കോഴിക്കോട്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും കോട്ടയം, വയനാട് സീറ്റുകൾ വെച്ചുമാറും. വയനാട്ടിൽ ജോസ് കെ. മാണി സ്ഥാനാർഥിയാകും. കോട്ടയത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നാണ് പാർട്ടിയുടെ ഉന്നത കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കെ.എം. മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഉണ്ടാക്കിയ ധാരണപ്രകാരമാണ് സീറ്റുകളുടെ വെച്ചുമാറ്റം.
കോൺഗ്രസ് ഹൈകമാൻഡ് അനുമതിയോടെയാണ് സീറ്റുകൾ വെച്ചുമാറുന്ന ഫോർമുല തയാറാക്കിയത്. യു.ഡി.എഫിൽ തിരിച്ചെത്തിയാലും കോട്ടയം ജോസ് കെ. മാണിക്ക് വേണ്ടത്ര സുരക്ഷിതമല്ലെന്ന തിരിച്ചറിവിലാണ് മാണി വയനാട് ആവശ്യപ്പെട്ടത്. യു.ഡി.എഫിെൻറ ഒന്നാം നമ്പർ സീറ്റായ വയനാട് വിട്ടുകൊടുക്കാൻ കോൺഗ്രസിന് വൈമനസ്യമുണ്ടായിരുന്നെങ്കിലും മുന്നണിയുടെ കെട്ടുറപ്പിനുവേണ്ടി അംഗീകരിക്കുകയായിരുന്നു.
വയനാട്ടിൽ രണ്ടുതവണ വിജയിച്ച എം.ഐ. ഷാനവാസിന് ഇതോടെ സീറ്റ് ഇല്ലാതാകും. ഷാനവാസ് കാസർകോട്ടോ ആറ്റിങ്ങലോ മത്സരിക്കേണ്ടിവരും. 2009ൽ വയനാട്ടിൽ ഒന്നര ലക്ഷം വോട്ടിന് ജയിച്ച അദ്ദേഹം 2014ൽ ജയിച്ചത് 20,000 വോട്ടിനാണ്. ഇത്തവണ ഷാനവാസ് മത്സരിച്ചാൽ സീറ്റ് നഷ്ടപ്പെടുമെന്ന ഭീതി കോൺഗ്രസ് നേതാക്കൾക്കുണ്ട്. അതിനാൽ, സീറ്റ് വെച്ചുമാറൽ അനുഗ്രഹമായെന്നു കരുതുന്നവരുണ്ട്. അതേസമയം, വയനാട് വിട്ടുകൊടുത്താൽ അത് സ്ഥിരമായി നഷ്ടപ്പെടുമെന്നും ഒരിക്കലും തിരിച്ചുകിട്ടില്ലെന്നുമുള്ള ആശങ്ക പങ്കുവെക്കുന്നവരുമുണ്ട്.
സീറ്റുകൾ വെച്ചുമാറുന്നതോടെ യു.ഡി.എഫിന് രണ്ടു മണ്ഡലത്തിലും അനായാസം ജയിച്ചുകയറാമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ. മുസ്ലിം ലീഗിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. യു.ഡി.എഫിന് പുറത്തായിരുന്നപ്പോഴും ലീഗുമായി മാണി സൗഹൃദം പുലർത്തിയിരുന്നു. കോട്ടയം കടുത്ത മത്സര സാധ്യതയുള്ള മണ്ഡലമാണെങ്കിലും ഉമ്മൻ ചാണ്ടി സ്ഥാനാർഥിയാകുന്നതോടെ ഉറച്ച സീറ്റായി മാറുമെന്നാണ് കണക്കുകൂട്ടൽ. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്ന ഉമ്മൻ ചാണ്ടിക്ക് ലോക്സഭ അംഗത്വം മുതൽക്കൂട്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.