കോയമ്പത്തൂർ: തമിഴ്നാട്ടിൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സർക്കാറിന് കാലാവധി തികക്കാനാവുമോയെന്ന ആശങ്ക ഉയരുന്നു. കേവല ഭൂരിപക്ഷത്തിന് രണ്ട് എം.എൽ.എമാരുടെ കുറവുണ്ടെന്ന, മന്ത്രിസഭയിലെ മുതിർന്ന അംഗവും വനംമന്ത്രിയുമായ ഡിണ്ടുഗൽ ശ്രീനിവാസെൻറ പ്രസ്താവന ചർച്ചയായ സാഹചര്യത്തിലാണിത്.
സർക്കാറിനെതിരെ അവിശ്വാസ പ്രമയേം കൊണ്ടുവന്നാൽ രണ്ട് എം.എൽ.എമാരുടെ പിന്തുണ കൂടി നേടിയെടുക്കാൻ പ്രയാസമുണ്ടാവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിതന്നെ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ എടപ്പാടി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി മുത്തരശൻ ആവശ്യപ്പെട്ടു. പളനിസാമി, ഒ. പന്നീർശെൽവം, ടി.ടി.വി. ദിനകരൻ എന്നിവരുടെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ മൂന്ന് വിഭാഗങ്ങളായി പിളർന്നിരിക്കുകയാണ്. സംസ്ഥാനത്ത് 234 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ജയലളിതയുടെ മരണത്തെ തുടർന്ന് ആർ.കെ നഗർ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. അണ്ണ ഡി.എം.കെക്ക് 135, ഡി.എം.കെക്ക് 89, കോൺഗ്രസിന് എട്ട്, മുസ്ലിം ലീഗിന് ഒന്ന് എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില.
ഒ. പന്നീർശെൽവത്തോടൊപ്പം 11 എം.എൽ.എമാരുണ്ട്. ദിനകരനോടൊപ്പം 20 എം.എൽ.എമാരും. ബാക്കിയുള്ള 104 പേരാണ് എടപ്പാടിയോടൊപ്പം ഉറച്ചുനിൽക്കുന്നത്. നിർണായക ഘട്ടത്തിൽ പന്നീർശെൽവം വിഭാഗം എടപ്പാടി സർക്കാറിനെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. ആ സാഹചര്യത്തിലും 115 പേരുടെ പിന്തുണ മാത്രമാണ് സർക്കാറിനുള്ളത്. കേവല ഭൂരിപക്ഷത്തിന് 117 എം.എൽ.എമാരുടെ പിന്തുണയാണ് ആവശ്യം. സർക്കാറിനെ താഴെയിറക്കാൻ ദിനകരനോടൊപ്പമുള്ള എം.എൽ.എമാർ കൂട്ടുനിൽക്കില്ലെന്നാണ് എടപ്പാടി വിഭാഗം കരുതുന്നത്. പാർട്ടിക്കും ഭരണത്തിനും ബന്ധമില്ലെന്ന നിലപാടാണ് ദിനകരേൻറത്. ജയലളിത വിഭാവനം ചെയ്ത നിലയിൽ സർക്കാർ പ്രവർത്തിക്കുന്നില്ലെങ്കിൽ തിരുത്തൽ നടപടികളുണ്ടാവുമെന്നാണ് ദിനകരൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആവശ്യമെങ്കിൽ സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തേ ഡി.എം.കെ വർക്കിങ് പ്രസിഡൻറും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിനും പ്രസ്താവിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ സർക്കാറിന് 135 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് പറഞ്ഞ് ബുധനാഴ്ച മന്ത്രി ഡിണ്ടുഗൽ ശ്രീനിവാസൻ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.