ഇത് യെച്ചൂരി നിർണായകമായിരുന്ന കാലം -എ.കെ. ആൻറണി

വ്യക്തിപരമായി ദീർഘകാലമായി എനിക്ക് ഏറ്റവും അടുപ്പുമുണ്ടായിരുന്ന, രാഷ്ട്രീയത്തിന് അതീതമായി ഏതു കാര്യവും പരസ്പര വിശ്വാസത്തോടെ തുറന്ന് സംസാരിക്കാൻ സ്വതന്ത്ര്യമുണ്ടായിരുന്ന സുഹൃത്താണ് നഷ്ടപ്പെട്ടത്. യെച്ചൂരിയുടെ അകാലത്തിലെ വേർപാട് ദേശീയ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ജനാധിപത്യ-മതേതര ശക്തികളിലുമുണ്ടായ തീരാനഷ്ടമാണ്. ഈ നഷ്ടം നികത്തുക അത്ര എളുപ്പമല്ല. രാജ്യത്തെ മതേതര രാഷ്ട്രീയം വീണ്ടും പച്ചപിടിച്ച് നല്ല ദിശയിലേക്ക് നീങ്ങാനുള്ള സാഹചര്യം തെളിഞ്ഞുവരുമ്പോൾ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാകേണ്ടത് അത്യന്താപേക്ഷിതമായിരുന്നു.

ഞങ്ങൾ കൂടുതൽ അടുക്കുന്നത് ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്താണ്. അന്ന് ഞാൻ മൻമോഹൻ സിങ് സർക്കാറിൽ പ്രതിരോധമന്ത്രിയായിരുന്നു. ഒന്നാം യു.പി.എ സർക്കാർ രൂപവത്രിക്കുന്നതിനുവേണ്ടി ഇടതുപക്ഷ പാർട്ടികൾ, പ്രത്യേകിച്ചും സി.പി.എമ്മും സി.പി.ഐയും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രധാന തീരുമാനമെടുക്കുമ്പോൾ അവരുടെ കൂടി അഭിപ്രായങ്ങൾ അറിയണമെന്ന് സോണിയ ഗാന്ധിക്കും മൻമോഹൻ സിങ്ങിനും നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിക്കവാറും ആഴ്ചകളിൽ പ്രണബ്മുഖർജിയുടെ വീട്ടിൽ പ്രധാന നേതാക്കൾ ഒരുമിച്ച് കൂടും. ചില സമയങ്ങളിൽ സോണിയ ഗാന്ധിയുടെ വീട്ടിലും. ആ യോഗത്തിൽ നിർബന്ധമായും പങ്കെടുത്തിരുന്ന നേതാക്കളായിരുന്നു യെച്ചൂരിയും പ്രകാശ് കാരാട്ടും.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ദുരന്തങ്ങൾക്ക് തുടക്കമിട്ട് ബി.ജെ.പി അധികാരത്തിൽ വന്നു. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾ ഒന്നൊന്നായി ചവിട്ടിമെതിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ പോക്ക് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു യെച്ചൂരി. ഇതിനെ പിടിച്ചുനിർത്താൻ ഏതെങ്കിലുമൊരു പാർട്ടിക്ക് മാത്രം സാധ്യമല്ല എന്ന് കോൺഗ്രസിന് ബോധ്യം വന്നു. പിണക്കങ്ങൾ മാറി, മതേതര പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന നിലപാടിലേക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വന്നു.

ഈ ഘട്ടത്തിൽ സംസ്ഥാനങ്ങളിലെ തർക്കങ്ങൾ എന്തായാലും ശരി, അവയെല്ലാം സംസ്ഥാനങ്ങളിൽ ഒതുക്കി നിർത്തി ദേശീയതലത്തിൽ പൊതുപ്ലാറ്റ്ഫോം രൂപവ്കരിക്കുന്നതിനും പ്രതിപക്ഷ പാർട്ടികളെ അണിനിരത്താനും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഴിഞ്ഞാൽ ശക്തമായി ഇടപെട്ട നേതാവായിരുന്നു യെച്ചൂരി. മാത്രമല്ല, ഇൻഡ്യ മുന്നണിയെന്ന പുതിയ രാഷ്ട്രീയ സഖ്യം രൂപവത്കരിക്കാൻവേണ്ടി പ്രയത്നിച്ച നേതാക്കളുടെ മുൻപന്തിയിലും അദ്ദേഹമുണ്ടായിരുന്നു.

ഇന്ത്യ മുന്നണി ഭരണകക്ഷിയായിട്ടില്ല. പക്ഷേ, കഴിഞ്ഞ കാലങ്ങളെപോലെ പാർലമെന്‍റിൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയുന്ന സാഹചര്യം ഇന്ന് ബി.ജെ.പിക്കോ മോദി സർക്കാറിനോ ഇല്ല. ഇന്ത്യ മുന്നണി കൂടുതൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താനും മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുമുള്ള നീക്കങ്ങളുടെ മുൻപന്തിയിൽ സീതാറാം ഉണ്ടാകേണ്ടതായിരുന്നു.

Full View


Tags:    
News Summary - This was the time when Sitaram Yechury was critical - A.K. Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.