തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തിന് ആസ്പദമായ കേസിന്റെ വിധിന്യായത്തിൽ 30 ദിവസത്തെ കാലാവധി അപ്പീലിനു വേണ്ടി കോടതി തന്നെ നൽകിയിരിക്കെ ഇത്രയും തിടുക്കപ്പെട്ട്, അതിവേഗത്തിൽ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയ നടപടിയുടെ പിന്നിലെ ചേതോവികാരം വളരെ വ്യക്തമാണ്.
ഭീരുത്വം നിറഞ്ഞ ഒരു നടപടിയായി മാത്രമേ ഇതിനെ കരുതാൻ ആവൂവെന്ന് കാനം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവർക്കെതിരെയും ബി.ജെ.പി സർക്കാർ അസഹിഷ്ണുതയോടെ തുടർച്ചയായി പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. ഇ.ഡിയെയും സി.ബി.ഐയെയും ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്നാണ് ബി.ജെ.പി വ്യാമോഹിക്കുന്നത്.
രാഹുൽ ഗാന്ധി എം.പിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും എന്തിന് ഭരണഘടനാ മൂല്യങ്ങളെയും അവഗണിച്ചുകൊണ്ട് ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന മോഡി സർക്കാരിന്റെ നടപടികളെ പ്രതിരോധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും തയാറാകണമെന്ന് കാനം രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.