അമ്പലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ആര്.എസ്.എസ് ബന്ധമെന്ന് പാര്‍ട്ടി നേതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സി.പി.എം നേതാവ് പുന്നപ്ര വടക്ക് ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിലാണ്, എം. രഘു വിവാദ പോസ്റ്റിട്ട ശേഷവും എൽ.സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പാനല്‍ ആവശ്യപ്പെട്ടപ്പോള്‍ രഘു നേതൃത്വം നല്കുന്ന പാനലാണ് അംഗങ്ങള്‍ മുന്നോട്ടുവെച്ചത്. തുടര്‍ന്നാണ് പാനല്‍ അവതരിപ്പിക്കുകയും എതിരില്ലാതെ അംഗീകരിക്കുകയും ചെയ്തത്.
ആര്.എസ്.എസ്-ബി.ജെ.പി സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പിണറായിയെ പ്രതിക്കൂട്ടിലാക്കിയ പോസ്റ്റ്. ''പൊലീസില്‍ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും ആര്.എസ്.എസും ബി.ജെ.പിയും പിടിമുറുക്കിയിരിക്കുകയാണ്. അഞ്ചുവര്‍ഷംകൊണ്ട് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ആർ.എസ്.എസിനെ എത്രത്തോളം വളര്‍ത്തിയെന്ന് നമ്മള് കാണാനിരിക്കുന്നതേയുള്ളൂ. ചുവപ്പ് നരച്ചാല്‍ കാവി എന്നത് ചുമ്മാതെ പറയുന്നതല്ലെന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കുന്നെ''ന്നും അടങ്ങിയ വാചകങ്ങളാണ് പാര്‍ട്ടി ഗ്രൂപ്പില്‍ പ്രചരിച്ചത്. ഏതോ ഒരുഗ്രൂപ്പിൽ വന്ന മെസേജ് ഓൺലൈൻ ക്ലാസിലായിരുന്ന കുട്ടികൾ അറിയാതെ മാറി പാർട്ടി ഗ്രൂപ്പിലിട്ടെന്നാണ് വിവാദമായതിന് പിന്നാലെ രഘു നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.