തിരുവനന്തപുരം: സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. റാലിയിൽ മുസ് ലിം ലീഗ് ഉൾപ്പെടെ ഉള്ളവർക്ക് പങ്കെടുക്കാം. റാലി വിഭാവനം ചെയ്തത് വിശാല അർഥത്തിലാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും.
ആര്യാടൻ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്റെ ഫലസ്തീൻ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകണ്ടല്ലോ. അത്തരം കോൺഗ്രസുകാരെയും ക്ഷണിക്കാൻ തയാറാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഇ.ടിയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതിൽ സി.പി.എമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാൽ ആ സാങ്കേതിക കാരണം കോൺഗ്രസിന്റെ വിലക്കാണ്.
ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോൺഗ്രസ് നിലപാടെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഫലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതൽ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങുകയാണ് സി.പി.എം.
അഴകൊഴമ്പൻ നിലപാടുള്ള കോൺഗ്രസിനെ സിവിൽ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അന്നുള്ള നിലപാട് തന്നെയാണ് ഇന്നും സി.പി.എമ്മിനുള്ളത്. അവസരവാദ നിലപാട് സി.പി.എമ്മിന് ഇല്ല. മുസ് ലിം ലീഗിന് റാലിയിൽ പങ്കെടുക്കാതിരിക്കാനുള്ളത് സാങ്കേതികപരമായ കാരണമാണ്. ഹിന്ദുത്വ അജണ്ടക്ക് എതിരായി ചിന്തിക്കുന്നവരെ എല്ലാം സിവിൽ കോഡ് പ്രക്ഷോഭത്തിന് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.