തിരുവനന്തപുരം: മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണ്. ഈ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്റലിജൻസ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ കാര്യങ്ങളിൽ സ്റ്റേറ്റിനോ ഭരണ സംവിധാനത്തിനോ വലിയ റോളില്ല.
വി.വി.ഐ.പികളുടെയും സുരക്ഷാ ഭീഷണിയുള്ള വി.ഐ.പികളുടെയും സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്നു കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങളുണ്ട്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൊലീസിന്റെ ബ്ലൂ ബുക്ക് പ്രകാരമാണ്. അതിനു താഴെ യെല്ലോ ബുക്കും ഉണ്ട്.
സംസ്ഥാന പൊലീസ്, ഇന്റലിജൻസ്, ഐ.ബി, എൻ.എസ്.ജി തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ട സന്ദർഭങ്ങളിൽ പൊതുജനത്തിന്റെയും മീഡിയയുടെയും "കൈയടി"കൾക്കായി സുരക്ഷ പിൻവലിക്കാൻ ഭരണകൂടം തീരുമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാവുക.
മുഖ്യമന്ത്രിയെ തെരുവിൽ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തിൽ വാഹനത്തിന് മുൻപിൽ ചാടി വീണ് ആക്രമിക്കാനും വഴി നീളെ യു.ഡി.എഫ്-ബി.ജെ.പി അക്രമ സംഘങ്ങൾ ശ്രമിച്ചു വരികയാണ്. അത്തരമൊരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുക എന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിക്കെ അദ്ദേഹത്തിനും പലതരത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രത്യേക പരിശീലനം നേടിയ കമ്മാന്റോകളാണ് അന്ന് അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുത്തത്. മലപ്പുറം പാണ്ടിക്കാടെ ക്യാംപിൽ നിന്നും 60 ഐ.ആർ.ബി സ്കോർപ്പിയോൺ കമ്മാന്റോകളെയാണ് അന്ന് നിയോഗിച്ചത്. കൂടാതെ തോക്കേന്തിയ 15 കമ്മാന്റോകളും സുരക്ഷ കവചം ഒരുക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിൽ ചാടി വീഴുക, കല്ലെറിയുക, വിമാന യാത്രയിൽ പോലും ആക്രമിക്കാൻ ശ്രമിക്കുക ഇതൊക്കെയാണ് പ്രതിപക്ഷ യുവജന സംഘടനകൾ കുറേ ആയി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണാൽ, വേഗതയിൽ വരുന്ന വാഹനം ഇടിച്ചു തെറിപ്പിച്ചാൽ അപകട സാധ്യത കൂടുതലാണ്. അങ്ങനെ വാഹനത്തിന് മുന്നിൽ ചാടി വീഴുന്നത് മനപൂർവം അപകടം സൃഷ്ടിച്ച് രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടാണ് വാഹനത്തിന് നേരെ ചാടി വീഴാൻ ശ്രമിക്കുന്നവരെ പൊലീസ് തടയുന്നത്.
കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും വി.വി.ഐ.പി പരിപാടികളിൽ പൊലീസ് നിരോധിക്കുന്നതിന് "ബ്ലൂ ബുക്കി"ലെ നിർദേശങ്ങളാണ് ആധാരം. പ്രധാനമന്ത്രിയുടെ പരിപാടികളിൽ കറുത്ത തുണികൾക്കും മറ്റുമുള്ള വിലക്കിന്റെ അതേ കാരണമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിലും ഉള്ളത്. സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചുവെന്ന് പറഞ്ഞാൽ അർഥമാക്കുന്നത്. "ബ്ലൂ ബുക്കി"ൽ പറഞ്ഞിട്ടുള്ള ചില നിർദേശങ്ങൾ കൂടി നടപ്പാക്കി സുരക്ഷ ഉയർത്തുന്നുവെന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.