ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെയാണ് ലഹരി മാഫിയകള്‍ അഴിഞ്ഞാടുന്നതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം:ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെയാണ് ലഹരി മാഫിയകള്‍ അഴിഞ്ഞാടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പല സ്ഥലത്തും പ്രദേശിക പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയിലാണ് ലഹരി മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലഹരി മാഫിയകള്‍ക്കെതിരായ പോരാട്ടം വെറും കാമ്പയിനുകളില്‍ ഒതുങ്ങുന്നതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകുന്നില്ല. ലഹരി എത്തുന്ന വഴികള്‍ കണ്ടെത്താനോ കണ്ണികള്‍ മുറിക്കാനോ സാധിക്കുന്നില്ലെന്നും മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മലയിന്‍കീഴില്‍ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അയാള്‍ നടത്തിയ ലഹരി കച്ചവടവും സ്ത്രീ പീഡനങ്ങളും ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും പൊലീസിന്റെ കൈയിലുലുണ്ട്. അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെയാണ് ലഹരി മാഫിയ കാരിയറാക്കി മാറ്റിയത്. വീട്ടുകാര്‍ പരാതിയുമായി ചെല്ലുമ്പോള്‍ സ്‌റ്റേഷന് ചുറ്റും ലഹരി മാഫിയാ സംഘങ്ങളായിരുന്നു. ആദ്യം കുട്ടിയ പറഞ്ഞുവിട്ട പൊലീസ് പിന്നീട് പീഡനത്തിന് മാത്രമാണ് കേസെടുത്തത്.

മയക്കുരുന്ന് കാമ്പയിന്റെ രക്തസാക്ഷികളായി തലശേരിയില്‍ രണ്ട് സി.പി.എമ്മുകാര്‍ കൊലചെയ്യപ്പെട്ടു. മയക്ക് മരുന്ന് സംഘാംഗങ്ങളായ കൊലയാളികളും സി.പി.എമ്മുകാരാണ്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ ഒന്നാം പ്രതിയാണ് ഈ കേസും ഒന്നാം പ്രതി. തലശേരിയിലെ മയക്ക് മരുന്ന് സംഘത്തിന് നേതൃത്വം നല്‍കുന്നതും സി.പി.എമ്മാണ്. കൊച്ചിയില്‍ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയ ഫുട്‌ബോള്‍ മത്സരത്തിന് സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗവും ലഹരി മരുന്ന് കേസില്‍ പെണ്‍വാണിഭത്തിലും ഉള്‍പ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. അയാള്‍ ഇതൊക്കെയാണ് ചെയ്തുകൊണ്ടിരുന്നതെന്ന് പാര്‍ട്ടിക്കും അറിയാമായിരുന്നു.

മേപ്പാടിയിലെ വിഷയം പ്രതിപക്ഷം പറയാന്‍ പാടില്ലെന്ന നിലപാടിലാണ് സര്‍ക്കാരും മന്ത്രിയും. 23 വര്‍ഷത്തിന് ശേഷമാണ് മേപ്പാടി പോളിടെക്‌നിക്കില്‍ കെ.എസ്.യു വിജയിച്ചത്. അതാണ് അവിടുത്തെ പ്രശ്‌നം. കാമ്പസില്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി വിഷ്ണു ഉള്‍പ്പെടെ രണ്ടു പേരെ പ്രിന്‍സിപ്പല്‍ ഇന്നലെ പുറത്താക്കി. പണ്ട് നാട്ടില്‍ സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്നവരാണ് ലഹരി ഉപയോഗത്തിന് നേതൃത്വം നല്‍കുന്നതെന്നും അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നുമാണ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന എസ്.എഫ്.ഐ നേതാവ് അപര്‍ണ ഗൗരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കൊല്ലത്ത് എ.ഐ.എസ്.എഫുകാരെ മര്‍ദ്ദിച്ചതിന് പിന്നിലും മയക്കുമരുന്ന് സംഘമാണ്. അതിപ്പോള്‍ സി.പി.ഐ- സി.പി.എം പ്രശ്‌നമായി മാറിയിരിക്കുകയാണ്. പത്താനാപുരത്തെ നരബലിക്ക് പിന്നിലും മയക്ക്മരുന്ന് ഉപയോഗമുണ്ടായിരുന്നു. അതിലെ ഒന്നും രണ്ടും പ്രതികളും സി.പി.എമ്മുകാരാണ്. എല്ലാം മറച്ചുവയ്ക്കണമെന്നാണ് ഭരണപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - V. D. Satheesan said that the drug mafias are rampant with the support of the ruling party leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.