റ്, സർവകലാശാല എന്നിവിടങ്ങളിൽ നടക്കുന്ന ധർണയിലും പ്രതിഷേധപ്രകടനങ്ങളിലും നടുച്ചക്കും വെയിലത്തും റോഡിലിരിക്കുന്നതിന് കുട്ടികളെ നിർബന്ധിക്കുന്നുണ്ട്. വിദ്യാർഥികളുടെ അനുവാദമില്ലാതെ, അവരുടെ ശാരീരികവൈഷമ്യങ്ങൾപോലും കണക്കിലെടുക്കാതെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കണം. കോളജ് യൂനിയൻ വളരെ മാതൃകാപരമായി പ്രവർത്തിക്കേണ്ടതാണ്. രാഷ്ട്രീയം കോളജുകൾക്ക് അന്യമാകരുത്. പക്ഷേ, അത് ജനാധിപത്യപരമായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കോളജ് അവധി ആയിരുന്നതിനാൽ വിദ്യാർഥിനിയോടും രണ്ട് അധ്യാപകരോടും സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്നും യൂനിയെൻറ ഭാഗം കേൾക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ വിഷയത്തിൽ വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ, സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, സീനിയർ സൂപ്രണ്ട് എന്നിവരെ ചുമതലപ്പെടുത്തണമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്യുന്നു
റിപ്പോർട്ടിെൻറയും ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കോളജിലെ അധ്യാപകരുടെ ബയോമെട്രിക് അറ്റൻഡൻസ് പരിശോധിക്കുകയും കൃത്യവിലോപം തെളിഞ്ഞ കേസുകളിൽ അധ്യാപകർക്ക് സ്ഥലംമാറ്റവും മറ്റുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീറിനെ മന്ത്രി ജലീൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.