ബി.ജെ.പി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി

തൊടുപുഴ : ബി.ജെ.പി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണ്. അതിന് കാരണം ഇടതു ഭരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.2025 നവംബർ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇന്ത്യയെ ബി.ജെ.പി സ‍ര്‍ക്കാര്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയില്ല.

ഏകീകൃത വ്യക്തി നിയമത്തെ എതിർക്കാൻ കേരളത്തിലെ യു.ഡി.എഫ് എം.പിമാർക്ക് കഴിഞ്ഞില്ല. അന്വേഷണ ഏജൻസികളെ വിട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ബി.ജെ.പി കസ്റ്റഡിയിലെടുക്കുന്നതിലും കോൺഗ്രസ് മൗനം പാലിക്കുകയാണ്. കോൺഗ്രസിനെയും വേട്ടയായിട്ടുണ്ട്. അപ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. കോൺഗ്രസ് ഇതര പാർട്ടികൾക്കെതിരെയാണ് നടപടിയെങ്കിൽ കോൺഗ്രസ് ബി.ജെ.പിക്കൊപ്പമാണ്. അരവിന്ദ് കേജരിവാൾ കേസ് തന്നെ ഇതിനുദാഹരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പ്രത്യേക സാഹചര്യമുണ്ടാക്കാൻ ചിലർ ശ്രമിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചപ്പോൾ വിജയിച്ചാൽ പ്രധാനമന്ത്രിയാകുമെന്നായിരുന്നു കോൺഗ്രസിൻറെ പ്രചാരണം. അതിനായി കോൺഗ്രസിന്റെ അംഗബലം കൂട്ടണമെന്നായിരുന്നു പ്രചാരണം. പക്ഷേ തെരഞ്ഞെടുത്തവർ നാടിൻറെ ശബ്ദം പ്രകടിപ്പിച്ചില്ല.

പ്രതിപക്ഷ നേതാവ് ഏറ്റവും കൂടുതൽ ആക്ഷേപിക്കുന്നത് കിഫ്ബിയെയാണ്. കേരളത്തിലെ ഏറ്റവും അധികം വികസനം ഉണ്ടാക്കിയത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. ഇ.ഡിയുടെ കൂടെ ചേർന്ന് തോമസ് ഐസക്കിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പ്രളയ കാലത്ത് അർഹമായ കേന്ദ്രസഹായം നിഷേധിച്ചപ്പോഴും കോൺഗ്രസ് മിണ്ടിയില്ല. അപ്പോഴും ബി.ജെ.പിക്ക് ഒപ്പമായിരുന്നു കോൺഗ്രസിന്റെ നിലപാട്.

സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കാൻ ശ്രമിച്ചപ്പോഴും എം.പിമാർ പാർലമെൻറിൽ മിണ്ടിയില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം കൊടുക്കാനൊ ഒന്നിച്ചു കാണാനൊ പോലും യു.ഡി.എഫ് എം.പിമാർ തയാറായില്ല. വന്യജീവി സങ്കർഷം പരിഹരിക്കാൻ കേന്ദ്ര ഗവൺമെൻറ് കൂടി സഹായിക്കണം. ഇതിനായി യു.ഡി.എഫ് എംപിമാർ ഒന്നും ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - The Chief Minister said that the number of starving people in the country has increased since BJP started ruling the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.