കോട്ടയം: കേരള കോൺഗ്രസ്-ജോസ് പക്ഷത്തെ ഇടതുമുന്നണി ഇരുകൈയും നീട്ടി സ്വീകരിക്കുേമ്പാൾ മുന്നണിയിൽ അർഹമായ പരിഗണന കിട്ടാതെ വരുമോയെന്ന ആശങ്കയിൽ മൂന്ന് കേരള കോൺഗ്രസുകൾ.
ഇടതുമുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസും കേരള കോൺഗ്രസ് സ്കറിയ-പിള്ള വിഭാഗവും ജോസിെൻറ വരവിൽ അതൃപ്തരാണെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാൻ ഇപ്പോൾ അവർ തയാറല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകൾ നഷ്ടമാകുമോയെന്ന ആശങ്ക അവർക്കുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച മൂന്ന് സീറ്റിലടക്കം നാലിടത്തായിരുന്നു ജനാധിപത്യ കേരള കോൺഗ്രസിെൻറ മത്സരം. മാണി വിഭാഗത്തിെൻറ കടുത്തുരുത്തിയിൽ സ്കറിയ തോമസും ജനവിധി തേടി. എല്ലായിടത്തും പരാജയപ്പെട്ടെങ്കിലും ഇത്തവണ എത്ര സീറ്റ്- അത് ഏതൊക്കെ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം.
സീറ്റ് നിർണയ ചർച്ചകളിലേക്ക് ഇടതുമുന്നണി കടന്നിട്ടില്ലെങ്കിലും ഇരുപാർട്ടിയും മത്സരിച്ച കോട്ടയം-ഇടുക്കി ജില്ലകളിലെ നാലു സീറ്റും ജോസ് പക്ഷം വിട്ടുകൊടുക്കാനുള്ള സാധ്യത പരിമിതമാണ്. പ്രത്യേകിച്ച് പൂഞ്ഞാറും ചങ്ങനാശ്ശേരിയും കടുത്തുരുത്തിയും ഇടുക്കിയും. ഈ സാഹചര്യത്തിൽ എന്ത് വേണമെന്ന ചർച്ച പാർട്ടികളിൽ സജീവമാണ്. മത്സരിച്ച സീറ്റുകളിൽ മാറ്റം വരുമെന്നിരിക്കെ ജയസാധ്യതയുള്ള സീറ്റുകൾ നൽകണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെടാനാണ് നീക്കം.
ഒപ്പം ജോസിെൻറ വരവിലുള്ള ആശങ്കയും മുന്നണി നേതൃത്വത്തെ അറിയിക്കും. എന്നാൽ, കടുത്ത തീരുമാനങ്ങൾക്കൊന്നും അവർ തയാറല്ല. അർഹമായ പരിഗണന നൽകണമെന്ന് മാത്രമാകും ആവശ്യം. ജോസ് പക്ഷത്തിെൻറ പിന്തുണയോടെ ജയസാധ്യതയുള്ള സീറ്റുകളും ലക്ഷ്യമിടുന്നു.
പാലാ-കാഞ്ഞിരപ്പള്ളി സീറ്റുകളിലും ജോസ് പക്ഷം വിട്ടുവീഴ്ചക്ക് തയാറാകില്ല. നിലവിൽ ജയസാധ്യതയുള്ള സ്ഥാനാർഥികളെ കളത്തിലിറക്കാനാണ് ജോസ് പക്ഷ തീരുമാനം. അതിനാൽ മറ്റ് വിട്ടുവീഴ്ചകളൊന്നും അവരിൽനിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇടതുമുന്നണിയും പരമാവധി സീറ്റുകളാണ് ലക്ഷ്യമിടുന്നത്.
കേരള കോൺഗ്രസ്-ബി ഒരുസീറ്റിലാണ് മത്സരിച്ചത്. ഒരു സീറ്റുകൂടി അവർ ചോദിച്ചേക്കും. ബി.ഗണേഷ്കുമാർ പത്തനാപുരത്തുതന്നെ മത്സരിക്കും. അതിനിടെ, എല്ലാ കേരള കോൺഗ്രസുകൾക്കുമായി സീറ്റിെൻറ കാര്യത്തിൽ പ്രത്യേക പാക്കേജ് തയാറാക്കുന്ന കാര്യവും സി.പി.എമ്മിെൻറ പരിഗണനയിലുണ്ട്. 12 സീറ്റാണ് ജോസ് പക്ഷത്തിെൻറ ആവശ്യം. ജോസിെൻറ വരവ് നിലവിൽ മുന്നണിയിലുള്ള ചെറുപാർട്ടികെള ദോഷകരമായി ബാധിക്കില്ലെന്ന ഉറപ്പ് സി.പി.എം നൽകിയിട്ടുണ്ട്.
കോട്ടയം: ഇടതുബന്ധത്തിൽ ജോസ് കെ. മാണിയെ വിമർശിച്ച് എം.പി. ജോസഫ്. ബാർകോഴ വിവാദകാലത്ത് കെ.എം. മാണിയെ വേട്ടയാടിയ പ്രസ്ഥാനമാണ് സി.പി.എമ്മെന്നും ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിക്കാനാവില്ലെന്നും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻകൂടിയായ അദ്ദേഹം പറഞ്ഞു. കെ.എം. മാണിയുടെ മകൾ സാലിയുടെ ഭർത്താവാണ് ജോസഫ്.
ഇടതുമുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം. മാണിപോലും യു.ഡി.എഫിൽ മടങ്ങിയെത്തിയതാണ് ചരിത്രം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസിെൻറ രാഷ്ട്രീയമാറ്റം ഭൂഷണമല്ല. കേരള കോൺഗ്രസിന് ഇടതുപക്ഷത്ത് നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വർഷത്തിനുശേഷം തിരികെ യു.ഡി.എഫിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന ഒരുപിടി പ്രശ്നങ്ങളുണ്ട്. കോൺഗ്രസിനുമാത്രമേ അതിൽനിന്ന് ഇന്ത്യയെ രക്ഷിക്കാനാകൂ. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് ഈ സമയത്ത് വിട്ടുപോകുന്നത് ശരിയല്ല. കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തെത്തിയെങ്കിലും വോട്ടുകൾ എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് നേതാക്കളെ സന്ദർശിച്ച് മുന്നണിപ്രവേശന നീക്കങ്ങൾ ജോസ് കെ. മാണി വേഗത്തിലാക്കുന്നതിനിടെയാണ് മുൻ സംസ്ഥാന ലേബർ കമീഷണർകൂടിയായ സഹോദരീഭർത്താവ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരുകുടുംബത്തിൽ വ്യത്യസ്ത രാഷ്ട്രീയനിലപാടുകളും അഭിപ്രായങ്ങളും സ്വാഭാവികമാണെന്നായിരുന്നു ഇതിനോടുള്ള ജോസ് കെ. മാണിയുടെ പ്രതികരണം. കെ.എം. മാണിയുടെ കാലത്തുതന്നെ അദ്ദേഹം കോൺഗ്രസിൽ ചേർന്നിരുെന്നന്നും ജനാധിപത്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.